‘തുണിയൂരൽ’ പ്രതിഷേധത്തിന് അഞ്ചാണ്ട്; ‘സസ്പെൻസ്’ വിടാതെ ഒളിംപിക് ഗോദ!
സീൻ ഒന്ന്: മത്സരം അവസാനിക്കാൻ 2 മിനിറ്റ് ശേഷിക്കെ 2–9നു പിന്നിലാകുക. 7–9നു പിന്നിട്ടുനിൽക്കെ എതിരാളിയെ മലർത്തിയടിച്ചു നാടകീയ ജയത്തോടെ ഫൈനലിലേക്കു മാർച്ചു ചെയ്യുക, അതും 40 സെക്കൻഡ് മാത്രം ശേഷിക്കെ! സീൻ രണ്ട്: മത്സരത്തിന്റെ ആദ്യാവസാനം ലീഡ് നിലനിർത്തിയ ശേഷം അവസാന 5 സെക്കൻഡിലെ പിഴവിന്റെ പേരിൽ മത്സരം
സീൻ ഒന്ന്: മത്സരം അവസാനിക്കാൻ 2 മിനിറ്റ് ശേഷിക്കെ 2–9നു പിന്നിലാകുക. 7–9നു പിന്നിട്ടുനിൽക്കെ എതിരാളിയെ മലർത്തിയടിച്ചു നാടകീയ ജയത്തോടെ ഫൈനലിലേക്കു മാർച്ചു ചെയ്യുക, അതും 40 സെക്കൻഡ് മാത്രം ശേഷിക്കെ! സീൻ രണ്ട്: മത്സരത്തിന്റെ ആദ്യാവസാനം ലീഡ് നിലനിർത്തിയ ശേഷം അവസാന 5 സെക്കൻഡിലെ പിഴവിന്റെ പേരിൽ മത്സരം
സീൻ ഒന്ന്: മത്സരം അവസാനിക്കാൻ 2 മിനിറ്റ് ശേഷിക്കെ 2–9നു പിന്നിലാകുക. 7–9നു പിന്നിട്ടുനിൽക്കെ എതിരാളിയെ മലർത്തിയടിച്ചു നാടകീയ ജയത്തോടെ ഫൈനലിലേക്കു മാർച്ചു ചെയ്യുക, അതും 40 സെക്കൻഡ് മാത്രം ശേഷിക്കെ! സീൻ രണ്ട്: മത്സരത്തിന്റെ ആദ്യാവസാനം ലീഡ് നിലനിർത്തിയ ശേഷം അവസാന 5 സെക്കൻഡിലെ പിഴവിന്റെ പേരിൽ മത്സരം
സീൻ ഒന്ന്: മത്സരം അവസാനിക്കാൻ 2 മിനിറ്റ് ശേഷിക്കെ 2–9നു പിന്നിലാകുക. 7–9നു പിന്നിട്ടുനിൽക്കെ എതിരാളിയെ മലർത്തിയടിച്ചു നാടകീയ ജയത്തോടെ ഫൈനലിലേക്കു മാർച്ചു ചെയ്യുക, അതും 40 സെക്കൻഡ് മാത്രം ശേഷിക്കെ!
സീൻ രണ്ട്: മത്സരത്തിന്റെ ആദ്യാവസാനം ലീഡ് നിലനിർത്തിയ ശേഷം അവസാന 5 സെക്കൻഡിലെ പിഴവിന്റെ പേരിൽ മത്സരം 2–4നു തോൽക്കുക.
ടോക്കിയോയിലെ ഒളിംപിക് ഗോദയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ കോടിക്കണക്കിന് ഇന്ത്യൻ ആരാധകരുടെ മനസ്സു നിറയ്ക്കുകയും ചങ്കു തകർക്കുകയും ചെയ്ത രണ്ടു രംഗങ്ങളാണിത്. 57 കിലോഗ്രം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കസഖ്സ്ഥാന്റെ നൂറിസ്ലാം സനായേവിനെ മലർത്തിയടിച്ച് ഇന്ത്യയുടെ രവികുമാർ ദഹിയ ഫൈനൽ പ്രവേശത്തോടെ വെള്ളി ഉറപ്പിച്ചതാണ് ആദ്യത്തെത്. 86 കിലോഗ്രാം വിഭാഗത്തിൽ സാൻ മാരിനോയുടെ മൈൽസ് അമീനെതിരെ ദീപക് പൂനിയ വെങ്കലം കൈവിട്ട കാഴ്ച രണ്ടാമത്തെതും.
മത്സരത്തിനു പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിയെ അദ്ദേഹത്തിന്റെ മുറിയിലെത്തി കയ്യേറ്റം ചെയ്ത കുറ്റത്തിനു ദീപകിന്റെ വിദേശ പരിശീലകൻ മുറാദ് ഗായ്ദരോവിനെ ടോക്കിയോ ഒളിപിക് വില്ലേജിൽനിന്നു പുറത്താക്കി. ഇതോടെ ഗായ്ദരോവുമായുള്ള കരാർ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ റദ്ദാക്കുകയും ചെയ്തു. ക്വാർട്ടർ മത്സരത്തിലെ തോൽവിക്കു പിന്നാലെ എതിരാളിയെ ഗോദയ്ക്കു പുറത്തുവച്ച് കയ്യേറ്റം ചെയ്തതിനു 2004 ഏതൻസ് ഒളിംപിക്സിൽനിന്നു വിലക്കു നേരിടേണ്ടിവന്ന താരം കൂടിയാണു ബലാറൂസുകാരനായ ഗായ്ദരോവ്.
എന്നാൽ 2016 റിയോ ഒളിംപിക്സിൽ വെങ്കല മെഡൽ മത്സരം തോറ്റ ഗുസ്തി താരത്തിന്റെ പരിശീലകർ ഗോദയിൽ പരസ്യമായി വസ്ത്രം ഉരിഞ്ഞതുവച്ചു നോക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരം!
∙ മെഡലിനായി ഇഞ്ചോടിഞ്ച്
2016 റിയോ ഒളിംപിക്സിന്റെ അവസാന ദിനം. 65 കിലോഗ്രാം വിഭാഗം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ വെങ്കല മെഡലിനായുള്ള പോരാട്ടം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ഇത്തവണ ടോക്കിയോയിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയ വെങ്കലം നേടിയ അതേ ഇനം, അതേ മത്സരം.
ഉസ്ബക്‌സ്ഥാൻ ഇക്തിയോർ നവ്റുസോവും മംഗോളിയയുടെ മൻഡാഖ്നരൻ ഗാൻസോരിഗുമാണു കളത്തിൽ. 2010 ഗ്വാങ്ചോ ഏഷ്യൻ ഗെയിംസിലെ (60 കിലോഗ്രം) സ്വർണ മെഡൽ ജേതാവാണു ഗാൻസോരിഗ്. 2013, 2014 ലോക ചാംപ്യൻഷിപ്പുകളിൽ വെങ്കലവും നേടിയിട്ടുണ്ട്. 2015 ലോക ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവാണു മറുവശത്ത്. 2012 ലണ്ടൻ ഒളിംപിക്സിൽ വെള്ളി നേടിയ ഇന്ത്യയുടെ സുശീൽ കുമാറിനോടു ക്വാർട്ടറിൽ പൊരുതിവീണ താരം കൂടിയാണു നവ്റുസോവ്.
ലീഡ് നില പലവട്ടം മാറി മറിഞ്ഞ ആവേശപ്പോരാട്ടം അവസാന സെക്കൻഡുകളിലേക്ക്... ഗാൻസോരിഗാണു (7–6) മുന്നിൽ. 18 സെക്കൻഡുകൾ കൂടി പോയിന്റ് വഴങ്ങാതെ പിടിച്ചുനിന്നാൽ വെങ്കലം ഉറപ്പിക്കാം. പ്രതിരോധത്തിലേക്കു വലിയുന്നതിനു പകരം എതിരാളിക്കു പിടികൊടുക്കാതെ സമയം തള്ളി നീക്കാനായിരുന്നു ഗാൻസോരിഗിന്റെ തീരുമാനം.
നവ്റുസോവിനെ പരിഹസിക്കുന്ന മട്ടിൽ ഗോദയിൽ നൃത്തച്ചുവടുകൾവച്ചു ഗാൻസോരിഗ് ഒഴിഞ്ഞുനിന്നു. മത്സരം അവസാനിക്കാൻ 2 സെക്കൻഡുകൾ ശേഷിക്കെ വിജയാഘോഷംവരെ നടത്തിയ ഗാൻസോരിഗിനെ എടുത്തുയർത്തി മത്സരശേഷം കോച്ച് റിങ്ങിനു വലംവച്ചു. 7–6നു മത്സരം ജയിച്ചു വെങ്കലം നേടിയതിന്റെ ആവേശത്തിലാണു മംഗോളിയൻ ക്യാംപ്.
എന്നാൽ ക്ലൈമാക്സിനു മുൻപുള്ള ആന്റിക്ലൈമാക്സ് മാത്രമായിരുന്നു അതെന്നു കാണികളും ആരാധകരും വൈകാതെ തിരിച്ചറിഞ്ഞു. എതിരാളിക്കു പിടികൊടുക്കാതെ ഓടി മാറുകയും ഗുസ്തിയിൽ ഏർപ്പെടാൻ വിസമ്മതിക്കുകയും ചെയ്ത കുറ്റത്തിനു മംഗോളിയൻ താരത്തിന് ഒരു പോയിന്റ് പെനൽറ്റി ചുമത്തിയതായി വിധികർത്താക്കൾ നിമിഷങ്ങൾക്കകം പ്രഖ്യാപിച്ചു. ഉസ്ബഖ് താരത്തിന്റെ അപ്പീലിൽ ആയിരുന്നു പുനർവിചിന്തനം.
ഇതോടെ മത്സരം അവസാനിച്ചപ്പോൾ സ്കോർ 7–7നു തുല്യനിലയിലായി. മത്സരം തുല്യനിലയിലായാൽ അവസാന പോയിന്റ് നേടിയ താരത്തെ വിജയിയായി പ്രഖ്യാപിക്കുമെന്ന നിയമം അറിയാവുന്ന ഉസ്ബഖ് താരവും പരിശീലകരും ഇതോടെ ആഘോഷം തുടങ്ങി. ഞെട്ടിത്തരിച്ചുനിന്ന മംഗോളിയൻ ക്യാംപിനെ സാക്ഷിയാക്കി മറ്റൊന്നു കൂടി ഗോദയിൽ നടന്നു. ഒളിംപിക്സ് അതുവരെ കണ്ടിട്ടില്ലാത്ത പുത്തൻ സമരമുറ!
∙ മെഡൽ ഇല്ലാതെ വസ്ത്രവും വേണ്ട
വിധികർത്താക്കളുടെ വിവാദ തീരുമാനപ്രകാരം കൈപ്പിടിയിൽനിന്നു മെഡൽ വഴുതിപ്പോയതോടെ മംഗോളിയൻ താരത്തിന്റെ 2 പരിശീലകരും കടുത്ത അമർഷത്തോടെ ഗോദ കയ്യടക്കി. വിധികർത്താക്കളെ ലക്ഷ്യമാക്കി ധരിച്ചിരുന്ന വസ്ത്രങ്ങൾ ഓരോന്നായി ഊരിയെറിഞ്ഞു പ്രതിഷേധം തീർത്തു. ഇതിൽ ഒരാൾ ഊരിയെറിഞ്ഞ ഷൂ, നിലത്തിടച്ചതിനു ശേഷം വിധികർത്താക്കളിൽ ഒരാളുടെ നേരെയാണു തെറിച്ചുവന്നത്. പരിശീലകരിൽ ഒരാൾ ടീ ഷർട്ട് മാത്രം വലിച്ചൂരിയപ്പോൾ മറ്റൊരാൾ അടിവസ്ത്രം ഒഴികെയുള്ളതല്ലാം ‘ബഹിഷ്കരിച്ചു’.
പ്രതിഷേധം കടുത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവരെയും ബലംപ്രയോഗിച്ചു പുറത്തേക്കു നീക്കി. പരിശീലകർ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നു കണ്ടെത്തിയ വിധികർത്താക്കൾ മംഗോളിയൻ താരത്തിന് ഒരു പോയിന്റ് പെനൽറ്റി കൂടി ചുമത്തിയതോടെ 7–8 എന്ന സ്കോറിൽ ഉസ്ബഖ് താരം ജേതാവ്. വിജയിയായി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപു നവ്റുസോവിനു ഹസ്തദാനം നൽകിയെങ്കിലും വിധികർത്താക്കളോടുള്ള പ്രതിഷേധാർഥം ഗാൻസോരിഗ് ഔദ്യോഗിക ഫല പ്രഖ്യാപനത്തിനു മുൻപു വേദി വിട്ടു.
∙ എത്ര ‘മനോഹരമായ’ ആചാരങ്ങൾ
‘വിധിനിർണയത്തിലുള്ള പ്രതിഷേധമാണു ഞങ്ങൾ രേഖപ്പെടുത്തിയത്. 7–6നു വിജയിച്ച മത്സരം ഗാൻസോരിഗ് തോറ്റതു വിധികർത്താക്കളുടെ തീരുമാനം കൊണ്ടാണ്. ഗുസ്തിയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ പെനൽറ്റി പോയിന്റ് ചുമത്തുന്നത്. റഫറിമാരാണു തെറ്റുകാർ.
അവർ ഉസ്ബഖ്സ്ഥാന് ഒപ്പമായിരുന്നു. മംഗോളിയിയിലെ 30 ലക്ഷം ആളുകൾ ഈ വെങ്കലത്തിനായാണു കാത്തിരുന്നത്, പക്ഷേ ഞങ്ങൾക്ക് ഇപ്പോൾ മെഡല്‍ ഇല്ല. സ്റ്റേഡിയത്തിലെ 100 ശതമാനം ആളുകളും ഞങ്ങൾക്കൊപ്പമായിരുന്നു,’ മംഗോളിയൻ പരിശീലകരിൽ ഒരാളായ ബായാംബാരിൻചിൻ ബാരിയ മത്സരശേഷം പ്രതികരിച്ചത് ഇങ്ങനെ.
എന്തായാലും 65 കിലോഗ്രം വിഭാഗത്തിൽ സ്വർണം നേടിയ റഷ്യയുടെ സോസ്‌ലാൻ റാമനോവിനെപ്പോലും ‘നിഷ്പ്രഭ’നാക്കിയ പരിശീലകരുടെ പ്രകടനം നേടിയ വൻ വാർത്താപ്രാധാന്യത്തോടെയാണു റിയോ ഒളിംപിക്സ് കൊടിയിറങ്ങിയത്. വിഷയം അതുകൊണ്ടും തീർന്നില്ല. ലോക ഗുസ്തി ഫെഡറേഷൻ രണ്ടു പരിശീലകരെയും 3 വർഷത്തേക്കു വിലക്കി. വിലക്കിന്റെ കാലാവധി 2019 ഓഗസ്റ്റ് 20നാണ് അവസിനിച്ചത്. ഇതിനു പുറമേ മംഗോളിയൻ ഗുസ്തി ഫെഡറേഷനു 50,000 യുഎസ് ഡോളർ പിഴയും ചുമത്തി.
മംഗോളിയയിൽ വസ്ത്രം അഴിച്ചുള്ള പ്രതിഷേധം സ്വാഭാവികമാണ് എന്നതാണ് മറ്റൊരു കൗതുകം. സമാധാനപരമായ പ്രതിഷേധ മുറയായാണ് ആ നാട്ടുകാർ ഇതിനെ കരുതുന്നത്. എന്നാൽ ലോക ഗുസ്തി ഫെഡറേഷനും ഒളിംപിക്സിലെ വിധികർത്താക്കൾക്കും ഇക്കാര്യം അറിയില്ലായിരുന്നെന്നു മംഗോളിയൻ പരിശീലകർക്കും പിന്നീടു പിടികിട്ടിക്കാണുമെന്ന് ഉറപ്പ്. ഗോദയിൽ ഇനി ഇതല്ല, ഇതിനപ്പുറം കാണേണ്ടിവരുമെന്ന കാര്യത്തിലും ആർക്കും തർക്കം ഉണ്ടാകാനും ഇടയില്ല!
English Summary: Interesting sequences in Olympic boxing ring, controversy in 2016 Rio Olympics