Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ കളിക്കാർക്കു ശേഷം ഇന്ത്യക്കാരെ കുത്തിനിറയ്ക്കുന്നതല്ല എന്റെ രീതി: ഡേവിഡ് ജയിംസ്

David James ഡേവിഡ് ജയിംസ്

ഐഎസ്എൽ അഞ്ചാം സീസൺ ഉദ്ഘാടന മൽസരത്തിലെ വിജയത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉണർന്നു. അതിനേക്കാളേറെയാണു ടീമിലുണ്ടായ ആത്മവിശ്വാസം. എന്തുകൊണ്ടു നാലു വിദേശതാരങ്ങളെ ആദ്യ പതിനൊന്നിൽ വിന്യസിച്ചു, അഞ്ചുപേരെ ഇറക്കാമെന്നുള്ളപ്പോൾ?

കോച്ച് ഡേവിഡ് ജയിംസ് പറയുന്നു: ‘‘ആവുന്നത്ര വിദേശ കളിക്കാരെ നിരത്തുക, ബാക്കി സ്ഥാനങ്ങൾ ഇന്ത്യക്കാരെക്കൊണ്ടു നിറയ്ക്കുക എന്നതാണ് ഇന്ത്യൻ ഫുട്ബോളിലെ രീതി. അതു മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യക്കാരെന്നോ വിദേശികളെന്നോ നോക്കേണ്ടതില്ല. ഓരോ മൽസരവും ജയിപ്പിക്കാൻ കഴിവുള്ളവരെ നിയോഗിക്കുക. ഫലം കിട്ടും.’’ 

എന്തായിരുന്നു കളിയിലെ ‘ടേണിങ് പോയിന്റ്’ ? 

സി.കെ. വിനീതിന്റെ വരവ്. ആദ്യപകുതിയിൽ ടീം സമ്പൂർണ ആധിപത്യം പുലർത്തി. പക്ഷേ ചില നേരങ്ങളിൽ ഞാൻ അസ്വസ്ഥനായിരുന്നു. ഇടവേളയിൽ ഇക്കാര്യം കളിക്കാരോടു സംസാരിക്കുകയും ചെയ്തു. സി.കെ യുടെ വരവ് കളിയിൽ മാറ്റമുണ്ടാക്കി. നല്ല സംഭാവനകളാണു വിനീത് കളിക്കളത്തിൽ നൽകിയത്. 

അസ്വസ്ഥതയ്ക്കുകാരണം?

vineeth വിനീത് മൽസരത്തിനിടെ.

കളിയിലെ ആധിപത്യം ഗോളിലേക്ക് എത്തുന്നില്ലായിരുന്നു. കളിക്കളത്തിൽ ആധിപത്യം സ്ഥാപിക്കുക എന്നതു മാത്രമല്ല കാര്യം. ആദ്യപകുതിയിൽ നേരത്തേ ആസൂത്രണം ചെയ്ത രീതിയിൽ ആയിരുന്നില്ല കളി നീങ്ങിയത്. അതും അസ്വസ്ഥതയുണ്ടാക്കി. രണ്ടാം പകുതി മെച്ചമായിരുന്നു എന്നു ഞാൻ പറയും. 

ലാൻസറോട്ടിയെ പൂട്ടിയതെങ്ങനെ? 

അതിനൊരു പദ്ധതി ഉണ്ടായിരുന്നു. കുറേ ദിവസങ്ങളായി ലാൻസയുടെ കളിയുടെ വിഡിയോ കാണുന്നു. അങ്ങനെ ഉണ്ടാക്കിയ പദ്ധതിയാണ്. 

ഓൾറൗണ്ട് മികവിൽ ബ്ലാസ്റ്റേഴ്സ് ജയം

എടികെയ്ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിൽ എത്തിച്ചത് ഓൾറൗണ്ട് ടീം മികവ്. കൗമാരക്കാരൻ ഗോളി ധീരജ് മുതൽ സ്ട്രൈക്കർമാർവരെ കാര്യമായി പണിയെടുത്തു. പ്രത്യേകിച്ചു വിങ്ബാക്കുകൾ.

പാർശ്വങ്ങളിലൂടെ വിങ് ബാക്കുകളായ ലാൽറുവാത്താരയും മുഹമ്മദ് റാകിപും ആക്രമിച്ചു കയറിയപ്പോൾ ബ്ലാസ്റ്റേഴ്സിന് അധിക ആക്രമണശേഷി കൈവന്നു, മധ്യനിരയിൽ ദുംഗലും നർസാരിയും കയറിക്കളിച്ചപ്പോൾ നാലുപേരടങ്ങിയ സേനയുടെ മുഖവും മൂർച്ചയുമുണ്ടായി. ആദ്യപകുതിയിൽ മലയാളിതാരം സഹൽ അബ്ദുൽ സമദും രണ്ടാം പകുതിയിൽ പെക്കുസനും ഇതിന്റെ ഭാഗമായി. മുന്നിലുള്ള മതേയ് പൊപ്ലാട്നിക്കും സ്റ്റൊയനോവിച്ചും പിന്നിലേക്കിറങ്ങി ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും മടിച്ചില്ല.

സെർബിയക്കാരൻ നിക്കോള കിർച്‌മാരെവിച് എന്ന മിഡ്ഫീൽഡർ റുവാത്താരയും റാകിപ്പും ആക്രമിച്ചു കയറുമ്പോൾ പ്രതിരോധക്കാരെ സഹായിക്കാൻ പിന്നോട്ട് ഇറങ്ങുന്നതും ആവശ്യമുള്ളപ്പോൾ ആക്രമിക്കുന്നതും ടീമിനു മുതൽക്കൂട്ടാണ്. നിക്കോളയുടെ സാന്നിധ്യം നായകൻ ജിങ്കാനും പെസിച്ചിനും ആത്മവിശ്വാസവും പകരുന്നു. 

∙ ‘‘ഈ വിജയം പ്രളയത്തിന് ഇരയായ കേരളത്തിനു സമർപ്പിക്കുന്നു. ഈ വിജയം മാത്രമല്ല, ഈ സീസൺ മുഴുവൻ അവർക്കു സമർപ്പിക്കണം എന്നാണ് ആഗ്രഹം. പ്രളയത്തിൽനിന്നു പൊരുതിക്കയറിയ കേരള സമൂഹം ടീമിനു പ്രചോദനമാണ്.’’ - ഡേവിഡ് ജയിംസ് (ബ്ലാസ്റ്റേഴ്സ് കോച്ച്)

related stories