ദേശീയ കാറോട്ട മത്സരത്തിൽ മലയാളിതാരം ദിൽജിത്തിന് വിജയം

തൃശൂർ ∙ ഫോർമുല ഫോർ ദേശീയ കാർ റേസിങ് ചാംപ്യൻഷിപ്പിൽ വേഗതാരമായി മലയാളി ഡ്രൈവർ ടി.എസ്.ദിൽജിത്ത്. ഡൽഹി ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് സർക്യൂട്ടിൽ നടന്ന ജെകെ ടയേഴ്സ് ദേശീയ കാർ റേസിങ് ചാംപ്യൻഷിപ്പിലെ നാലാം റൗണ്ടിലാണ് തൃശൂർ പഴയന്നൂർ സ്വദേശിയായ ദിൽജിത്ത് ജേതാവായത്. ഓവറോൾ ചാംപ്യൻഷിപ്പിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യാനും ദിൽജിത്തിനായി.

മൂന്നുവർഷം മുൻപു ഫോർമുല ഫോർ ഓവറോൾ കിരീടം നേടി ദിൽജിത്ത് മലയാളികളുടെ അഭിമാനമായി മാറിയിര‍ുന്നു. ഫോർമുല ഫോറിന്റെ 17 വർഷത്തെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു മലയാളിതാരത്തിന്റെ കിരീടനേട്ടം. ഈവർഷം കോയമ്പത്തൂരിലും ഡൽഹിയിലുമായി നടന്ന റേസിന്റെ അവസാന റൗണ്ട് മത്സരങ്ങളാണ് കഴിഞ്ഞ ദിവസം സമാപിച്ചത്. ഫോർമുല ബിഎംഡ‍ബ്ല്യു, ഫോർമുല ഫോർ വിഭാഗങ്ങളിലായിരുന്നു മത്സരം. രാജ്യാന്തര താരങ്ങൾ മത്സരിച്ച ആദ്യ വിഭാഗത്തിൽ നാലു റൗണ്ടുകളിലൊന്നിൽ നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. എന്നാൽ, രണ്ടാം വിഭാഗത്തിലെ മൂന്നു റേസുകളിൽ ആദ്യം രണ്ടാം സ്ഥാനത്തും പിന്നീട് ഒന്നാം സ്ഥാനത്തും ഫിനിഷ് ചെയ്യാനായി.

പതിനാറാം വയസ്സിൽ റേസിങ് ലൈസൻസ് സ്വന്തമാക്കിയ ദിൽജിത്ത് വിവിധ രാജ്യാന്തര, ദേശീയ മത്സരങ്ങളിൽ കിരീടം നേടിയിട്ടുണ്ട്. ഫോർമുല റേസിങ് മത്സര രംഗത്തു പുതിയ താരങ്ങളെ വാർത്തെടുക്കാൻ സംസ്ഥാനത്തെ ആദ്യത്തെ അക്കാദമി അടുത്തിടെ ദിൽജിത്ത് ആരംഭിച്ചിരുന്നു. പഴയന്നൂർ തടത്തിൽ ഷാജിയുടെയും ശിവകുമാരിയുടെയും മകനാണ്.