കൊച്ചി ∙ ഡേവിഡ് ജയിംസിനു നേരിടേണ്ടിവന്ന ഏറ്റവും ഗുരുതര ആരോപണങ്ങൾ 2. ശരിയായ ടീം ലൈനപ്പ് കണ്ടെത്താനാകുന്നില്ല. ഫലപ്രദമാകാത്ത ലോങ് ബോൾ ശൈലി ആവർത്തിക്കുന്നു.
ഓരോ മാച്ചിലും ലൈനപ്പിൽ എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ എന്നത് ഐഎസ്എൽ ടീമുകളെല്ലാം ചെയ്യുന്നതാണ്. പക്ഷേ പ്രതിരോധം, മധ്യനിര, ആക്രമണം എന്നീ മൂന്നിലും എന്നും ‘എൻജിൻ പണി’ നടത്തിയ ടീം ബ്ലാസ്റ്റേഴ്സ് മാത്രം. ഏറ്റവുമൊടുവിൽ മുംബൈയ്ക്കെതിരെ 12–ാം മാച്ചിന് ഇറങ്ങിയപ്പോൾ മാത്രം തുടക്ക ലൈനപ്പിൽ ഒരൊറ്റ മാറ്റം, 11–ാം മാച്ചുമായി താരതമ്യം ചെയ്യുമ്പോൾ. ആ മാറ്റം ഗുണം ചെയ്തതുമില്ല.
മാറ്റങ്ങൾ കളിക്കാരിലും ആരാധകരിലും വിപരീതഫലങ്ങളാണ് ഉണ്ടാക്കിയത്. ആദ്യമാച്ചിലെ ഒത്തിണക്കം 5, 6 മൽസരങ്ങളോടെ നഷ്ടമായി. ആരാധകർ കൈവിടാനും തുടങ്ങി. ദൗർബല്യങ്ങൾ പുറത്തായി. കരുത്ത് എന്നു കരുതപ്പെട്ടവ അങ്ങനെ അല്ലാതായി. ഉദാഹരണം: ജിങ്കാൻ, അനസ്, പെസിച് പ്രതിരോധസഖ്യം. സിറിൽകാലി–ലാൽറുവാത്താര–റാകിപ് എന്നീ പകരംവയ്ക്കലുകളും വേരുപിടിച്ചില്ല. ഒരേ സമയം 5 വിദേശികളെ ഇറക്കാമെന്നിരിക്കെ പല മാച്ചിലും 3 വിദേശികളെയാണ് ഇറക്കിയത്.
ഡേവിഡ് ജയിംസിന് വേണമെങ്കിൽ പറഞ്ഞുനിൽക്കാനൊരു വാദമുണ്ട്: 4 സീസണിലും ബ്ലാസ്റ്റേഴ്സ് ലൈനപ്പ് ‘പണിതീരാത്ത വീട്’ തന്നെയായിരുന്നു. രണ്ടു തവണത്തെ ഫൈനൽ പ്രവേശനത്തിലും പണി തീരാത്തതുതന്നെയായിരുന്നു ലൈനപ്പ്. ലോങ്ബോൾ ശൈലി ഏറെക്കുറെ ഉപേക്ഷിച്ചതാണ് എഫ്സി പുണെ സിറ്റിക്കും മുംബൈ സിറ്റിക്കുമെതിരെ. രണ്ടും തോറ്റു.