കൊച്ചി∙ ഏഷ്യൻ കപ്പ് ഫുട്ബോളിനായി നിർത്തിവച്ചിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മൽസരങ്ങൾ ഈ മാസം 25ന് പുനഃരാരംഭിക്കും. ഏഷ്യൻ കപ്പിന്റെ യോഗ്യതാ റൗണ്ടിൽത്തന്നെ ഇന്ത്യ പുറത്തായ സാഹചര്യത്തിലാണ് ഐഎസ്എൽ മൽസരങ്ങൾ ഉടൻ ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിലെ ആദ്യ മൽസരത്തിൽ കൊച്ചിയിൽ കേരളാ ബ്ലാസ്റ്റേഴ്സും എടികെയും ഏറ്റുമുട്ടും. സീസണിനു തുടക്കം കുറിച്ചതും ഇരു ടീമുകളും തമ്മിൽ കൊൽക്കത്തയിൽ നടന്ന മൽസരത്തോടെയായിരുന്നു. മാർച്ച് മൂന്നിന് എടികെയും ഡൽഹി ഡൈനാമോസും തമ്മിൽ നടക്കുന്ന മൽസരത്തോടെ ലീഗ് മൽസരങ്ങൾ അവസാനിക്കും വിധമാണ് ക്രമീകരണം.
പരിശീലകൻ ഡേവിഡ് ജയിംസ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷമുള്ള ആദ്യ മൽസരമാണ് 25നു കൊച്ചിയിൽ നടക്കുക. ടീമിലെ ചില പ്രമുഖ താരങ്ങളും മറ്റു ടീമുകളിലേക്കു ചേക്കേറിയേക്കുമെന്ന് ശ്രുതിയുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഈ മാസം 31ന് ട്രാൻസ്ഫർ ജാലകം അടയ്ക്കുന്നതോടെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ ചിത്രം തെളിയൂ.
11 മൽസരങ്ങളിൽനിന്ന് 27 പോയിന്റുമായി ബെംഗളൂരു എഫ്സിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 12 മൽസരങ്ങളിൽനിന്ന് 24 പോയിന്റുമായി മുംബൈ രണ്ടാമതും 20 പോയിന്റുവീതമുള്ള എഫ്സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകൾ മൂന്നും നാലും സ്ഥാനത്തുമാണ്. 12 മൽസരങ്ങളിൽനിന്ന് ഒൻപതു പോയിന്റു മാത്രമുള്ള കേരളാ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന മൽസരങ്ങളുടെ ഷെഡ്യൂൾ
ജനുവരി 25: ബ്ലാസ്റ്റേഴ്സ് - എടികെ (കൊച്ചി)
ജനുവരി 31: ബ്ലാസ്റ്റേഴ്സ് – ഡൽഹി ഡൈനാമോസ് (ഡൽഹി)
ഫെബ്രുവരി 06: ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി (ബെംഗളൂരു)
ഫെബ്രുവരി 15: ബ്ലാസ്റ്റേഴ്സ് – ചെന്നൈയിൻ എഫ്സി (കൊച്ചി)
മാർച്ച് 1: ബ്ലാസ്റ്റേഴ്സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (കൊച്ചി)