വളർത്തിയെടുക്കണം, ഈ താരസമ്പത്ത്

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സീനിയർ പെൺകുട്ടികളുടെ ഹൈജംപിൽ റെക്കോർഡോടെ എം.ജിസ്ന സ്വർണം നേടുന്നു.(പാലക്കാട് കുമരംപുത്തൂർ കെഎച്ച്എസ്)

ആവേശവും ഊർജവും പകർന്ന നാലുദിനങ്ങൾ എത്രവേഗമാണു കഴിഞ്ഞുപോയത്. മെഡലിനായുള്ള കടുത്ത പോരാട്ടങ്ങൾ. കിരീടം പിടിക്കാനുള്ള വീറും വാശിയും. ഗാലറി നിറഞ്ഞ കാണികൾ. കായികോത്സവം പാലാ കേമമാക്കി. എത്രയെത്ര മിന്നും പ്രകടനങ്ങളാണു പാലായിലെ പുതിയ ട്രാക്കിലും ഫീൽഡിലും കണ്ടത്. സാന്ദ്ര ബാബുവും അപർണ റോയിയും അനുമോൾ തമ്പിയും പ്രിസില്ല ഡാനിയേലും ഗായത്രി ശിവകുമാറും ആൻസി സോജനുമൊക്കെ മിടുക്കരായ താരങ്ങളാണ്. അഭിഷേക് മാത്യുവും അനന്തു വിജയനും കെ.എം.ശ്രീകാന്തും ആൺകുട്ടികളിൽ മികച്ചുനിന്നു. 

വിജയത്തിൽ അലസരാവാതെ കൂടുതൽ നേട്ടങ്ങൾ എത്തിപ്പിടിക്കാനുള്ള അധ്വാനമാണ് ഇനി വേണ്ടത്. ഓവറോൾ ചാംപ്യൻഷിപ്പിനായുള്ള പോരാട്ടത്തിനിടയിൽ കുട്ടികളെ വഴിയിൽ വിട്ടുപോകാൻ പരിശീലകർ ഇടവരുത്തരുത്. അഭിമാനിക്കാവുന്ന വലിയ നേട്ടങ്ങൾ അവരിലൂടെ നേടിയെടുക്കാൻ പരിശീലകർക്കു കഴിയണം. പ്രചോദനമേകാൻ സർക്കാരും സംഘടനകളും ഒപ്പം നിൽക്കണം. 

നല്ല നിക്ഷേപമാണു പാലായിൽ കായിക കൗമാരം നടത്തിയിട്ടുള്ളത്. സേവിങ്സ് നിക്ഷേപവും സ്ഥിര നിക്ഷേപവും നമുക്കു വേണം. രണ്ടും അത്യാവശ്യമാണ്. ഇപ്പോഴത്തെ കാര്യങ്ങളും ഭാവിയിലെ കാര്യങ്ങളും നടക്കണം. ഏതെങ്കിലുമൊന്നിൽ പിഴച്ചാൽ കാര്യങ്ങൾ അവതാളത്തിലാകും. മികച്ച പലിശ ലഭിക്കുന്ന നിക്ഷേപങ്ങളാക്കി താരസമ്പത്തിനെ വളർത്തുന്നതിലായിരിക്കണം ഇനിയുള്ള ശ്രദ്ധ.

വീണവരോട് ഒരു വാക്ക്: തളരരുത്. എത്ര തവണ വീണിട്ടാണു നമ്മളൊക്കെ നടക്കാൻ പഠിച്ചത്. വീണാലേ മുന്നേറാൻ കഴിയൂ. ഇനിയും ഓടിക്കയറാൻ ട്രാക്കിലേറെ ദൂരം ബാക്കിയാണ്. മെഡലുകൾ അവിടെ കാത്തിരിക്കുന്നു. തളരാതെ കുതിക്കൂ. ഓൾ ദ് ബെസ്റ്റ്.