അഭിഷേകും സാന്ദ്രയും ഭാവി വാഗ്ദാനങ്ങൾ; മൂന്നംഗ സമിതിയുടെ തീരുമാനം ഏകകണ്ഠം

എം.എ. ജോർജ്, ഷൈനി വിൽസൺ, ഡോ. ജിമ്മി ജോസഫ് എന്നിവർ മനോരമ സ്വർണപ്പതക്കത്തിനു അർഹരായ കായികതാരങ്ങളെ കണ്ടെത്താനുള്ള ചർച്ചയിൽ.

പാലാ∙ പ്രതിഭയുടെ തിളക്കമുള്ള താരങ്ങൾ. ഒരുക്കി മിനുക്കിയെടുത്താൽ ഭാവിയിൽ നാടിനായി മെഡൽ നേടാൻ കഴിവുള്ളവർ. മലയാള മനോരമയുടെ സ്വർണപ്പതക്കം നേടിയ അഭിഷേക് മാത്യുവിനെയും സാന്ദ്ര ബാബുവിനെയും വിദഗ്ധ സമിതി വിശേഷിപ്പിച്ചതിങ്ങനെ. 

ഒളിംപ്യൻ ഷൈനി വിൽസൺ, സായ് പരിശീലകനും എം.എ.പ്രജുഷ ഉൾപ്പെടെയുള്ള രാജ്യാന്തരതാരങ്ങളുടെ ഗുരുവുമായ എം.എ.ജോർജ്, ചങ്ങനാശേരി അസംപ്ഷൻ കോളജ് കായികവിഭാഗം അസി. പ്രഫസർ ഡോ. ജിമ്മി ജോസഫ് എന്നിവരടങ്ങിയ സമിതി ഒറ്റസ്വരത്തിലാണു മികച്ച താരങ്ങളായി അഭിഷേകിനെയും സാന്ദ്രയെയും തിരഞ്ഞെടുത്തത്. 

സ്ഥിരതയാർന്ന പ്രകടനമാണ് അഭിഷേകിനെ വേറിട്ടു നിർത്തുന്നതെന്നു സമിതി പറയുന്നു. കോതമംഗലം മാർ ബേസിലിൽ ഷിബി മാത്യുവിന്റെ ശിക്ഷണത്തിൽ ട്രാക്കിൽ നിറയുന്ന അഭിഷേക് രാജ്യാന്തര മെഡൽ നേടിയിട്ടുള്ള താരംകൂടിയാണ്. ഒരു രാജ്യാന്തര അത്‍ലിറ്റിന്റെ മികവ് പാലായിലും ആവർത്തിച്ചു. പ്രതീക്ഷ നൽകുന്ന താരം. 

സാങ്കേതികത്തികവും പ്രതിഭയും സമാസമം ചേർന്ന അത്‍ലിറ്റാണു സാന്ദ്രയെന്നു സമിതി അഭിപ്രായപ്പെട്ടു. ടി.പി.ഒൗസേപ്പ് എന്ന പ്രതിഭാശാലിയായ പരിശീലകന്റെ കീഴിൽ നടത്തുന്ന ശിക്ഷണം സാന്ദ്രയെ വലിയ നേട്ടങ്ങളിലേക്കെത്തിക്കുമെന്നാണു സമിതിയുടെ നിരീക്ഷണം. ജൂനിയർ പ്രായവിഭാഗത്തിൽ ആറു മീറ്ററിലധികം ലോങ്ജംപ് ചെയ്യുന്ന താരങ്ങൾ രാജ്യത്തുതന്നെ അപൂർവമാണെന്നു സമിതിയംഗങ്ങൾ പറഞ്ഞു.