Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ബഹിഷ്കരണം: കളിയാണ്, കൈവിട്ടാൽ കാര്യമാകും

blasters കേരള ബ്ലാസ്റ്റേഴ്സ്–ജംഷഡ്പൂർ കളിക്കിടെ തിരക്കൊഴിഞ്ഞ ഗാലറി ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

കൊച്ചി ∙ കേരളത്തിൽ യഥാർഥ ഫുട്ബോൾ പ്രേമം ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നോ? അതെ എന്നുവേണം സംശയിക്കാൻ. എനിക്കും നമുക്കും ഇഷ്ടമില്ലാത്തവൻ ജയിക്കുന്നതു സഹിക്കാൻവയ്യ എന്നതായിരുന്നു 1936ലെ ബർലിൻ ഒളിംപിക്സി‍ൽ ഹിറ്റ്ലറുടെ മനോഭാവമെങ്കിൽ നമ്മുടെ ടീമിനു വിജയിക്കാനാവാത്തതു സഹിക്കാൻ വയ്യേ എന്നതാണു പുതിയ കാലത്തെ പ്രശ്നം. 

കഴിഞ്ഞദിവസം കലൂർ സ്റ്റേഡിയത്തിലെ ഐഎസ്എൽ മാച്ചിൽനിന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദമായ മഞ്ഞപ്പട വിട്ടുനിന്നതിനു പലകാരണങ്ങൾ കേൾക്കുന്നു. അവ എന്തുതന്നെയായാലും കണ്ടില്ലെന്നു നടിക്കാനാവാത്ത ചില നിരീക്ഷണങ്ങളുണ്ട്:

∙കലൂർ സ്റ്റേഡിയത്തി‍ൽ കളി കാണാനെത്തുന്നവരിൽ ഒരു വിഭാഗം ആഘോഷമുഹൂർത്തങ്ങളാണ് ആവശ്യപ്പെടുന്നത്. മലയാളിയായ ഒരു മുൻ രാജ്യാന്തര താരത്തോട് ഈയിടെ കൊച്ചുമകൾ ചോദിച്ചു: ‘‘ടിവിയിൽ യൂറോപ്യൻ ലീഗ് കാണുമ്പോൾ അവിടത്തെ കാണികൾ കുറച്ചുകൂടി സീരിയസ് ആണെന്നു തോന്നുന്നു, ഇവിടെ പല കാണികളും കളി സൂക്ഷ്മമായി നിരീക്ഷിക്കുന്നില്ലല്ലോ?’’

∙ഓരോ കളിയും ജയിക്കണം എന്നുതന്നെയാണ് ആരാധകരുടെ ആഗ്രഹം. കളിക്കാർക്ക് ആഗ്രഹമില്ലെന്നു ചിലരെങ്കിലും കരുതുന്നു. 

∙ജയിക്കരുതെന്നു കരുതിക്കൂട്ടി  ഇറങ്ങാറില്ലെന്നു കളിക്കാർ. സമനിലയായാൽ, തോറ്റാൽ തങ്ങളുടെ കുടുംബക്കാരെക്കൂടി ചീത്തപറയുന്നതു നല്ലതിനല്ല എന്നും അവർ.

∙കളിക്കളത്തിൽ ഒരു ടീമിനേ ജയിക്കാനാവൂ. രണ്ടു ടീമിനും ഒരുമിച്ചു കൈവരിക്കാവുന്നതു സമനിലമാത്രം.

∙അതതു ദിവസം മികച്ച ടീം ജയിക്കും, കടുത്ത കളിയി‍ൽ, ഭാഗ്യമില്ലെങ്കിൽ മികച്ച ടീം ജയിക്കണമെന്നില്ല.

∙ജീവിതത്തിൽ എന്നപോലെ കളിക്കളത്തിലും തെറ്റുചെയ്യാതെതന്നെ ദുരനുഭവങ്ങൾക്ക് ഇരയാകാം.

യൂറോപ്പിലും ലാറ്റിനമേരിക്കയിലുമെന്നല്ല കൊൽക്കത്തയിൽപ്പോലും ക്ലബുകളുടെ  വളർച്ച പ്രാദേശിക സമൂഹങ്ങളുടെ ചോരയും നീരുമാണ്. 

അവിടെയൊക്കെ വിരലിൽ എണ്ണാവുന്ന നിക്ഷേപകരുടെ പേരിലാണു നിയമപരമായ ഉടമസ്ഥാവകാശമെങ്കിലും ധാർമികമായ ഉടമസ്ഥത പ്രാദേശിക സമൂഹത്തിനുതന്നെയാണ്. കാരണം, കളി നിലനിർത്തുന്നത് അവരാണ്. 

കാൽപന്തുകളിയുടെ ഭാവി രൂപപ്പെടുത്തുന്നതും ജീവനേകുന്നതും അവർതന്നെയാണെന്നു തുറന്നു സമ്മതിച്ചിട്ടുള്ളതു മറ്റാരുമല്ല, യൂറോപ്പിലെ ഫുട്ബോൾ ഭരണക്കാരായ യുവേഫയാണ്. 

കാണികൾ കളത്തിനരുകിൽനിന്നു മാറി നിൽക്കുന്നതു കളിക്കു ഗുണം ചെയ്യില്ല. ജീവശ്വാസം തടയുന്നതിനു തുല്യമാണത്. ‘ഞങ്ങൾ ബ്ലാസ്റ്റേഴ്സ് ഫാൻസ്. ഇന്ത്യയിലെ ഏറ്റവും നല്ല ഫാൻസ്. ഏറ്റവും നല്ല ഫാൻസ് ആകുന്ന ഞങ്ങളുടെ ടീം ലീഗിലെ ഏറ്റവും നല്ല ടീമാകണം.’– ആഗ്രഹം നല്ലത്.

 പക്ഷേ യാഥാർഥ്യം തിരിച്ചറിയുക. ഈ ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച പ്രകടനമാണു പല ടീമുകളും നടത്തുന്നത്. ഞങ്ങൾ ഏറ്റവും നല്ല ഫാൻസ് ആയ സ്ഥിതിക്ക് തോൽക്കുന്ന, അഥവാ ജയിക്കാത്ത ടീമിനെ ഞങ്ങൾക്കുവേണ്ട എന്ന മനോഭാവം ഫുട്ബോളിനു നല്ലതോ? എഫ്സി കൊച്ചിൻ ടീമിന്റെ കഥ മലയാളികൾ മറന്നോ? തകർന്നുപോയ ആ സ്വപ്നത്തിന്റെ കഥ? അത്രേയുള്ളൂ ഇന്ത്യയിൽ ഫുട്ബോളിന്റെ കഥ. മാറിനിൽക്കാൻ ഏറെ എളുപ്പം. കെട്ടിപ്പടുക്കാനാണു ബുദ്ധിമുട്ട്.

പൊരുത്തക്കേടുകൾ

∙ക്ലബുകളിൽ നിക്ഷേപകരുടേതു ദീർഘകാല പദ്ധതികളാവാം. ആരാധകരുടേത് നടപ്പുസീസണിലെ മാത്രം ആഗ്രഹങ്ങളും.

∙പിന്തുണക്കാരുടെ ധാർമിക ഉടമസ്ഥാവകാശവും നിക്ഷേപകരുടെ അവകാശവും ചേർന്നുപോകാൻ തടസ്സങ്ങളുണ്ടാകാം.

∙ക്ലബിന്റെ പ്രവർത്തനയന്ത്രം ആരാധകർക്കു പരിചിതമാവണം എന്നില്ല.

∙‘രഹസ്യം’ ആയി ക്ലബ് സൂക്ഷിക്കുന്ന വിവരങ്ങൾ ഒരിക്കലും ആരാധകർക്കുമുൻപാകെ വെളിപ്പെടുത്താറില്ല.

∙ക്ലബ് രൂപംകൊടുക്കുന്ന ആരാധകപ്രവർത്തനങ്ങൾ താഴേത്തട്ടിനെ പ്രതിഫലിപ്പിക്കണമെന്നില്ല.

∙ആരാധകരുടെ ആവശ്യങ്ങൾ നിക്ഷേപകർക്ക് അനാവശ്യമായി തോന്നാം.

മനശാസ്ത്രജ്ഞരുടെ നിരീക്ഷണം

‘‘ഊതിപ്പെരുപ്പിച്ച ആഗ്രഹങ്ങൾ സ്പോർട്സിൽ യാഥാർഥ്യമാകണമെന്നില്ല. ആഗ്രഹങ്ങൾക്ക് ന്യായമായ അടിസ്ഥാനം വേണം. അതില്ലാതെ കെട്ടിപ്പൊക്കുന്ന ആഗ്രഹങ്ങൾ തകരുമ്പോൾ ആരെയും പഴിച്ചിട്ടു കാര്യമില്ല. ജയവും പരാജയവും തുല്യമനോഭാവത്തോടെ കാണണമെന്നതാണു കായികവേദിയുടെ അടിസ്ഥാനതത്വം. അതു മറക്കുന്ന ഫാൻസ് കളിയെ സ്നേഹിക്കുകയല്ല, കൊല്ലുകയാണു ചെയ്യുന്നത്.’’