വരുന്നു, ഐപിഎൽ മാതൃകയിൽ വള്ളംകളി ലീഗ്; അരക്കോടിയിലേറെ രൂപ സമ്മാനം

തിരുവനന്തപുരം∙ നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതൽ കൊല്ലം പ്രസിഡന്റ്സ് ട്രോഫി മത്സരം വരെ ഉൾപ്പെടുത്തി ഐപിഎൽ മാതൃകയിൽ ടൂറിസം വകുപ്പ് നടത്തുന്ന ചാംപ്യൻസ് ബോട്ട് ലീഗിലെ വിജയികൾക്കു സമ്മാനത്തുക അരക്കോടിയിലേറെ രൂപ. ഒന്നാംസ്ഥാനത്തെത്തുന്നവർക്ക് 25 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിനു 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിനു 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക. 13 വേദികളിലായി 13 വള്ളംകളി മത്സരങ്ങളാണു നടത്തുക. 20 കോടി രൂപയാണു ചെലവ്. ഐപിഎൽ, ഐഎസ്എൽ പോലെയുള്ള ലീഗ് മത്സരങ്ങൾ നടത്തി പരിചയമുള്ള സ്പോർട്സ് മാനേജ്മെന്റ് ഏജൻസിയെ സംഘാടനത്തിനായി തിരഞ്ഞെടുക്കും.

ഏജൻസികളെ തിരഞ്ഞെടുക്കാനുള്ള കരാർ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഓരോവേദിയിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് അഞ്ചു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്കു മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും വീതം സമ്മാനത്തുക ലഭിക്കും. ലീഗിന് യോഗ്യത നേടുന്ന എല്ലാ ടീമുകൾക്കും ഓരോ മത്സരവേദിക്കും ബോണസായി നാലു ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്യും. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും മികച്ച സമയത്തിൽ എത്തിച്ചേരുന്ന ഒൻപത് ചുണ്ടൻ വള്ളങ്ങളാണു ചാംപ്യൻസ് ബോട്ട് ലീഗിൽ മത്സരിക്കാൻ യോഗ്യത നേടുന്നത്. ഓഗസ്റ്റ് 11 നു മത്സരങ്ങൾ തുടങ്ങും.

മൂന്നു ടീമുകൾ വീതം പങ്കെടുക്കുന്ന മൂന്നു ഹീറ്റ്സുകളായി പ്രാഥമിക മത്സരങ്ങൾ നടക്കും. മികച്ച സമയക്രമത്തിൽ എത്തുന്ന മൂന്ന് വള്ളങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഫൈനൽ മത്സരം നടത്തും. അവസാന സ്ഥാനങ്ങളിൽ എത്തുന്ന വള്ളങ്ങളെ പങ്കെടുപ്പിച്ചു ലൂസേഴ്സ് ഫൈനലുമുണ്ടായിരിക്കും. നവംബർ ഒന്നിനു കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ ചാംപ്യൻസ് ബോട്ട് ലീഗ് സമാപിക്കും.