കൊച്ചി ∙ പേര് ഇന്ത്യൻ സൂപ്പർ ലീഗ്! പക്ഷേ, കളത്തിൽ സൂപ്പർ പദവി വിദേശ താരങ്ങൾക്ക്. ആദ്യ 11 ൽ പരമാവധി 5 വിദേശ കളിക്കാരെ ഇറക്കാമെന്ന വ്യവസ്ഥ അതേപടി പാലിക്കാനാണു ടീമുകളെല്ലാം താൽപര്യം കാട്ടിയിരുന്നത്. വിദേശ കളിക്കാരുടെ എണ്ണം 5 ൽ കുറഞ്ഞാൽ 4. അതിനു താഴേക്കൊരു ചിന്തയില്ലായിരുന്നു ടീമുകൾക്ക്. ആ ചരിത്രം ബ്ലാസ്റ്റേഴ്സ് തിരുത്തുകയാണ്. തുടർച്ചയായ മൂന്നാം മൽസരത്തിലും കൊമ്പൻമാരുടെ ആദ്യ 11ൽ മൂന്നു വിദേശ താരങ്ങൾ മാത്രം!
കഴിഞ്ഞ 2 മൽസരങ്ങളിലും മുൻനിരയിൽ കളിച്ച മത്തേയ് പൊപ്ലാട്നിക്കിനു പകരം മലയാളി താരം സി.കെ.വിനീതിനാണു കോച്ച് ഡേവിഡ് ജയിംസ് അവസരം നൽകിയത്. ആ തീരുമാനം പിഴച്ചുമില്ല. ബ്ലാസ്റ്റേഴ്സിനു ലീഡു നൽകിയ വിനീത് തന്നെ കളിയിലെ താരവും.
രണ്ടാം പകുതിയിൽ ഇന്ത്യൻ താരം നർസാരിയെ പിൻവലിച്ചു പൊപ്ലാട്നിക്കിനെ കളത്തിലിറക്കിയതോടെ വിദേശ താരങ്ങളുടെ എണ്ണം 4 ആയി. 69 -ാം മിനിറ്റിൽ സഹലിനെ പിൻവലിച്ചപ്പോൾ കളത്തിലിറക്കിയതു മറ്റൊരു മലയാളി താരമായ പ്രശാന്തിനെ. 79-ാം മിനിറ്റിൽ ദുംഗലിനു പകരം കിസിത്തോ കെസിറോൺ എത്തിയതോടെ വിദേശ താരങ്ങളുടെ എണ്ണം 5 ആയി. ബ്ലാസ്റ്റേഴ്സിനെ ആദ്യ ഇലവനിലെങ്കിലും ‘കട്ട ലോക്കൽ’ ആക്കാനുള്ള കോച്ച് ഡേവിഡ് ജയിംസിന്റെ തീരുമാനം മറ്റു ടീമുകളുടെ പരിശീലകരെയും സ്വാധീനിച്ചേക്കാം.