മനോരമയുടെ സ്വർണപ്പതക്കത്തിന് അർഹരായ അഭിഷേക് മാത്യുവും സാന്ദ്ര ബാബുവും വിസ്മയിപ്പിക്കുന്ന പ്രകടനമാണു സ്കൂൾ കായികോത്സവത്തിൽ പുറത്തെടുത്തത്. വേറെയുമുണ്ട് തിളങ്ങിയ താരങ്ങൾ. പ്രതീക്ഷ പകരുന്ന പ്രകടനം നടത്തിയ മറ്റു പത്തു താരങ്ങളെ പരിചയപ്പെടാം. അവരെക്കുറിച്ചു പ്രമുഖ പരിശീലകരുടെ വിലയിരുത്തലുകളും വായിക്കാം.
പാലാ മേളയിലെ സൂപ്പർ 10, ഇതാ...
ഇ. ആൻസി സോജൻ
മീറ്റിലെ വേഗമേറിയ പെൺതാരം.ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം. ലോങ്ജംപിൽ വെള്ളി. നാട്ടിക ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി. ഇ.ടി.സോജന്റെയും ജാൻസിയുടെയും മകൾ. വി.വി.കണ്ണനാണു പരിശീലകൻ.
100ലെ സമയം – 12.45 സെക്കൻഡ്
മികച്ച പരിശീലനം തുടർന്നും ലഭിച്ചാൽ ആൻസിയെ മികച്ച താരമാക്കാം. അതിനുള്ള കഴിവ് ആ കുട്ടിയിൽ കാണാനുണ്ട്. - പി.ആർ.പുരുഷോത്തമൻ
അപർണ റോയ്
100 മീറ്റർ ഹർഡിൽസിൽ റെക്കോർഡോടെ സ്വർണം. 100 മീറ്ററിലും 200 മീറ്ററിലും സ്വർണം. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി. കൂടരഞ്ഞി ഓവേലിൽ റോയിയുടെയും ടീനയുടെയും മകളാണ്. ടോമി ചെറിയാനാണു പരിശീലകൻ.
100 മീറ്റർ ഹർഡിൽസിലെ റെക്കോർഡ് സമയം – 14.39 സെക്കൻഡ്
ഹർഡിൽസിനു പറ്റിയ ശരീരപ്രകൃതി. സ്ഥിരതയുള്ള പ്രകടനം. ഇന്ത്യയിലെ വളർന്നു വരുന്ന താരങ്ങളിലൊരാൾ. ഇനിയുമേറെ പ്രതീക്ഷിക്കാം. - എം.എ.ജോർജ്
പ്രിസില്ല ഡാനിയേൽ
ജൂനിയർ 400 മീറ്ററിലും 800 മീറ്ററിലും സ്വർണം. തുണ്ടത്തിൽ എംവിഎച്ച്എസ്എസ് വിദ്യാർഥിനി. പത്തനംതിട്ട കുമ്പനാട് താന്നയ്ക്കൽ കെ.ഡാനിയേലിന്റെയും ഗ്രേസിയുടെയും മകൾ. പരിശീലകൻ: ജോയ് ജോസഫ്.
400ലെ സമയം – 56.84 സെക്കൻഡ്
മധ്യദൂരയിനങ്ങളിൽ പ്രതീക്ഷ വയ്ക്കാവുന്ന താരം. ഒരുപക്ഷേ, ഭാവിയിൽ ഏഷ്യൻ മെഡലിലേക്കു വരെയെത്താം. - ഡോ. ജോർജ് ഇമ്മാനുവൽ
അനന്തു വിജയൻ
സീനിയർ ആൺകുട്ടികളുടെ 400ലും 400 മീറ്റർ ഹർഡിൽസിലും സ്വർണം. പത്തനംതിട്ട ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി. പുല്ലാട് അനന്തുനിവാസിൽ പി.കെ.വിജയന്റെയും ജയശ്രീയുടെയും മകൻ. അനീഷ് ജോസഫാണു പരിശീലകൻ.
400 മീറ്ററിലെ സമയം – 49.12 സെക്കൻഡ്
ഒറ്റലാപ്പിലെ പ്രകടനം പ്രതീക്ഷ നൽകുന്നത്. ഇനിയും മുന്നേറാനുള്ള കഴിവുണ്ട്. ശാസ്ത്രീയ പരിശീലനത്തിലൂടെ മിനുക്കിയെടുക്കാം. - അവിനാശ് കുമാർ
ടി.പി. അമൽ
സീനിയർ ആൺകുട്ടികളുടെ 200 മീറ്ററിലും ലോങ് ജംപിലും സ്വർണ നേട്ടം. പാലക്കാട് പറളി എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥി. കോട്ടായി തെക്കേക്കര പരമേശ്വരന്റെയും അജിതയുടെയും മകൻ. പി.ജി.മനോജാണു പരിശീലകൻ
200ലെ സമയം – 22.22 സെക്കൻഡ്
ചെയ്യുന്ന ഓരോ ഇനങ്ങളിലും തന്റേതായ മുദ്ര ചാർത്തുന്നയാളാണ് അമൽ. സ്കൂൾ കാലഘട്ടത്തിനു ശേഷം സ്വാഭാവികമായുണ്ടാകുന്ന മരവിപ്പ് സമർഥമായി മറികടക്കാൻ കഴിഞ്ഞാൽ സാധ്യതകളേറെയുണ്ട്. - പി. ഐ. ബാബു
കെ.എം. ശ്രീകാന്ത്
ജൂനിയർ ആൺ ലോങ് ജംപിൽ സ്വർണം. മണീട് ഗവ.വിഎച്ച്എസ്എസ് സ്കൂൾ 10–ാം ക്ലാസ് വിദ്യാർഥി. ചങ്ങനാശേരി തെങ്ങണ കാലായിപ്പറമ്പിൽ കെ.കെ.മനോജ് – ശ്രീലേഖ ദമ്പതികളുടെ മകൻ. ചാൾസ് ഇ. ഇടപ്പാട്ടാണ് പരിശീലകൻ
ലോങ് ജംപ് റെക്കോർഡ് ദൂരം – 7.05 മീറ്റർ
മൽസരത്തിൽ പൂർണമായി ലയിച്ചാണ് ശ്രീകാന്തിന്റെ പോരാട്ടം. മികച്ച പരിശീലനം തുടരുക. ഉൗർജം കൈവിടാതിരിക്കുക. ഭാവിയിൽ രാജ്യത്തിനായി സ്വർണം തന്നെ നേടാം. - ഡോ. ജിമ്മി ജോസഫ്
അനുമോൾ തമ്പി
ഇടുക്കി കമ്പിളികണ്ടം സ്വദേശി കളത്തിൽ ഷൈനിയുടെ മകൾ. പ്ലസ്ടു വിദ്യാർഥിനി, മാർ ബേസിൽ എച്ച്എസ്എസ്, കോതമംഗലം, എറണാകുളം.
3000 മീറ്റർ മികച്ച പ്രകടനം– 9:50.89മിനിറ്റ്
ദീർഘദൂര ഓട്ടക്കാർക്കു പറ്റിയ ശരീരപ്രകൃതിയാണ് അനുമോളുടേത്. ഫിനിഷിങ് സ്റ്റൈലും റണ്ണിങ് ആക്‌ഷനും രാജ്യാന്തര നിലവാരമുള്ള അത്‌ലിറ്റുകളുടേതിനു സമാനം. ഓരോ മീറ്റ് കഴിയുമ്പോഴും പ്രകടനം മെച്ചപ്പെടുന്നുമുണ്ട്. - കെ.പി. തോമസ്
സി. ചാന്ദ്നി
ചിറ്റൂർ വെളയോടി താമരക്കുളത്ത് ചന്ദ്രന്റെ ഏകമകൾ. പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച്എസ് എസ് ഒൻപതാം ക്ലാസ് വിദ്യാർഥിനി
3000 മീറ്റർ പ്രകടനം – 10:27.83 മിനിറ്റ്
മധ്യദൂര ഓട്ടത്തിൽ കേരളത്തിന് ഭാവിയിൽ ഏറെ മെഡലുകൾ പ്രതീക്ഷിക്കാവുന്ന താരമാണു ചാന്ദ്നി. മൽസരബുദ്ധിയും വാശിയും ഉണ്ട്. ആദ്യലാപ്പുകളിൽത്തന്നെ വലിയ ലീഡ് പിടിക്കുകയും അതു നിലനിർത്തി അവസാന ലാപ്പുകളിൽ കുതിച്ചുപായുകയും ചെയ്യുന്ന ശൈലി. - എൻ.എസ്. സിജിൻ
ഗായത്രി ശിവകുമാർ
ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ 1.66 മീറ്റർ പിന്നിട്ട ഗായത്രി ദേശീയ റെക്കോർഡിനേക്കാൾ മികച്ച പ്രകടനം നടത്തി. എറണാകുളം രവിപുരം സ്വദേശിയാണ്. മുൻ റയിൽവേ താരം മനോജ് ടി. തോമസാണ് പരിശീലകൻ.
ഹൈജംപിലെ പ്രകടനം: 1.75 മീറ്റർ
ടേക് ഓഫ് സ്പീഡ്, ഇലാസ്റ്റിക് സ്ട്രെങ്ത് എന്നിങ്ങനെ ഹൈജംപ് താരത്തിനു വേണ്ട ഗുണങ്ങൾ ഗായത്രിയ്ക്കുണ്ട്. പ്രായവും അനുകൂലഘടകമാണ്. ശാസ്ത്രീയ പരിശീലനമാണ് ഇനി വേണ്ടത്. - ടി.പി. ഔസേപ്പ്
എൻ. അനസ്
സീനിയർ ആൺ ട്രിപ്പിൾ ജംപ് മൽസരത്തിൽ ദേശീയ, സംസ്ഥാന റെക്കോർഡോടെ സ്വർണം. ലോങ് ജംപിൽ വെള്ളി. പാലക്കാട് പറളി എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥി. പാലക്കാട് തുലാപ്പള്ളി നാസറിന്റെയും റഹിയാനത്തിന്റെയും മകൻ. പി.ജി.മനോജാണു പരിശീലകൻ
ട്രിപ്പിൾ ജംപ് റെക്കോർഡ് ദൂരം – 15.30 മീറ്റർ
മിടുക്കനാണ്. നല്ല വേഗം ആർജിക്കാൻ കഴിവുണ്ട്. പരിശീലനത്തിലും വിശ്രമത്തിലും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോയാൽ രാജ്യത്തിന്റെ വാഗ്ദാനം. - കെ.രാമചന്ദ്രൻ