കൊച്ചി∙ ‘അവസരങ്ങൾ നഷ്ടമാക്കുന്നതിനെക്കുറിച്ച് എന്തു പറയാനാണ്. ഈ ദിവസങ്ങളിൽ ഒന്നും അങ്ങു ശരിയാകുന്നില്ല’ – പറയുന്നത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി.കെ. വിനീത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ തുടർച്ചയായ രണ്ടാം മൽസരവും തോറ്റ ശേഷം സംസാരിക്കുമ്പോഴാണ് വിനീത് തന്റെ നിർഭാഗ്യത്തെക്കുറിച്ച് മനസ്സു തുറന്നത്. എഫ്സി ഗോവയ്ക്കെതിരായ മൽസരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ വിനീത് ഒരുപിടി അവസരങ്ങൾ പാഴാക്കിയിരുന്നു.
‘തുടർച്ചയായ രണ്ടാം മൽസരമാണ് ഞങ്ങൾ ഇവിടെ തോൽക്കുന്നത്. ഇനി കൂടുതൽ പോയിന്റ് നേടിയേ മതിയാകൂ. നിലവിൽ കുറച്ചു പോയിന്റുമായി പട്ടികയിൽ താഴേത്തട്ടിലാണ് ഞങ്ങൾ’ – വിനീത് ചൂണ്ടിക്കാട്ടി.
ആദ്യപകുതിയിൽ മികച്ച കളി കെട്ടഴിക്കാൻ ഗോവയെ സഹായിച്ചത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ കളിയിലെ ചില പിഴവുകളാണെന്നും വിനീത് ചൂണ്ടിക്കാട്ടി.
‘മധ്യനിരയിൽ പന്തു കൈവശം കളിക്കാൻ ഞങ്ങൾക്കായില്ല. ആദ്യപകുതിയിൽ രണ്ട് അനാവശ്യ ഗോളുകൾ വഴങ്ങുകയും ചെയ്തു. ആദ്യപകുതിയിൽ ഗോവയ്ക്കു മേൽ സമ്മർദ്ദം ചെലുത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അങ്ങോട്ടു കയറി ആക്രമിക്കുന്നതിനു പകരം ഗോവൻ താരങ്ങൾ സ്വന്തം പകുതിയിലേക്കു വരാൻ കാത്തുനിൽക്കുകയായിരുന്നു ഞങ്ങൾ. ഈ അവസരം മുതലെടുത്ത് അവർ പന്തിൽ നിയന്ത്രണം സ്ഥാപിച്ചു. എപ്പോഴും 10–15 പാസുകൾ കളിക്കാൻ അവർക്ക് സമയവും ആവശ്യത്തിന് ഇടവും ലഭിച്ചു. അഹമ്മദ് ജാഹൂ, എഡു ബേഡിയ തുടങ്ങിയവരെല്ലാം കളം നിറഞ്ഞു കളിച്ചു. ആദ്യപകുതിയിൽ എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നതിൽ സംഭവിച്ച പിഴവ് രണ്ടാം പകുതിയിൽ തിരുത്തിയാണ് മുന്നോട്ടു പോയത്’ – വിനീത് പറഞ്ഞു.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെയും വിനീത് പുകഴ്ത്തി. ‘ഞാൻ എപ്പോഴും പറയാറുള്ളതാണ്, ഇവിടുത്തെ ആരാധകർ നൽകുന്ന പിന്തുണ വിലമതിക്കാനാകാത്തതാണ്. അവർക്കു മുന്നിൽ കളിക്കുന്ന അനുഭവം തീർത്തും വ്യത്യസ്തമാണ്. ഈ കാണികൾക്കു മുന്നിൽ കളിക്കാൻ എല്ലാവർക്കും ആവേശമാണ്. എല്ലാവരും ഇന്ത്യയിലേക്ക് ഐഎസ്എൽ ലക്ഷ്യമിട്ടു വരുന്നത് ഈ കാണികള്‍ക്കു മുന്നിൽ കളിക്കുന്ന അനുഭവത്തിനു കൂടി വേണ്ടിയാണ്’ – വിനീത് പറഞ്ഞു.