Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിതാലി പോയി, വിജയവും ! ഹർമൻപ്രീത് കൗറിനെതിരെ വിമർശനം

Mithali Raj and Harmanpreet Kaur ഹർമന്‍പ്രീതും മിതാലിയും (ഫയൽ ചിത്രം).

ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനും വെറ്ററൻ താരവുമായ മിതാലി രാജിനെ ഇംഗ്ലണ്ടിനെതിരെ ലോക ട്വന്റി20 സെമിഫൈനലിൽ ടീമിൽ നിന്ന് ഒഴിവാക്കിയ ഹർമൻപ്രീത് കൗറിന്റെ നടപടിയെച്ചൊല്ലി വിവാദം പുകയുന്നു. ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടിയ ഏക വനിതാ താരവും രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും അധികം റൺസ് നേടിയ  ഇന്ത്യൻ താരവുമാണു മിതാലി.

ഗ്രൂപ്പ് ഘട്ടത്തിൽ അയർലൻഡിനെതിരായ മൽസരത്തിൽ ഫീൽഡിങിനിടെ കാൽമുട്ടിനു പരുക്കേറ്റതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിൽനിന്നു വിശ്രമം അനുവദിച്ചിരുന്നു.  എന്നാൽ പരുക്കു സുഖപ്പെട്ടിട്ടും ഇംഗ്ലണ്ടിനെതിരായ സെമിയിൽ മിതാലി ടീമിനു പുറത്തായതോടെയാണ് ആരാധകരുടെ മുഖം ചുളിഞ്ഞത്.

ടീമിലെ വിന്നിങ് കോംബിനേഷൻ നിലനിർത്താനാണ് മിതാലിയെ ടീമിൽനിന്ന് ഒഴിവാക്കിയതെന്നും ഓപ്പണർ സ്മൃതി മന്ഥനയ്ക്കും തനിക്കും ശേഷം തകർത്തടിക്കുന്ന താരത്തെയാണ് ഇന്ത്യയ്ക്ക് ആവശ്യം എന്നായിരുന്നു ഹർമൻപ്രീതിന്റെ പ്രതികരണം. ഹർമൻപ്രീതിന്റെ നിലപാടിനെതിരെ സമൂഹ മാധ്യമങ്ങളിൽ‌ വ്യാപക പ്രതിഷേധമാണ്. 

മൽസരത്തിന്റെ തലേ ദിവസം മിതാലിയുമായി സംസാരിച്ചിരുന്നു. സെമി ഫൈനലിനു മാനസികമായി തയ്യാറെടുത്ത മട്ടിലാണു മിതാലി സംസാരിച്ചത്. ചിലപ്പോൾ മധ്യനിരയിലേക്കിറങ്ങി ബാറ്റു ചെയ്യേണ്ടി വന്നേക്കും എന്നു പറഞ്ഞിരുന്നു. പക്ഷേ, രാവിലെ മൽസരത്തിനു മുൻപുള്ള വാംഅപ് സെഷനിലാണ് ടീമിനു പുറത്തായ കാര്യം മിതാലിയെ അറിയിക്കുന്നത്. തീരുമാനം മിതാലിയെ തളർത്തിക്കളഞ്ഞു. – ആർ.എസ്.ആർ മൂർത്തി മിതാലിയുടെ പരിശീലകൻ

ഈ ലോകകപ്പിൽ ഇന്ത്യയുടെ മൽസരങ്ങളും മിതാലി കളിച്ച മൽസരങ്ങളിലെ അവരുടെ പ്രകടനവും ഇങ്ങനെ.

∙ ന്യൂസിലൻഡിനെതിരെ: ടീമിലുണ്ടായിരുന്നു, ബാറ്റുചെയ്യേണ്ടിവന്നില്ല– ഇന്ത്യയ്ക്ക് 34 റൺസിന്റെ ജയം 

∙ പാക്കിസ്ഥാനെതിരെ: 47 പന്തിൽ 56 റൺസ്– ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

∙ അയർലൻഡിനെതിരെ: 56 പന്തിൽ 51 റൺസ്– ഇന്ത്യയ്ക്ക് 52 റൺസ് ജയം

∙ ഓസ്ട്രേലിയയ്ക്കെതിരെ: ടീമിലെടുത്തില്ല– ഇന്ത്യയ്ക്ക് 48 റൺസ് ജയം

∙ ഇംഗ്ലണ്ടിനെതിരെ (സെമി): ടീമിലെടുത്തില്ല– ഇന്ത്യയ്ക്ക് 8 വിക്കറ്റ് പരാജയം

related stories