ലോക യൂത്ത് ചെസ് ഒളിംപ്യാഡിൽ സ്വർണനേട്ടവുമായി നിഹാൽ സരിൻ

നിഹാൽ മൽസരത്തിനിടെ

തൃശൂർ ∙ ഗ്രാൻഡ്മാസ്റ്ററെന്ന പദവി സ്വന്തമാക്കാൻ നിഹാൽ സരിനു മുന്നിൽ ഇനിയും കടമ്പകൾ ശേഷിക്കുന്നുണ്ട്. പക്ഷേ, ലോക യൂത്ത് ചെസ് ഒളിംപ്യാഡിലെ പ്രകടനം കണ്ടാൽ ആരും ‘ഗ്രാൻഡ്’ എന്നുതന്നെ പറയും. അഹമ്മദാബാദിൽ നടന്ന ചാംപ്യൻഷിപ്പിൽ 13 പോയിന്റുമായി ഇന്ത്യൻ ടീം വെള്ളി നേടിയപ്പോൾ മലയാളികളുടെ ലിറ്റിൽ മാസ്റ്റർ വെട്ടിപ്പിടിച്ചതു പത്തരമാറ്റ് സ്വർണം. മൂന്നാം ബോർഡിൽ കളിച്ച ഏഴു ഗെയിമുകളിൽ 5.5 പോയിന്റ് നേടിയാണ് നിഹാലിന്റെ സ്വർണനേട്ടം.

നാലാം ബോർഡിൽ കളിച്ച സഹതാരം പി. ഇനിയനും ഇന്ത്യയ്ക്കായി സ്വർണം കുറിച്ചു. 14 പോയിന്റോടെ റഷ്യയ്ക്കാണ് കിരീടം. കിരീടം മാത്രം ലക്ഷ്യമിട്ടെത്തിയ പരമ്പരാഗത ചാംപ്യൻമാരായ റഷ്യയെ പിടിച്ചുകെട്ടാൻ നിഹാലിനൊപ്പം ആര്യൻ ചോപ്ര, പ്രഗ്‌നാനന്ദ, പി. ഇനിയൻ, വൈശാലി എന്നിവരടങ്ങുന്ന സംഘത്തെയാണ് ടീം ഇന്ത്യ കരുതിവച്ചത്. യൂറോപ്യൻ പര്യടനം കഴിഞ്ഞു തിരിച്ചെത്തിയ നിഹാലിന്റെ മികവിൽ ആദ്യ ഗെയിം മുതൽ ‘ഇന്ത്യ ഗ്രീൻ’ ടീം കുതിച്ചു തുടങ്ങി. മൂന്ന്, നാല് ബോർഡുകളിൽ കളിച്ച നിഹാല‍ും ഇനിയനുമായിരുന്നു ഇന്ത്യയുടെ തേരു തെളിച്ചത്. കളിച്ച ഏഴു ഗെയിമുകളിലൊന്നിൽ പോലും നിഹാലിനു തോൽവി നേരിടേണ്ടി വന്നില്ല. ടീം മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടാൻ സാധ്യതയുള്ള നിർണായക മത്സരങ്ങളിൽ വ്യക്തിഗത ജയം നേടുകയും ചെയ്തു.

നിലവിൽ ഇന്റർനാഷണൽ മാസ്റ്റർ പദവിയിൽ നിൽക്കുന്ന നിഹാൽ, എട്ടുമാസം മുൻപു ഗ്രാൻഡ് മാസ്റ്റർ പദവിക്കുള്ള ആദ്യ നോം സ്വന്തമാക്കിയിരുന്നു. രണ്ടും നോം കൂടി വൈകാതെ നേടിയാൽ ഗ്രാൻഡ്മാസ്റ്റർ പദവി നിഹാലിനെ തേടിയെത്തും. ഈ നേട്ടം സ്വന്തമാക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് പരിമർജൻ നേഗിയെ മറികടന്നു സ്വന്തമാക്കാനും കഴിയും. കഴിഞ്ഞ ഏപ്രിലിനു ശേഷം കളിയിൽ നിന്നു നേരിയ ഇടവേളയെടുത്ത നിഹാൽ കഴിഞ്ഞമാസമാണ് മത്സരരംഗത്തേക്കു തിരിച്ചുവന്നത്. ഐസ്‌ലൻഡ്, ഇംഗ്ലണ്ട്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. തൃശൂർ മെഡിക്കൽ കോളജിലെ അസി. പ്രഫസർ ഡോ. എ. സരിന്റെയും സൈക്യാട്രിസ്റ്റ് ഡോ. ഷിജിൻ എ. ഉമ്മറിന്റെയും മകനാണ്.

റേറ്റിങ് 2500 കടന്നു

ഫിഡെ റേറ്റിങ്ങിൽ 2500 പോയിന്റ് എന്ന നിർണായക നാഴികക്കല്ലു പിന്നിട്ടു നിഹാൽ സരിൻ. യൂത്ത് ചെസ് ഒളിംപ്യാഡിലെ പ്രകടനത്തോടെയാണ് നിഹാലിന്റെ ലൈവ് റേറ്റിങ് 2524 എത്തിയത്. ഒരുമാസത്തിനുള്ളിൽ ഫിഡെ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കും. 2500 ഫിഡെ റേറ്റിങ്ങും മൂന്ന് നോമും ആണ് ഗ്രാൻഡ് മാസ്റ്റർ പദവിക്കുള്ള മാനദണ്ഡമായി കണക്കാക്കുന്നത്. ഇതിൽ രണ്ടു കടമ്പകൾ നിഹാൽ പിന്നിട്ടു കഴിഞ്ഞു. രണ്ടു നോം കൂടി സ്വന്തമാക്കിയാൽ നിഹാൽ നേട്ടത്തിന്റെ നെറുകയിലെത്തും.