റിയോയിൽ വഴികളെല്ലാം ബോൾട്ടിലേക്ക്; ടോക്കിയോയിൽ പുതുവഴിയേ ജേക്കബ്സ്!
റിയോയിൽ വേഗമെന്നതിന് ഒറ്റപ്പേരേയുണ്ടായിരുന്നുള്ളൂ. അതിനു മുൻപ് ലണ്ടനിലും ബെയ്ജിങ്ങിലും ഉണ്ടായിരുന്ന അതേ പേര്. ഉസൈൻ സെന്റ് ലിയോ ബോൾട്ട്. ബോൾട്ടിന്റെ അവസാന ഒളിംപിക്സാകും റിയോയിലേതെന്ന് ഉറപ്പായിരുന്നു....Usain Bolt, Rio Olympics, Marcell Jacobs, Marcell Jacobs record, Tokyo Olympics 2020
റിയോയിൽ വേഗമെന്നതിന് ഒറ്റപ്പേരേയുണ്ടായിരുന്നുള്ളൂ. അതിനു മുൻപ് ലണ്ടനിലും ബെയ്ജിങ്ങിലും ഉണ്ടായിരുന്ന അതേ പേര്. ഉസൈൻ സെന്റ് ലിയോ ബോൾട്ട്. ബോൾട്ടിന്റെ അവസാന ഒളിംപിക്സാകും റിയോയിലേതെന്ന് ഉറപ്പായിരുന്നു....Usain Bolt, Rio Olympics, Marcell Jacobs, Marcell Jacobs record, Tokyo Olympics 2020
റിയോയിൽ വേഗമെന്നതിന് ഒറ്റപ്പേരേയുണ്ടായിരുന്നുള്ളൂ. അതിനു മുൻപ് ലണ്ടനിലും ബെയ്ജിങ്ങിലും ഉണ്ടായിരുന്ന അതേ പേര്. ഉസൈൻ സെന്റ് ലിയോ ബോൾട്ട്. ബോൾട്ടിന്റെ അവസാന ഒളിംപിക്സാകും റിയോയിലേതെന്ന് ഉറപ്പായിരുന്നു....Usain Bolt, Rio Olympics, Marcell Jacobs, Marcell Jacobs record, Tokyo Olympics 2020
അപ്രതീക്ഷിത വേഗത്തോടെ അവസാന വര കടക്കുന്ന ലാമണ്ട് മാർസൽ ജേക്കബ്സ്. സ്ക്രീനിൽ ലോകത്തിലെ വേഗരാജാവിന്റെ സ്ഥാനത്ത് ആ പേരും സമയവും വിജയാഹ്ലാദവും. 9.80 സെക്കൻഡ്. ലോകം മുഴുവൻ അപ്രതീക്ഷിത വിജയിയുടെ മുഖത്തേക്കു നോക്കി. ആഹ്ലാദം സ്ഫുരിക്കുന്ന മുഖം. ലോകത്തിന്റെ നെറുകയിലാണ് താനെന്ന് ഇറ്റാലിയൻ താരം അവിശ്വസനീയതയോടെ തിരിച്ചറിഞ്ഞു.
കാനഡയുടെ ആന്ദ്രെ ഡി ഗ്രാസും യുഎസ് താരം ഫ്രെഡ് കെർലിയുമുൾപ്പെട്ട നിരയിൽ നിന്ന് 26 വയസ്സുകാരൻ മാർസൽ ജയിച്ചുകയറുമെന്ന് അത്രയ്ക്കാരും പ്രതീക്ഷിച്ചിരുന്നില്ല. ഫ്രെഡ് കെർലി വെള്ളിയും (9.84), ആന്ദ്രെ ഡി ഗ്രാസ് (9.89) വെങ്കലവും നേടുമ്പോൾ ആന്ദ്രെ ഡി ഗ്രാസ് ഇതേ വെങ്കലം സ്വന്തമാക്കിയ റിയോ ഒളിംപിക്സിന്റെ ഓർമയുണർന്നു പലരുടേയും മനസ്സുകളിൽ.
∙ വേഗപ്പോരിന്റെ ചടുലാന്തരീക്ഷം
റിയോയിൽ വേഗമെന്നതിന് ഒറ്റപ്പേരേയുണ്ടായിരുന്നുള്ളൂ. അതിനു മുൻപ് ലണ്ടനിലും ബെയ്ജിങ്ങിലും ഉണ്ടായിരുന്ന അതേ പേര്. ഉസൈൻ സെന്റ് ലിയോ ബോൾട്ട്. ബോൾട്ടിന്റെ അവസാന ഒളിംപിക്സാകും റിയോയിലേതെന്ന് ഉറപ്പായിരുന്നു. സ്വർണം കൊണ്ട് മടങ്ങുമോ എന്നറിയാനായിരുന്നു എല്ലാവരുടേയും പ്രതീക്ഷാപൂർണമായ കാത്തിരിപ്പ്. അതൊരരങ്ങായിരുന്നു. വേഗപ്പോരിന്റെ ചടുലാന്തരീക്ഷം.
റിയോയിലെ ഒളിംപിക് സ്റ്റേഡിയത്തിലേക്കായിരുന്നു വഴികളത്രയും ഒഴുകിക്കൊണ്ടിരുന്നത്. മുന്നിലും പിന്നിലും വശങ്ങളിലുമൊക്കെ സഞ്ചരിച്ചുകൊണ്ടിരുന്നവർക്കെല്ലാം ബോൾട്ടിന്റെ പേര്. ബോൾട്ട് എന്നെഴുതിയ ജമൈക്കയുടെ മഞ്ഞയും പച്ചയും കറുപ്പും കലർന്ന ജഴ്സി ധരിച്ചവരുടെ മുഖങ്ങളിലെല്ലാം ബോൾട്ടിന്റെ അവസാന ഒളിംപിക്സ് കാണാൻ പോകുന്നതിന്റെ വിസ്മയം ഉണ്ടായിരുന്നു.
ബെയ്ജിങ്ങിൽ തുടങ്ങി ലണ്ടനിലൂടെ വീശി റിയോയിൽ കൂടണഞ്ഞ കൊടുങ്കാറ്റ് ലോക കായികരംഗത്ത് ഒരു മായാപ്പേരാണ്. സമാനതകളില്ലാത്ത ഒരു ബ്രാൻഡ് നെയിം. 100, 200 മീറ്ററുകളിൽ പകരം വയ്ക്കാനാകാത്ത പോരാട്ടച്ചൂട്. ആ മഹത്തായ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പോകുന്നതിന്റെ നെഞ്ചിടിപ്പടങ്ങാതെനിന്നു. ഗാലറികളെ ഒപ്പം കൂട്ടിയായിരുന്നു എപ്പോഴും ബോൾട്ടിന്റെ പ്രകടനങ്ങൾ. എത്രയെത്ര പേരാണ് ബോൾട്ടിന്റെ പ്രതിരൂപങ്ങളായി ഗാലറിയിൽ മണിക്കൂറുകൾക്കു മുമ്പേ ഇടം പിടിച്ചത്. 10.25നു നടക്കേണ്ട ഫൈനലിന് ആറരയ്ക്ക് എത്തുമ്പോൾത്തന്നെ മീഡിയ ഗാലറി ഏറെക്കുറെ പൂർണം. ഗാലറികളിലേക്ക് ഒഴുക്കു തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. വൈകിയെത്തിയ മാധ്യമപ്രവർത്തകർ പലരും നിലത്തും മറ്റുമാണ് ഇടം പിടിച്ചത്.
സ്റ്റാർട്ടിങ് ബ്ലോക്ക് ലക്ഷ്യമാക്കി ബോൾട്ട് നടന്നുവരുന്നതുതന്നെ ഒരു കാഴ്ചയായിരുന്നു. നിരന്ന ഗജവീരന്മാർക്കു നടുവിലേക്കു ഗുരുവായൂർ കേശവനെത്തിയതു പോലെ. എതിരാളികൾ ഏഴും ഇരമ്പുന്ന ഗാലറികൾക്കു മുന്നിൽ അലിഞ്ഞില്ലാതെയായി. അവസാന ഒളിംപിക്സിൽ വേഗരാജാവായി ബോൾട്ട് വിട പറയുമോ എന്ന കാര്യത്തിൽ ചിലർക്കെങ്കിലും സന്ദേഹമുണ്ടായിരുന്നു. കാരണം, സെമിഫൈനലിലെ കുതിപ്പ് അത്രയ്ക്ക് ആധികാരികമായിരുന്നില്ല.
ബോൾട്ട് കിതച്ചുതുടങ്ങി എന്ന മട്ടിൽ അടക്കംപറച്ചിലുകൾ. അമേരിക്കൻ താരം ജസ്റ്റിൻ ഗാട്‌ലിൻ ഇക്കുറി നേടും എന്ന പറച്ചിലിന് ഇത്തിരി കനം വച്ചതുപോലെ. പക്ഷെ ബോൾട്ടിനുറപ്പായിരുന്നു. ഗാലറിയെ നോക്കിച്ചിരിച്ച ആ കണ്ണുകളിൽ ‘ഞാനല്ലാതെ മറ്റാര്’ എന്നൊരാത്മവിശ്വാസമുണ്ട്. നെഞ്ചിലേക്കു വിരൽ ചൂണ്ടിയുള്ള ആ നിൽപ്പിൽ, ജയിച്ചിരിക്കും എന്ന വിളംബരമുണ്ട്.
∙ തകർപ്പൻ തിരിച്ചുവരവ്
നാലാം ലൈനിലായിരുന്നു ഗാട്‌ലിൻ. അഞ്ചിൽ ഫ്രാൻസ് താരം ജിമ്മി വികോട്ട്. ആറിൽ നിൽക്കുന്ന ബോൾട്ടിനരികെ ഏഴാം ലൈനിൽ ഫ്രാൻസിന്റെ തന്നെ ആന്ദ്രെ ഡി ഗ്രാസ്. ആരും മോശക്കാരല്ല. ബോൾട്ടിന്റെ കൂട്ടുകാരൻ യൊഹാൻ ബ്ലേക്ക് ട്രാക്ക് ഒൻപതിൽ. 10 മീറ്റർ... 30 മീറ്റർ... 60 മീറ്റർ... ബോൾട്ട് പിന്നിലാണ്. ഗാട്‌ലിന്റെ അതിവേഗം തന്നെ മുന്നിൽ. ബോൾട്ട് ഗീയർ മാറ്റി. പിന്നെ അവിശ്വസനീയമായ കുതിപ്പ്. ഗാലറികൾ സമനില വീണ്ടെടുക്കുമ്പോഴേക്കും ഫിനിഷിങ് ലൈനും കടന്ന് ബോൾട്ട് ആകാശത്തേക്കു കൈകളെറിഞ്ഞിരുന്നു. ക്ലോക്കിൽ തെളിഞ്ഞു; 9.81 സെക്കൻഡ്.
200 മീറ്ററിലും ബോൾട്ടിന് എതിരാളികളുണ്ടായിരുന്നില്ല. മികച്ച സ്റ്റാർട്ടോടെ കുതിച്ച ബോൾട്ട് പകുതി വഴിയിൽത്തന്നെ മുന്നിലെത്തി. പിന്നെ പതിവുപോലെ ഫിനിഷിങ്. 19.78 സെക്കൻഡിൽ സീസണിലെ തന്റെ മികച്ച പ്രകടനം. ആന്ദ്രെ ഡി ഗ്രാസേയ്ക്കായിരുന്നു (20.02) വെള്ളി. ഫ്രാൻസിന്റെ ക്രിസ്റ്റോഫ് ലെമയ്ട്രേ (20.12)യ്ക്കു വെങ്കലവും. മൂന്ന് ഒളിംപിക്സുകളിൽ നിന്ന് എട്ടു സ്വർണം നേടി ട്രാക്കിലെ ചക്രവർത്തിയായി മാറിയ ജമൈക്കൻ ഇതിഹാസം തലയുയർത്തിയാണു മടങ്ങിയത്.
‘ഞാൻ മത്സരങ്ങളുടെ നിലവാരം ഉയർത്തിവച്ചു. ഇനി എന്നെ മറികടക്കാൻ ആർക്കെങ്കിലും കഴിയുക വിഷമമാകും.– തന്റെ റെക്കോർഡുകളുടെ ഉയരത്തെക്കുറിച്ച് ബോധവാനാണ് ബോൾട്ട്. തുടർച്ചയായ 3 ഒളിംപിക്സുകളിൽ 100, 200 മീറ്റർ എന്നിവയിലെ സ്വർണനേട്ടം കൈവരിക്കുന്ന ഏകതാരം. 100 മീറ്ററിൽ 9.58 സെക്കൻഡിലും 200ൽ 19.19 സെക്കൻഡിലും ലോക റെക്കോർഡിട്ട ബോൾട്ടിനെ മറികടക്കണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. ടോക്കിയോയിലും അതിനു മാറ്റമില്ല.
English Summary: After Bolt, Marsel Jacobs Sets New Record at Tokyo Olympics