നാടിനു വേണ്ടി നാടിനൊപ്പം ചേർന്ന്, കണ്ണൂരിലെ തുമ്പോട്ട സ്പോർട്സ് ക്ലബ്ബിന് 25 വയസ്സ്
Mail This Article
പരിയാരം∙ കടന്നപ്പള്ളി ഗ്രാമത്തിന്റെ സ്വന്തം തുമ്പോട്ട സ്പോർട്സ് ക്ലബ്ബിന് 25 വയസ്സ്. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 5 മുതൽ 8 വരെ നാടകോത്സവം സംഘടിപ്പിക്കും. ചിന്തകനും സംരംഭകനുമായ പി.കെ.ഡി.നമ്പ്യാരുടെ പേരിലാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി കവിയരങ്ങ്, നാടക ഗാനാലാപനം, വിളംബര ഘോഷയാത്ര, സ്മരണിക പ്രകാശനം എന്നിവയും നടത്തും.
തുമ്പോട്ട സ്പോർട്സ് ക്ലബ്
1998ൽ ഒരുകൂട്ടം വിദ്യാർഥികൾ ചേർന്നു രൂപീകരിച്ചതാണ് തുമ്പോട്ട സ്പോർട്സ് ക്ലബ്. രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ പഞ്ചായത്തിന്റെ പ്രമുഖ കായിക–കലാ ക്ലബ്ബായി മാറി. കേരളോത്സവത്തിൽ സജീവമായി പങ്കെടുക്കുക മാത്രമല്ല, വിജയങ്ങളും കൈവരിച്ചു. അങ്ങനെ, ഫുട്ബോൾ പരിശീലനം ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി. പരിശീലനം ലഭിച്ച യുവാക്കൾ അവരവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കളിക്കളത്തിലിറങ്ങി സമ്മാനങ്ങൾ കൊയ്തു. ക്ലബ് സംഘടിപ്പിച്ച വോളിബോൾ, ക്രിക്കറ്റ്, കമ്പവലി, കളരിപ്പയറ്റ് തുടങ്ങിയ കായിക ടൂർണമെന്റുകളും നാട് ഏറ്റെടുത്തതോടെ തുമ്പോട്ട സ്പോർട്സ് ക്ലബ് നാടിന്റെ മുഖമുദ്രയായി. കായിക മത്സരങ്ങൾക്കും പരിശീലനത്തിനുമൊപ്പം ജീവകാരുണ്യ–സാമൂഹിക പ്രവർത്തനങ്ങൾക്കും ക്ലബ് ചുക്കാൻപിടിച്ചു. രക്തദാന ക്യാംപുകൾ, ചികിത്സാ–വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ പദ്ധതികൾ ഇപ്പോഴും വളരെ സജീവമായി മുന്നോട്ടു പോകുന്നുണ്ട്. സാംസ്കാരിക പരിപാടികൾക്കൊപ്പം പൊതുപരീക്ഷകളെഴുതുന്നവർക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനവും നൽകുന്നു. ക്ലബ് സംഘടിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് പി.കെ.ഡി.നമ്പ്യാർ സ്മാരക അഖില കേരള നാടകോത്സവം. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനം എളുപ്പമായിരുന്നില്ലെങ്കിലും നാടിന്റെ കൂട്ടായ്മയായി തുമ്പോട്ട ക്ലബ് മാറിയതിൽ സന്തോഷമുണ്ടെന്ന് കാൽ നൂറ്റാണ്ടുകാലം ടീം മാനേജറായ കെ.പി.ജയചന്ദ്രൻ പറഞ്ഞു. പി.പി.സുനിൽകുമാർ പ്രസിഡന്റും കെ.ബിജു സെക്രട്ടറിയുമായ ഭരണസമിതിയാണ് ക്ലബ്ബിനെ നയിക്കുന്നത്.
നാടകോത്സവം
ഡിസംബർ 5,6,7,8 തീയതികളിൽ രാത്രി എട്ടിന് തുമ്പോട്ട ഇഎംഎസ് സ്റ്റേഡിയത്തിലാണ് നാടകോത്സവം. അഞ്ചിന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം ‘അപ്പ’, ആറിന് മലബാർ നാടക വേദിയുടെ ‘ഓട്ട കാലണ’, ഏഴിന് തിരുവനന്തപുരം ശ്രീനന്ദനയുടെ ‘യാനം’, എട്ടിന് കോഴികോട് സ്വർഗ ചിത്രയുടെ ‘ഭദ്രായനം’.
പി.കെ.ഡി.നമ്പ്യാർ
സംരംഭകൻ, തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ, ഒട്ടേറെ വ്യാപാര വ്യവസായ ശൃംഖലകളുടെ മാർഗദർശി തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായിരുന്നു അന്തരിച്ച പി.കെ.ഡി.നമ്പ്യാർ എന്ന പി.കെ.ദീപു നമ്പ്യാർ. സംരംഭകനാകണമെന്ന സ്വപ്നവുമായി കടന്നപ്പള്ളിയിൽനിന്നു കാൽനൂറ്റാണ്ട് മുൻപാണ് ഡൽഹിയിലേക്കു വണ്ടികയറിയത്. ആ സ്വപ്നം സാക്ഷാത്കരിച്ചുവെന്നു മാത്രമല്ല, ഒട്ടേറെപ്പേർക്കു സംരംഭകരാകാനും സ്വയം ബ്രാൻഡുകളായി മാറാനുമുള്ള മാർഗനിർദേശവും നൽകി.
ഇന്ത്യയിലും ഖത്തറിലുമായി വ്യാപിച്ചുകിടക്കുന്നതാണ് പി.കെ.ഡി.നമ്പ്യാരുടെ ബിസിനസ് ശൃംഖല. ഐഐഎം ഉൾപ്പെടെ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുമായി പലവട്ടം സംവദിച്ചിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ എന്ന നിലയിലും ദേശീയശ്രദ്ധ നേടിയിരുന്നു. യൂ ടൂ കാൻ ബി എ ബ്രാൻഡ് എന്ന ദീപുവിന്റെ പുസ്തകം ബെസ്റ്റ് സെല്ലറുകളിലൊന്നാണ്.
ജീവിതം ഡൽഹിയിലേക്കു മാറ്റിയെങ്കിലും പോത്തേര കരിയാട്ട തറവാട്ടിൽ പി.കെ.സരോജിനിയുടെയും കെ.ആർ.ബാലൻ നമ്പ്യാരുടെയും മകൻ നാടിനെ മറന്നില്ല. അച്ഛന്റെ ഓർമയ്ക്കായി പരിയാരത്ത് നിർമിച്ച ഓഡിറ്റോറിയം സൗജന്യ ഉപയോഗത്തിന് നാട്ടുകാർക്കു വിട്ടുനൽകി. വ്യവസായരംഗത്ത് ഒപ്പമുള്ള ദിലീപ് നമ്പ്യാരാണ് സഹോദരൻ. സഹോദരി പി.കെ.ദീപ. ഭാര്യ: പായൽ. മക്കൾ: ആയുഷ്, യഷ്നിത.