ADVERTISEMENT

100 മീറ്റർ ഓട്ടം, ലോങ്ജംപ്, ഷോട്പുട്, ഹൈജംപ്, 400 മീറ്റർ ഓട്ടം, 110 മീറ്റർ ഹർഡിൽസ്, ഡിസ്കസ് ത്രോ, പോൾവോൾട്ട്, ജാവലിൻ ത്രോ, 1500 മീറ്റർ എന്നീ 10 ഇനങ്ങൾ ഉൾപ്പെടുന്നതാണ് ഡെക്കാത്‌ലൺ. ഏറ്റവും ഓൾറൗണ്ട് മികവു വേണ്ട കായിക ഇനം. 1976 മോൺട്രിയോൾ ഒളിംപിക്സിൽ യുഎസ് താരം ബ്രൂസ് ജെന്നർ ലോകറെക്കോർഡ‍ോടെ ഡെക്കാത്‌ലണിൽ സ്വർണം നേടി. അതേവർഷം ലോകത്തെ മികച്ച പുരുഷ അത്‌ലീറ്റായും തിര‍ഞ്ഞെടുക്കപ്പെട്ടു. എന്നാൽ ജെന്നർ ശരിക്കും ലോകത്തെ ഞെട്ടിച്ചത് 39 വർഷങ്ങൾക്കു ശേഷമാണ്. 2015ൽ ജെന്നർ ഒരു പ്രഖ്യാപനം നടത്തി– ‘ഞാൻ ഒരു സ്ത്രീയാണ്; എന്നെയിനി കെയ്റ്റ്‌ലിൻ എന്നു വിളിക്കുക’!

വില്യം ബ്രൂസ് ജെന്നർ എന്ന കെയ്റ്റ്‌ലിൻ മേരി ജെന്നറുടെ ജീവിതവും ഒരു ‘ഓൾറൗണ്ട്’ കഥയാണ്. 66–ാം വയസ്സുവരെ പുരുഷനായുള്ള ജീവിതം, ഒളിംപിക് സ്വർണം, പിന്നീട് വനിതയാണെന്നുള്ള വെളിപ്പെടുത്തൽ, സിനിമാഭിനയം, രാഷ്ട്രീയം... ഇപ്പോഴിതാ യുഎസിലെ കലിഫോർണിയ സംസ്ഥാനത്തിന്റെ ഗവർണറാകാൻ മത്സരിക്കുകയാണ് അവർ. അർനോൾഡ് ഷ്വാർസ്നെഗർ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ വഹിച്ച അതേ പദവി തന്നെ.

1949 ഒക്ടോബർ 28നു ന്യൂയോർക്കിലെ മൗണ്ട് കിസ്കോയിലാണ് ജെന്നറുടെ ജനനം. 1972 മ്യൂണിക് ഒളിംപിക്സിൽ മത്സരിച്ചെങ്കിലും 10–ാം സ്ഥാനമാണ് കിട്ടിയത്. പക്ഷേ സ്വർണം നേടിയ സോവിയറ്റ് യൂണിയന്റെ മിക്കോള അവിലോവിന്റെ പ്രകടനം ജെന്നർക്കു പ്രചോദനമായി. ‘അടുത്ത ഒളിംപിക്സിൽ ഞാൻ സ്വർണം നേടും’– ജെന്നർ അവിടെവച്ചു പ്രതിജ്ഞയെടുത്തു. ‘‘മ്യൂണിക്കിലെ തെരുവിൽ അന്നു രാത്രിതന്നെ ഞാൻ പരിശീലനം തുടങ്ങി..’’– ജെന്നർ പിൽക്കാലത്തു പറഞ്ഞു.

ജെന്നറുടെ 4 വർഷത്തെ കഠിനമായ പരിശീലനം ഫലം കണ്ടു. 1976 ഒളിംപിക്സിനു മുൻപു തന്നെ ലോകറെക്കോർഡ് തകർത്ത് ഫേവറിറ്റ് ആയാണ് ജെന്നർ മോൺട്രിയോളിൽ എത്തിയത്. ഒളിംപിക് ഡെക്കാത്‌ലണിന്റെ ആദ്യദിനം പോയിന്റ് നിലയിൽ രണ്ടാമതായിരുന്നെങ്കിലും പിറ്റേന്ന് ജെന്നർ ആ വ്യത്യാസം മറികടന്നു. 8618 പോയിന്റോടെ സ്വർണം. അന്നത്തെ ലോക റെക്കോർഡ് സ്കോർ ആയിരുന്നു അത്. മത്സരശേഷം യുഎസ് പതാക പുതച്ച് വിക്ടറി ലാപ്പ് നടത്തിയ ജെന്നർ അത്‌ലീറ്റുകൾക്കിടയിൽ അങ്ങനെയൊരു പതിവിനും തുടക്കമിട്ടു.

ഒളിംപിക് മത്സരവേദിയിൽ തന്റെ പോളുകൾ ഉപേക്ഷിച്ചാണ് ജെന്നർ പോയത്. മറന്നു വച്ചതായിരുന്നില്ല അവ. ‘ഒളിംപിക്സിനു ശേഷം മത്സരിക്കില്ല എന്നു ഞാൻ‌ നേരത്തേ തീരുമാനിച്ചിരുന്നു.’– ജെന്നർ വിശദീകരിച്ചു.

വീരപരിവേഷത്തിൽ യുഎസിൽ മടങ്ങിയെത്തിയ ജെന്നർ ആ പ്രശസ്തി നന്നായി ആസ്വദിച്ചു. ഭാര്യ ക്രിസ്റ്റിക്കൊപ്പമുള്ള ജെന്നറുടെ പര്യടനങ്ങൾ തരംഗമായി. സിനിമ, ടിവി, പരസ്യ ഷോകളിലൂടെ ജെന്നർ അമേരിക്കൻ സ്വീകരണമുറികളിലും പരിചിതനായി. അങ്ങനെയിരിക്കെയായിരുന്നു 2015 ഏപ്രിലിൽ ഒരു അഭിമുഖത്തിൽ താൻ സ്ത്രീയാണെന്നുള്ള ജെന്നറുടെ പ്രഖ്യാപനം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ജെന്നർ സ്ത്രീവേഷത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

വെളിപ്പെടുത്തലിനു പിന്നാലെ, 4 മണിക്കൂർ 3 മിനിറ്റിനുള്ളിൽ ജെന്നറുടെ ട്വിറ്റർ ഫോളോവേഴ്സ് 10 ലക്ഷം കടന്നു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിലുണ്ടായിരുന്ന ഗിന്നസ് റെക്കോർഡാണ് ജെന്നർ തിരുത്തിയത്. ഈ വർഷം നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ജെന്നർ കലിഫോർണിയ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടാൽ അതും ചരിത്രമാകും.

Content Highlights: William Bruce Jenner, Caitlyin Marie Jenner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com