‘ദരിദ്ര ഇന്ത്യ’യ്ക്കെന്തിന് കാറോട്ടവേദി? ഹാമിൽട്ടൺ പിടിച്ച ‘പുലിവാൽ’!

ഇന്ത്യയെ ദരിദ്രരാജ്യമെന്ന് ആക്ഷേപിച്ച ഫോർമുല വൺ കാറോട്ട ചാംപ്യൻ ലൂയിസ്‍ ഹാമിൽട്ടനെതിരെ വൻ പ്രതിഷേധം. ഇന്ത്യയെപ്പോലുള്ള ദരിദ്ര രാജ്യത്ത് എന്തിനാണ് എഫ് വൺ മൽസരം നടത്തുന്നതെന്നായിരുന്നു ഹാമിൽട്ടന്റെ ചോദ്യം. 2019 സീസണിൽ വിയറ്റ്നാം ഗ്രാൻപ്രി ഉൾപ്പെടുത്താനുള്ള ഫെഡറേഷന്റെ തീരുമാനത്തോടായിരുന്നു 5 വട്ടം കിരീടം ചൂടിയ ബ്രിട്ടിഷ് താരത്തിന്റെ പ്രതിഷേധം.

കാറോട്ട പാരമ്പര്യമില്ലാത്ത രാജ്യങ്ങളിൽ പുതുതായി മൽസരങ്ങൾ നടത്തേണ്ടതില്ലെന്നും ബ്രിട്ടൻ, ജർമനി, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ വേണമെങ്കിൽ കൂടുതൽ മൽസരങ്ങൾ നടത്താമെന്നുമായിരുന്നു ഹാമിൽട്ടന്റെ നിർദേശം. അതിനിടെയാണ് ഇന്ത്യയ്ക്കെതിരായ വിവാദ പരാമർശം.

ഫോർമുല വൺ മൽസരങ്ങൾ പരമ്പരാഗത യൂറോപ്യൻ വേദികൾ വിട്ട് ചൈന, ഇന്ത്യ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, അബുദാബി, ബഹ്റൈൻ, റഷ്യ, അസർബൈജാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കു കടന്നു വന്നതു സമീപകാലത്താണ്. സർക്യൂട്ടിന്റെ മനോഹാരിത കൊണ്ടും നടത്തിപ്പിലെ മികവു കൊണ്ടും യൂറോപ്യൻ വേദികളേക്കാൾ പലപ്പോഴും മികച്ചു നിൽക്കുന്നതു ഈ സർക്യൂട്ടുകളാണു താനും.

ഇന്ത്യക്കാരുടെ ട്വിറ്റർ തിരിച്ചടി

∙ ഇന്ത്യൻ ഗ്രാൻപ്രിയിൽ ജയിക്കാത്തതിന്റെ അസൂയ

∙ ഹാമിൽട്ടന്റെ രാജ്യമായ ബ്രിട്ടനാണ് ഇന്ത്യ യുടെ സമ്പത്ത് കവർന്നു ദരിദ്രമാക്കിയത്.

∙ ഇന്ത്യയല്ല, താങ്കളുടെ പൊതുവിജ്ഞാനമാണു ദരിദ്രം.

∙ എഫ് വണ്ണിനു കൂടുതൽ പ്രചാരം ലഭിക്കാൻ കൂടുതൽ രാജ്യങ്ങളിലേക്കു പടരണം.

∙ സിനിമകളിൽ കാണുന്ന ഇന്ത്യയല്ല യഥാർഥ ഇന്ത്യ. ഇവിടെ എഫ് വണ്ണിനും താങ്കൾക്കും ഏറെ ആരാധകരുണ്ടെന്നു മറക്കരുത്.

∙ സംസ്കാര വൈവിധ്യം കൊണ്ടു ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും.