ചെന്നൈ∙ ഈ വിജയം നിങ്ങൾക്കായി സ്പോൺസർ ചെയ്തതു കെഎസ്ഇബി - ദേശീയ സീനിയർ വനിതാ വോളിയിലെ കേരള വിജയത്തിനു മുന്നിൽ ഇങ്ങനെയൊരു ബാനർ കെട്ടാം. പത്തു വർഷത്തിനു ശേഷം കിരീടം കേരളത്തിലേക്കു കൊണ്ടുവന്ന ടീമിലെ 10 പേർ കെഎസ്ഇബിയിൽ നിന്നാണ്. രണ്ടു പേർ കേരള പൊലീസ് താരങ്ങൾ.
ടീം ഗെയിമിന്റെ കരുത്താണു ടൂർണമെന്റിൽ കേരളത്തിനു തുണയായത്. കലാശക്കളിയിൽ വ്യക്തിഗത മികവിൽ റെയിൽവേ താരങ്ങൾ ഒരുപിടി മുന്നിൽ നിന്നെങ്കിലും ഒത്തൊരുമ കൊണ്ടാണു കേരളം അതിനെ മറികടന്നത്. ശക്തിയും ദൗർബല്യവും പരസ്പരമറിയുന്ന ടീം രസതന്ത്രമാണു കിരീടത്തിനു വേണ്ടിയുള്ള 10 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.
ഭൂരിഭാഗം താരങ്ങൾ ഒരേടീമിൽ നിന്നായത് അതിനു സഹായിച്ചു. കെഎസ്ഇബിയിൽ നിന്നു വിരമിച്ചെങ്കിലും ടീം മാനേജരായി മുൻ രാജ്യാന്തര താരം ജയ്സമ്മ മൂത്തേടൻ ഒപ്പമുണ്ട്. സ്പോർട്സ്മാൻ സ്പിരിറ്റോടെ ടീമിനൊപ്പം നിൽക്കുന്ന കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ള, സ്പോർട്സ് ഓഫിസർ രാജേഷ് എന്നിവർക്കും കേരളം നന്ദി പറയണം.
കെഎസ്ഇബിക്കൊപ്പം തിരുവനന്തപുരം എൽഎൻസിപിഇക്കും കേരളത്തിന്റെ വിജയത്തിൽ ചെറുതല്ലാത്ത പങ്കുണ്ട്. കെഎസ്ഇബി ജീവനക്കാരാണെങ്കിലും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെന്റർ ഓഫ് എക്‌സലൻസ് സ്കീമിന്റെ ഭാഗമായി ടീമിലെ 10 താരങ്ങൾ എൽഎൻസിപിഇയിലാണു പരിശീലിക്കുന്നത്.
അവർക്കു വേണ്ട മറ്റു സൗകര്യങ്ങളും അവിടെയാണു നൽകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു ടീമുകളിൽ നിന്നു കേരളത്തെ വേർതിരിക്കുന്ന ഘടകം ഇതാണെന്നു ജയ്സമ്മ പറയുന്നു. എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. കിഷോർ, പരിശീലകൻ സണ്ണി ജോസഫ് എന്നിവരാണു ഇതിനു മുൻകയ്യെടുത്തത്.