തിരുവനന്തപുരത്തെ ക്രിക്കറ്റ് ഓർമകളിൽ ആദ്യം പറന്നെത്തുക യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ ഗാലറികൾക്കു മുകളിലൂടെ, റോഡിന് അപ്പുറത്തെ മാസ്ക്കറ്റ് ഹോട്ടലിലേക്കു പറന്നുപോയൊരു പന്താണ്. 1965ൽ ഗാരി സോബേഴ്സിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പര്യടനത്തിനെത്തിയ വെസ്റ്റ് ഇൻഡീസ് ടീമും ദക്ഷിണേന്ത്യൻ ടീമും തമ്മിൽ നടന്ന പ്രദർശന മൽസരമായിരുന്നു അത്. സോബേഴ്സ് ഇവിടെ കളിച്ചില്ല.
രണ്ടാമത്തെ പന്തിൽ ഓപ്പണിങ് ബാറ്റ്സ്മാൻ കൊണാഡ് ഹണ്ടാണ് അമാനുഷിക കരുത്തോടെ ബോൾ ഗ്രൗണ്ടിനു പുറത്തേക്കു പായിച്ചത്. കുറേനേരം തിരഞ്ഞശേഷവും പന്തു കിട്ടാതെവന്നതോടെ വേറെ പന്തെടുത്തു കളി തുടരുകയായിരുന്നു. എസ്.വെങ്കിട്ടരാഘവന്റെ നേതൃത്വത്തിലുള്ള ദക്ഷിണേന്ത്യൻ ടീമിനെ ശക്തരായ വിൻഡീസ് അന്ന് അനായായം തോൽപിച്ചു. ആറാം ക്ലാസ് വിദ്യാർഥിയായ ഞാനന്ന് കൂട്ടുകാർക്കൊപ്പമാണു കളി കാണാൻ പോയത്. ഒരുരൂപയായിരുന്നു ടിക്കറ്റ് ചാർജ്. അതേ സ്റ്റേഡിയത്തിൽ വെങ്കിട്ടരാഘവൻതന്നെ നയിച്ച തമിഴ്നാടും മദൻമോഹന്റെ കേരളവും തമ്മിലുള്ള മൽസരമാണു പിന്നീടു കണ്ടത്.
മൺസൂണാണു കേരളത്തിലെ ക്രിക്കറ്റിനെ പ്രതികൂലമായി ബാധിച്ച ഒരു കാര്യം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽത്തന്നെ 1984ൽ നടന്ന ആദ്യ രാജ്യാന്തര മൽസരമായ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം മൽസരം തീരും മുൻപേ മഴയിൽ ഒലിച്ചുപോയി. നാലു വർഷത്തിനുശേഷം ഇന്ത്യ-വിൻഡീസ് മൽസരമാണ് ആദ്യമായും അവസാനമായും തിരുവനന്തപുരം കണ്ട മുഴുനീള രാജ്യാന്തര ക്രിക്കറ്റ് പോരാട്ടം. തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് ലഹരിയും ഇവിടത്തെ മൽസരങ്ങളും ക്രമേണ ഇല്ലാതാവുകയായിരുന്നു.
ഈ കളികളെല്ലാം നടന്നതു മാറ്റ് പിച്ചുകളിലായിരുന്നു. കയർപായ ആണികൊണ്ട് അടിച്ചുറപ്പിച്ച പിച്ച്. ഇന്നു സങ്കൽപിക്കാനാവില്ല അത്. കളിനടക്കുമ്പോൾ സജ്ജമാക്കുന്ന മാറ്റ് പിച്ചിനപ്പുറം ഒരു ടർഫ് വിക്കറ്റ് ഇല്ലാതെപോയതാണു കേരളത്തിന്റെ ക്രിക്കറ്റ് വളർച്ചയെ തളർത്തിയ മുഖ്യഘടകം. പിന്നീട് അതിനൊരു മാറ്റം സംഭവിച്ചതിനും നല്ല കളിക്കളങ്ങളുണ്ടായി കേരളത്തിൽ ക്രിക്കറ്റ് ജനകീയമായതിനും നന്ദി പറയേണ്ടതു കേരള ക്രിക്കറ്റ് അസോസിയേഷനോടാണ്. കൊച്ചിയിൽ ജിസിഡിഎ രാജ്യാന്തരനിലവാരമുള്ള സ്റ്റേഡിയം പണിതതോടെ ക്രിക്കറ്റിന്റെ കേന്ദ്രം അവിടമായി. യൂണിവേഴ്സിറ്റി സ്റ്റേഡിയം ക്രമേണ അത്‌ലറ്റിക് സ്റ്റേഡിയമായി. നല്ലൊരു പിച്ചും ഗ്രൗണ്ടും ഇല്ലാത്ത തിരുവനന്തപുരത്തിനു ക്രിക്കറ്റ് അന്യവുമായി.
ആ അവസ്ഥയ്ക്കാണു രാജകീയമായൊരു മാറ്റം സംഭവിക്കുന്നത്. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം ഇന്ത്യയിലെതന്നെ ഏറ്റവും അത്യാധുനികവും മികച്ചതുമായ സ്റ്റേഡിയമാണ്. ഇന്നു മൂന്നു പതിറ്റാണ്ടിനുശേഷം തിരുവനന്തപുരത്തെത്തുന്ന രാജ്യാന്തര ക്രിക്കറ്റ് മൽസരം ഇവിടെ അരങ്ങേറുമ്പോൾ ഈ നാടിന്റെ ക്രിക്കറ്റ് പാരമ്പര്യം പുനരുജീവിക്കുന്നു. ഇതൊരു വഴിത്തിരിവാകും. ഏതാനും വർഷങ്ങൾക്കുള്ളിൽ കൂടുതൽ മലയാളികളെ ഇന്ത്യൻ ടീമിലെത്തിക്കാൻ ഈ കളി വലിയൊരു പ്രചോദനമായേക്കും. കുട്ടിക്കാലത്തെ അതേ ആവേശത്തോടെ ഞാനും ഇന്ന് ഇന്ത്യ-ന്യൂസീലൻഡ് കളി കാണാനുണ്ടാവും; പണ്ട്, ഹണ്ട് പറത്തിയപോലുള്ള സിക്സറുകൾ സ്വപ്നം കണ്ട്.