വിലക്കിയ മരുന്നുകൾ ഓൺലൈനിൽ

മലപ്പുറം∙ രാജ്യാന്തര ഉത്തേജകവിരുദ്ധ ഏജൻസിയുടെ (വാഡ) നിരോധിത പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾ രാജ്യത്തും രാജ്യത്തിനും പുറത്തും ഓൺലൈനിൽ സുലഭം. ഡോക്ടറുടെ കുറിപ്പില്ലാതെ അനായാസം ഈ മരുന്നുകൾ സംഘടിപ്പിക്കാം. സംസ്ഥാന സ്കൂൾ മീറ്റിൽ മെഡൽ നേടിയ താരത്തിന്റെ മൂത്ര സാംപിളിൽ നിരോധിത മരുന്നായ ഹെപ്റ്റമിനോളിന്റെ അംശം കണ്ടെത്തിയ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരം. ഉത്തേജകമരുന്നുകളെപ്പറ്റി ധാരണയുണ്ടെങ്കിൽ ആർക്കും ഒരു സ്മാർട് ഫോണിലൂടെ സംഗതി നാട്ടിലെത്തിക്കാവുന്നതേയുള്ളൂ.

വാഡയുടെ നിരോധിത മരുന്നുകളുടെ പട്ടികയിൽ നോൺസ്പെസിഫൈഡ് സ്റ്റിമ്യുലന്റ്സ് എന്ന വിഭാഗത്തിൽ ഒന്നാമതായി രേഖപ്പെടുത്തിയിരിക്കുന്ന പേരാണ് അഡ്രാഫിനിൽ. ഈ മരുന്ന് ഇന്ത്യയിൽ നിരോധിക്കപ്പെട്ടതാണെന്നു മനോരോഗ വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ ഒരു കമ്പനി ഈ മരുന്നു നിർമിച്ചിരുന്നെങ്കിലും ഇടയ്ക്കുവച്ചു നിർത്തി. മെഡിക്കൽ ഷോപ്പുകളിൽ ഈ മരുന്നു ലഭ്യവുമല്ല. എന്നാൽ, ചില ഓൺലൈൻ സൈറ്റുകളിൽ ഇതു ലഭ്യമാണ്.  

ഇതേ പട്ടികയിലുള്ള മറ്റൊരു സ്റ്റിമ്യുലന്റാണ് ആംഫിറ്റമിൻ. ഹൈപ്പർ (ആക്ടീവ്) ആയിട്ടുള്ളവർക്കു ചില രാജ്യങ്ങളിൽ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നാണിത്. പല രാജ്യങ്ങളിലും ഈ മരുന്നുപയോഗിക്കുന്നതിനു വിലക്കുണ്ട്. ഡോക്ടർ നിർദേശിക്കുന്ന അളവിൽ മാത്രം കഴിക്കേണ്ട സാധനം. പക്ഷേ, ഓൺലൈനിൽ ഒരു കുറിപ്പടിയും വേണ്ടാതെ ഈ മരുന്നു കിട്ടാൻ മാർഗമുണ്ട്. അഞ്ചു ഗ്രാമിനു 4,700 രൂപ വരും. കൊറിയർ ചാർജ് വേറെയും.

ഈ മരുന്നുകൾ നാഡീവ്യൂഹത്തെയാണു ബാധിക്കുന്നത്. കായികതാരങ്ങൾ ഇവ ഉപയോഗിച്ചാൽ ക്ഷീണം ഇല്ലാതാകും, ഉണർവുണ്ടാകും, മത്സരക്ഷമത (എൻഡ്യൂറൻസ്) വർധിക്കും. ഈ മരുന്നുപയോഗിക്കുന്നവർക്കു മറ്റുള്ളവരേക്കാൾ മികച്ച പ്രകടനം നടത്താനും കഴിയും. പക്ഷേ, ഭാവി ജീവിതത്തിൽ ഒട്ടേറെ കുഴപ്പങ്ങൾക്കു കാരണമാകുമെന്നു മാത്രം.

∙ ഏജന്റ് റെഡി

മരുന്നെത്തിച്ചു കൊടുക്കാൻ കൊച്ചി കേന്ദ്രീകരിച്ച് ഏജന്റുമാർ പ്രവർത്തിക്കുന്നതായി ചില പരിശീലകർതന്നെ വെളിപ്പെടുത്തുന്നു. ഏതു മരുന്നാണ് ആവശ്യമുള്ളതെന്നു പറഞ്ഞാൽ അവർ സംഘടിപ്പിച്ചു കൊടുക്കും. ഹാൻഡ്‌ലിങ് ചാർജ് ഉൾപ്പെടെയുള്ളവ നൽകിയാൽ ഭദ്രമായി മരുന്നു കയ്യിലെത്തും. ഡൽഹിയിൽ വൻസംഘങ്ങൾതന്നെ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.

∙ വിദഗ്ധ സഹായം

പലപ്പോഴും താരങ്ങൾക്കു നേരിട്ട് ഇത്തരം മരുന്നുകളെപ്പറ്റി അറിവുണ്ടാകില്ല. കായികരംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ വഴിയാകും ഇത്തരം മരുന്നുകളിലേക്ക് എത്തിപ്പെടുന്നത്. 

ചികിത്സയുമായി ബന്ധപ്പെട്ടുള്ള പോക്കുകളും ചിലപ്പോൾ ഉത്തേജക മരുന്നുകളുടെ ലോകത്തേക്കെത്തിക്കും. യാതൊരു വൈദ്യോപദേശവും കൂടാതെ മെഡൽ മാത്രം നോക്കി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവരുടെ ശരീരവും ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരും..