മാർ ബേസിലിന്റെ ദീപശിഖ; കുതിപ്പിന് ഊർജമായി ഷിബി മാത്യു
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ വെന്നിക്കൊടി പാറിച്ച കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്നേഹവും കരുതലുമാണു കായികാധ്യാപിക ഷിബി മാത്യു. 6–ാം തവണയും മാർ ബേസിലുകാർ സ്കൂൾ ചാംപ്യൻമാരായപ്പോൾ അമരത്ത് ഷിബിയുണ്ടായിരുന്നു. കഴിഞ്ഞ 21 വർഷമായി മാർ ബേസിലിന്റെ കൈപിടിച്ചു
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ വെന്നിക്കൊടി പാറിച്ച കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്നേഹവും കരുതലുമാണു കായികാധ്യാപിക ഷിബി മാത്യു. 6–ാം തവണയും മാർ ബേസിലുകാർ സ്കൂൾ ചാംപ്യൻമാരായപ്പോൾ അമരത്ത് ഷിബിയുണ്ടായിരുന്നു. കഴിഞ്ഞ 21 വർഷമായി മാർ ബേസിലിന്റെ കൈപിടിച്ചു
കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേളയിൽ വെന്നിക്കൊടി പാറിച്ച കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്നേഹവും കരുതലുമാണു കായികാധ്യാപിക ഷിബി മാത്യു. 6–ാം തവണയും മാർ ബേസിലുകാർ സ്കൂൾ ചാംപ്യൻമാരായപ്പോൾ അമരത്ത് ഷിബിയുണ്ടായിരുന്നു. കഴിഞ്ഞ 21 വർഷമായി മാർ ബേസിലിന്റെ കൈപിടിച്ചു
കൊച്ചി∙ സംസ്ഥാന കായികമേളയിൽ വെന്നിക്കൊടി നാട്ടി കണ്ണൂരിൽ നിന്നുള്ള മടക്കം. ബസിൽ ആഘോഷത്തിമർപ്പിലാണു കോതമംഗലം മാർ ബേസിൽ വിദ്യാർഥികൾ. സ്കൂൾ വിഭാഗം കിരീടം പിടിച്ചതിന്റെ വിജയയാത്ര ആട്ടവും പാട്ടുമായി മുന്നോട്ടു പോകുന്നതിനിടെ തൊട്ടുമുന്നിൽ കോഴിക്കോട് ബീച്ച്. ആഘോഷത്തിന്റെ ട്രാക്ക് മാറാൻ വൈകിയില്ല. കുളിയും കളിയും തിമർപ്പുമായി കോതമംഗലത്തിന്റെ പട കടലിൽ ഇറങ്ങി. ‘കണ്ണൂരിലെ പൊരിവെയിലിൽ പൊള്ളിവിയർത്തതല്ലേ, ഇനി പിള്ളേരൊന്നു തണുക്കട്ടെ ’ എന്ന കായികാധ്യാപിക ഷിബി മാത്യുവിന്റെ കരുതലാണു പോരാട്ടച്ചൂടിൽ തളർന്ന കുട്ടികൾക്കു കടലിന്റെ കുളിരേകിയത്.
ഷിബി മാത്യുവിന്റെ ഈ സ്നേഹവും കരുതലും തന്നെയാണു മാർ ബേസിലിന്റെ കുതിപ്പിനു പിന്നിലെ ചാലകശക്തി. ഇത് ഏഴാം തവണയാണു മാർ ബേസിൽ ഓവറോൾ കിരീടത്തിൽ മുത്തമിടുന്നത്. കഴിഞ്ഞ 21 വർഷമായി മാർ ബേസിലിന്റെ കൈപിടിച്ചു ഷിബിയുണ്ട്. ഈ കാലത്തിനിടയിൽ വിവിധ കായിക ഇനങ്ങളിൽ മികവിന്റെ ദീപശിഖ കൈമാറിയതു രണ്ടായിരത്തോളം വിദ്യാർഥികൾക്ക്. ശിഷ്യസമ്പത്തിൽ 2 ഒളിംപ്യൻമാരുണ്ട് – അനിൽഡ തോമസും മുഹമ്മദ് അനസും. ഇവരുൾപ്പെടെ ശിഷ്യരിൽ അൻപതോളം പേർ സ്പോർട്സ് വിലാസവുമായി വിവിധ സർക്കാർ സർവീസുകളിലുണ്ടെന്ന അഭിമാനവും ഷിബിക്കു സ്വന്തം.
‘എറണാകുളത്തെ ചൂടൊന്നുമല്ല കണ്ണൂരിലേത്. കരിഞ്ഞു പോകുന്ന ചൂടിലാണു കായികമേള നടന്നത്. കുട്ടികളെല്ലാം ക്ഷീണിച്ച് അവശരായി. ചൊവ്വാഴ്ച തന്നെ മടങ്ങണം എന്നു കരുതിയതാ. പക്ഷേ എല്ലാവരും തളർന്നു കിടന്നുറങ്ങിപ്പോയതോടെ തീരുമാനം മാറ്റേണ്ടിവന്നു’ – സംസ്ഥാന കിരീടത്തിലേക്കു സ്കൂളിനെ നയിച്ച അധ്യാപികയുടെ വാക്കുകളിൽ നിറയെ വാത്‌സല്യത്തിന്റെ കരുതൽ.
വിജയം കണ്ടാണ് അവസാനിപ്പിച്ചതെങ്കിലും കായികമേളയുടെ നടത്തിപ്പിനെക്കുറിച്ചു പരാതിയാണു ഷിബി മാത്യുവിനുള്ളത്. ‘രാവിലെ 6നു തുടങ്ങി 11വരെയും ഉച്ചയ്ക്കു 3 മുതൽ 6 വരെയും നീളുന്ന രണ്ടു ഘട്ടങ്ങളായി വേണം സംസ്ഥാന സ്കൂൾ കായികമേളകളിലും മത്സരം നടത്താൻ. കാലാവസ്ഥയിലെ മാറ്റങ്ങളും ചൂടു കൂടുന്നതുമൊക്കെ സംഘാടകരും കാണണ്ടേ ? ട്രാക്കിൽ കുട്ടികളല്ലേ മത്സരിക്കുന്നത്? ഈ വെയിൽ മുഴുവൻ ഇവർ എങ്ങനെ താങ്ങും?’ ഷിബി ചോദിക്കുന്നു.
ഏഴു കിരീടങ്ങളുടെ ശേഖരം സ്വന്തമെങ്കിലും മികച്ച പരിശീലനം നൽകാനുള്ള അടിസ്ഥാന സൗകര്യങ്ങൾ കോതമംഗലത്തിന് ഇന്നും അന്യമാണെന്നാണു ഷിബിയുടെ പക്ഷം. ‘ നല്ലൊരു മൈതാനം പോലും ഇവിടെയില്ല. സിന്തറ്റിക് ട്രാക്ക് കാണണമെങ്കിൽ കുട്ടികളെയും കൊണ്ടു കൊച്ചിയിൽ വരണം.
മാർ ബേസിലിന്റെ കായികക്കരുത്തായ അത്‌ലറ്റിക് ഇനങ്ങളിൽ വേണ്ട പരിശീലനം നേടാൻ 200 മീറ്റർ ട്രാക്ക് പോലുമില്ല. ഇക്കുറി സ്കൂളിനു 3 സ്വർണവും 3 വെള്ളിയും നേടിക്കൊടുത്ത ഇനമാണു പോൾവാൾട്ട്. എന്നാൽ, ഇതിനുപയോഗിക്കുന്ന ബെഡ് ഉപയോഗശൂന്യമായിക്കഴിഞ്ഞു. ഇതു സ്കൂളിനു കിട്ടിയിട്ടു 10 വർഷമെങ്കിലുമായിക്കാണും. പുതിയതൊന്നു വാങ്ങാൻ 10 ലക്ഷമെങ്കിലും വേണം. ഇത്തവണ മത്സരങ്ങൾക്കിടെ ഒരു പോൾ ഒടിഞ്ഞു പോയി. ഇതിനും ഒരു ലക്ഷമെങ്കിലും ചെലവു വരും. ചുരുക്കിപ്പറഞ്ഞാൽ അപകടഭീതിയിലാണിപ്പോൾ പരിശീലനം ’ – അടുത്ത വർഷത്തെ മേളയ്ക്കുള്ള തയാറെടുപ്പിലെ ആശങ്കകൾ ഇപ്പോഴേ ഈ അധ്യാപികയെ അലട്ടുന്നുണ്ട്.
ജിംനേഷ്യം ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ കാര്യത്തിലും പിന്നോട്ടുള്ള കുതിപ്പിലാണു സംസ്ഥാനത്തിനു നിരവധി കായികതാരങ്ങളെ സംഭാവന ചെയ്ത മാർ ബേസിൽ സ്കൂൾ. 19 വർഷം മുൻപു സ്ഥാപിച്ച ജിംനേഷ്യത്തിലാണ് പരിശീലനം. ഇവിടെയുള്ള ഉപകരണങ്ങളിൽ ഭൂരിഭാഗവും ഉദ്ഘാടന ദിനം തൊട്ടേ ഉപയോഗിച്ചുവരുന്നവയാണ്. സ്കൂൾ മാനേജ്മെന്റിന്റെ പരിശ്രമം കൊണ്ടാണു കാര്യങ്ങൾ മുടങ്ങാതെ മുന്നോട്ടു നീങ്ങുന്നത്.
പലപ്പോഴും അധ്യാപകർ ചേർന്നാണു കായികമേളയ്ക്കു വിദ്യാർഥികളെ കൊണ്ടുപോകുന്നതിനുള്ള ഇന്ധന ചെലവ് അടക്കമുള്ളവ സംഘടിപ്പിക്കുന്നത്. ‘ഈ ഇല്ലായ്മകൾക്കിടയിലും വിദ്യാർഥികളുടെ മനക്കരുത്തു ചോർന്നു പോകുന്നില്ലെന്നതു മാത്രമാണു സമാധാനം. അതു തന്നെയാണു വിജയവും’ – ഷിബി പറയുന്നു. സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള അധികൃതരിൽ നിന്നു അടിയന്തര ആവശ്യങ്ങളിലെങ്കിലും ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണു കോതമംഗലം മാർ േബസിൽ ആറാം കിരീടവുമായി നാട്ടിലെത്തുന്നത്.
ഷിബിക്കു സർവ പിന്തുണയുമേകി ഭർത്താവ് ബെന്നി കെ.ജേക്കബ് ഒപ്പമുണ്ട്. ഏഴാം ക്ലാസ് വിദ്യാർഥിയായ ബേസിലും നാലാം ക്ലാസുകാരി അന്നയുമാണു ജീവിതട്രാക്കിൽ ഷിബിയുടെ പൊന്നോമനകൾ.