Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിയിലൊരു സർഫിങ്; മൽസരത്തലേന്ന് താരങ്ങൾക്ക് മഴയിൽ ചാഞ്ഞുറക്കം

kiwis ന്യൂസീലൻഡ് താരങ്ങൾ കോവളത്തെ ഹോട്ടലിൽ

തിരുവനന്തപുരം ∙ മഴയും ക്ഷീണവും മൂലം പരിശീലനം ഉപേക്ഷിച്ച് ഇരു ടീമുകളിലെയും താരങ്ങൾ കോവളം റാവിസ് ലീല ഹോട്ടലിൽ തന്നെ കഴിച്ചുകൂട്ടിയ പകലിൽ ന്യൂസീലൻഡ് ടീം നായകൻ കെയ്ൻ വില്യംസണും പേസ് ബോളറായ ട്രെന്റ് ബോൾട്ടിനും ഒരു മോഹം; സർഫിങ്ങിനു പോകണം. തിരമാലകൾക്കു മുകളിൽ കുഞ്ഞൻ ബോട്ടിൽ സാഹസികമായി നടത്തുന്ന സർഫിങ് വിനോദത്തിനു പേരുകേട്ട ന്യൂസീലൻഡിലെ താരങ്ങൾ കടലോര ഹോട്ടലിലെത്തിയപ്പോൾ ആദ്യം തിരക്കിയതും അതായിരുന്നു. വർക്കലയിൽ സൗകര്യമുണ്ടെന്ന് അറിഞ്ഞതോടെ അവിടെ പോകണമെന്നായി ഇരുവരും.

അര-മുക്കാൽ മണിക്കൂർ കൊണ്ട് എത്താവുന്ന സ്ഥലം എന്നായിരുന്നു ഇരുവർക്കും ലഭിച്ച വിവരം. രാവിലെ പത്തിന് ഇരുവരും ടീം ഫിസിയോക്കൊപ്പം ഇറങ്ങി. പൊലീസ് അകമ്പടി ആവശ്യമില്ലെന്നു പറഞ്ഞെങ്കിലും മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടില്ലാത്തതിനാൽ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അകമ്പടിയോടെ തന്നെയായിരുന്നു യാത്ര.

കോവളം-കഴക്കൂട്ടം ബൈപാസിലെ യാത്ര കഴിഞ്ഞതും ഗതാഗതക്കുരുക്കായി. മുക്കാൽ മണിക്കൂറിനുള്ളിൽ എത്തുമെന്നു പറഞ്ഞ സ്ഥലത്തു രണ്ടു മണിക്കൂറു കഴിഞ്ഞിട്ടും എത്താതായതോടെ കളിക്കാരുടെയും ക്ഷമ നശിച്ചു. ആറ്റിങ്ങലെത്തിയതും മനസ്സു മടുത്ത താരങ്ങൾ തിരികെപ്പോകാൻ നിർദേശിച്ചു. കടലിൽ സർഫിങ്ങിനിറങ്ങിയ താരങ്ങൾ അങ്ങനെ റോഡിലിഴഞ്ഞ് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ മടങ്ങിയെത്തി.

ഇന്ത്യൻ താരങ്ങളിൽ കോഹ്‌ലിയും അക്‌ഷർ പട്ടേലും ദിനേഷ് കാർത്തിക്കും മുഹമ്മദ് സിറാജും മാത്രമാണു ഹോട്ടൽ വിട്ടു പുറത്തിറങ്ങിയത്. ഉച്ചയ്ക്കുശേഷം സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു ഇത്. ന്യൂസീലൻഡ് കളിക്കാരെയും ഈ പരിപാടിയിലേക്കു ക്ഷണിച്ചെങ്കിലും തലേദിവസമെങ്കിലും അറിയിച്ചിരുന്നെങ്കിൽ തങ്ങളും വന്നേനെയെന്നായിരുന്നു മറുപടി. മറ്റു കളിക്കാരെല്ലാം മഴയുടെ ആലസ്യത്തിൽ മുറിക്കുള്ളിൽ തന്നെ പകൽ മുഴുവൻ കഴിച്ചുകൂട്ടി.

ഞായറാഴ്ച വിരാട് കോഹ്‌ലിയുടെ 29-ാം ജന്മദിനമായിരുന്നതിനാൽ രാത്രി എത്തുമ്പോൾ മുറിക്കാൻ ഹോട്ടലിൽ പ്രത്യേക കേക്ക് ഒരുക്കിയിരുന്നു. എന്നാൽ അർധരാത്രിക്കു ശേഷമെത്തിയ‌ കോഹ്‌ലിയും കൂട്ടരും വേഗം മുറികളിലേക്കു പോയതിനാൽ കേക്ക് മുറിക്കാനായില്ല.

ഇന്നലെ രാവിലെ കളിക്കാരെല്ലാം വൈകിയാണ് ഉണർന്നത്. വില്യംസണും ബോൾട്ടും ഉൾപ്പെടെയുള്ള ഏതാനും കിവീസ് കളിക്കാർ എട്ടരയോടെ ബീച്ചിൽ വ്യായാമത്തിനായി പോയി. വ്യായാമശേഷം അൽപനേരം വോളിബോളും കളിച്ചശേഷമാണവർ തിരികെക്കയറിയത്. അതിനു ശേഷമായിരുന്നു സർഫിങ്ങിനായുള്ള യാത്ര. ഇടയ്ക്ക് ഇരു ടീമുകളിലെയും താരങ്ങൾ ഹോട്ടൽ ജിംനേഷ്യത്തിൽ വർക്ക് ഔട്ട് നടത്തി.

ഇന്ത്യൻ കളിക്കാരിൽ പലരുടെയും ആഗ്രഹം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനമായിരുന്നു. കോഹ്‌ലി അടക്കമുള്ളവർ പുലർച്ചെ നട തുറക്കുമ്പോൾ ദർശനത്തിനെത്തുമെന്നു രാത്രി അറിയിക്കുകയും ചെയ്തു. പക്ഷേ, ഉറക്കം നീണ്ടതോടെ പത്തിനെത്തുമെന്നായി. എന്നാൽ എത്തിയതു രവിശാസ്ത്രിയും ഏതാനും ടീം ഒഫീഷ്യലുകളും മാത്രം. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും ദർശനം നടത്തിയാണു ശാസ്ത്രി മടങ്ങിയത്. ശിഖർ ധവാൻ സന്ധ്യയോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി തൊഴുതുമടങ്ങി.