ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ് അനുനിമിഷം ബിപി ഉയർന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ അവസാനദിനം വെറും എട്ടു പോയിന്റിന്റെ ലീഡുമായി ഹരിയാന കേരളത്തിൽനിന്നു കിരീടം കവർന്നെടുത്തു. ഓവറോൾ കിരീടത്തിനായി ഫോട്ടോ ഫിനിഷ് കണ്ട മത്സരങ്ങൾക്കൊടുവിൽ ഹരിയാനയ്ക്കു 408 പോയിന്റ്. കേരളത്തിന് 400. ഇരുപത്തിമൂന്നാം കിരീടം, തുടർച്ചയായ ആറാം നേട്ടം എന്ന കേരളത്തിന്റെ സ്വപ്നങ്ങൾക്കു ബൈ ബൈ. മീറ്റിന്റെ ഒന്നാംദിനം മുതൽ അഞ്ചാംദിനം വരെ ഒരിക്കൽപോലും കേരളം ലീഡിലെത്തിയില്ല.
ത്രോ ഇനങ്ങളിൽ മെഡലില്ലാതെപോയതും പ്രതീക്ഷയായിരുന്ന ആറു താരങ്ങൾ പരുക്കുമൂലം പിൻവാങ്ങിയതും കാരണമായി കേരളത്തിനു വേണമെങ്കിൽ പറയാം. കഴിഞ്ഞ വർഷത്തെക്കാൾ മികച്ച പ്രകടനംതന്നെയാണു കേരളം നടത്തിയതെങ്കിലും അതിലും മികച്ച പ്രകടനവുമായെത്തിയ ഹരിയാനയ്ക്കു മുൻപിൽ മുട്ടുമടക്കി. അഞ്ചുവർഷം മുൻപ് കേരളത്തിന്റെ കുതിപ്പിനു തടയിട്ടതും ഹരിയാനതന്നെയായിരുന്നു. ഉഷ സ്കൂളിലെ ജിസ്ന മാത്യുവിനെ കേരളത്തിന്റെ ജഴ്സിയിലിറക്കിയിരുന്നെങ്കിൽ ഒന്നാഞ്ഞുപിടിക്കാമായിരുന്നു എന്ന ആരോപണം ഉയരുന്നുണ്ട്. എഎഫ്ഐയുടെ ബാനറിൽ മത്സരിച്ച ജിസ്ന സ്വർണം നേടിയിരുന്നു.
∙ മിന്നൽ ഹരിയാന
ഓടിപ്പിടിക്കാവുന്ന ദൂരത്തിലായിരുന്നു ഉച്ചയ്ക്കു മുൻപ് ഹരിയാന. ഉച്ചയ്ക്കുശേഷം നടന്ന വിവിധ പ്രായ വിഭാഗങ്ങളിലെ 800 മീറ്ററിൽ കേരളം മെഡൽക്കൊയ്ത്തു നടത്തിയപ്പോൾ കിരീടം ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. അവസാന ഇനമായ 4*400 മീറ്ററിൽ പക്ഷേ, കാര്യങ്ങൾ തകിടംമറിഞ്ഞു. ആൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം പ്രതീക്ഷിച്ചിറങ്ങിയ കേരളത്തെ ഹരിയാന മിന്നൽനീക്കത്തിൽ തറപറ്റിച്ചു സ്വർണം നേടി. ഡൽഹിക്കു വേണ്ടി ഇറങ്ങിയ മലയാളി അമോജ് ജേക്കബ് അവസാന ലാപ്പിൽ അഞ്ചാംസ്ഥാനത്തുനിന്നു കുതിച്ചു രണ്ടാമതായപ്പോൾ കേരളത്തിനു വെങ്കലം മാത്രം. പെൺകുട്ടികളുടെ വിഭാഗത്തിൽ ബഹുദൂരം മുന്നിലായി ഫിനിഷ് ചെയ്തു കേരളം സ്വർണം നേടിയെങ്കിലും അപ്പോഴേക്കും എട്ടു പോയിന്റിന്റെ ലീഡിൽ ഹരിയാന കപ്പടിച്ചിരുന്നു.
∙ അവസാന ശ്വാസം
അഞ്ചു സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമാണ് അവസാനദിനം കേരളത്തിന്റെ സമ്പാദ്യം. അണ്ടർ 18 പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാമതായി നാട്ടിക ഫിഷറീസ് സ്കൂളിലെ ആൻസി സോജൻ ഇരട്ടസ്വർണം തികച്ചു. ഡൽഹിക്കുവേണ്ടി ഇറങ്ങിയ അമോജ് ജേക്കബും 800 മീറ്ററിൽ ഒന്നാമതായി ഇരട്ടസ്വർണം നേടി. അണ്ടർ 18 ആൺകുട്ടികളുടെ 800 മീറ്ററിൽ കണ്ണൂർ ഇരിട്ടി സ്വദേശി അഭിഷേക് മാത്യുവും അണ്ടർ 20 പെൺകുട്ടികളുടെ 800 മീറ്ററിൽ ഉഷ സ്കൂളിലെ അബിത മേരി മാനുവലും അണ്ടർ 20 ആൺകുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ തൊടുപുഴ സ്വദേശി ബിബിൻ ജോർജും സ്വർണം നേടി.
∙ പെൺകുട്ടികൾ കാത്തു
അണ്ടർ 16, 18, 20 വിഭാഗങ്ങളിൽ കൂടുതൽ പോയിന്റ് നേടിയ കേരളം പെൺകുട്ടികളുടെ വിഭാഗത്തിൽ ചാംപ്യന്മാരായി. അണ്ടർ 14 വിഭാഗത്തിൽ മഹാരാഷ്ട്രയാണു ചാംപ്യൻ. അണ്ടർ 20 ആൺകുട്ടികളുടെ വിഭാഗത്തിൽമാത്രം കേരളം ചാംപ്യന്മാരായപ്പോൾ 14, 18 പ്രായ വിഭാഗത്തിൽ ഹരിയാന നേടി. എഎഫ്ഐക്കുവേണ്ടി കളത്തിലിറങ്ങിയ ഉഷ സ്കൂളിലെ ജിസ്ന മാത്യു മികച്ച അത്‌ലീറ്റായി തിരഞ്ഞെടുക്കപ്പെട്ടു.
∙ വെള്ളി, വെങ്കലം
എസ്.സാന്ദ്ര (അണ്ടർ 16–800 മീറ്റർ), അബിൻ സാജൻ (20–800 മീ), ജി.ഗായത്രി (18–2000 മീറ്റർ സ്റ്റീപ്പിൾ ചേസ്), എൻ.അനസ് (20–ട്രിപ്പിൾജംപ്) എന്നിവരാണ് ഇന്നലത്തെ വെള്ളിനേട്ടക്കാർ. അണ്ടർ 20 പെൺകുട്ടികളുടെ 3000 മീറ്ററിൽ മൂന്നാമതായി പാലക്കാടിന്റെ സി.ബബിത ഇരട്ടവെങ്കലം തികച്ചു. ഇതേ ഇനത്തിൽ കേരളത്തിന്റെ സ്വർണപ്രതീക്ഷയായിരുന്ന അനുമോൾ തമ്പി നാലാമതായി. എ.റാഷിദ് (അണ്ടർ 20–400 മീറ്റർ ഹർഡിൽസ്), ബോബി സാബു (20–ട്രിപ്പിൾ ജംപ്) എന്നിവരാണു വെങ്കല നേട്ടക്കാർ.
ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 23–ാം കിരീടം എന്ന കേരളത്തിന്റെ സ്വപ്നമാണ് ഗുണ്ടൂരിൽ പൊലിഞ്ഞത്. തുടർച്ചയായ ആറാം കിരീടം എന്ന നേട്ടവും സ്വന്തമാക്കാനായില്ല. മികച്ച താരങ്ങളിലും കേരളത്തിന്റെ ആരുമില്ല.
മെഡൽനില
1) ഹരിയാന: 27 സ്വർണം, 16 വെള്ളി, 16 വെങ്കലം
2) കേരളം: 24 സ്വർണം, 17 വെള്ളി, 18 വെങ്കലം
3) ഉത്തർപ്രദേശ്: 15 സ്വർണം, 17 വെള്ളി, 17 വെങ്കലം
4) തമിഴ്നാട്: 6 സ്വർണം, 19 വെള്ളി, 15 വെങ്കലം