മഞ്ഞക്കൂടാരം ഒരുക്കി ആയിരങ്ങൾ; എന്നിട്ടും കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനു സംഭവിക്കുന്നതെന്ത്?

കൊച്ചി ∙ സമനിലകളുടെ ‘നിയന്ത്രണരേഖ’ കടന്നുകയറി ബെംഗളൂരു എഫ്സി നടത്തിയ മിന്നൽ പ്രഹരത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മൽസരങ്ങളിലെ പ്രകടനം വീണ്ടും ചോദ്യചിഹ്നമാകുകയാണ്. മഞ്ഞക്കൂടാരം ഒരുക്കുന്ന ആരാധകരുടെ നിറഞ്ഞ പിന്തുണയുണ്ടായിട്ടും ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ കളി മറക്കുന്നു. കൊൽക്കത്തയ്ക്കെതിരെ അവരുടെ മണ്ണിൽ ചെന്നു വിജയത്തോടെ തുടങ്ങിയ അഞ്ചാമൂഴത്തിനു കൊച്ചിയിലെ മൽസരങ്ങളിലൂടെ നിറംകെട്ടിരിക്കുകയാണു ബ്ലാസ്റ്റേഴ്സ്.

കൊച്ചിയിൽ ഈ സീസണിൽ ഇതേവരെ ബ്ലാസ്റ്റേഴ്സ് കളിച്ചതു മൂന്നു മൽസരങ്ങൾ. ഒരു വട്ടം പോലും വിജയം ആതിഥേയരുടെ വഴിക്കു വന്നില്ല. എടികെക്കെതിരെ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയെത്തിയ ടീം ലീഗിലെ ഏറ്റവും ദുർബലരെന്നു തോന്നിപ്പിച്ച ഡൽഹി ഡൈനാമോസിനും മുംബൈ സിറ്റിക്കുമെതിരെ ജയിക്കേണ്ട മൽസരങ്ങളിലാണു സമനില കൊണ്ടു തൃപ്തിപ്പെട്ടത്. ലീഗിൽ തുടക്കത്തിൽത്തന്നെ താളം കണ്ടെത്താനായിട്ടും സ്വന്തം മൈതാനത്തു ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് അതു മുതലാക്കാനായില്ല.

ഈ സീസണിലെ മൽസരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല ബ്ലാസ്റ്റേഴ്സിന്റെ ‘ഹോം വീക്ക്നെസ്’. സൂപ്പർ ലീഗിലെ ഏതൊരു ടീമിനെയും കൊതിപ്പിക്കുന്ന ആരാധക പിന്തുണയുടെ അകമ്പടിയോടെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ കളിച്ച കഴിഞ്ഞ 12 മൽസരങ്ങളിൽ വിജയത്തോടെ മടങ്ങിയതു രണ്ടേ രണ്ടു മൽസരങ്ങളിൽ മാത്രം. നാലാം സീസണിലെ ഏറ്റവും ദുർബല ടീമുകളായ നോർത്ത് ഈസ്റ്റിനും ഡൽഹിക്കും എതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിണ്ണമിടുക്ക്. ജയത്തിനും തോൽവിക്കും ഇടയിൽ ഏഴു മൽസരങ്ങൾ കൈവിട്ട ആതിഥേയർ മൂന്നു കളികളിൽ പരാജയവും അറിഞ്ഞു.

ഗാലറിയിലെ ആവേശം ഗോൾ സ്കോറിങ്ങിലും ടീമിനെ കാര്യമായി തുണയ്ക്കുന്നില്ലെന്നു തെളിയിക്കുന്നതാണു കണക്കുകൾ. നാട്ടിൽ കളിച്ച കഴിഞ്ഞ12 കളികളിൽ ഒന്നിലധികം ഗോൾ കുറിക്കാനായത് ഒരേയൊരു മൽസരത്തിൽ മാത്രം. 12 കളികളിൽ നിന്നു ഒൻപതു ഗോളുകളാണ് ടീമിന്റെ സംഭാവന.