ഔസേപ്പ് സാർ പറഞ്ഞു, അഞ്ജുവിനെ ക്യാംപിലെടുത്തു; പിന്നെ പിറന്നത് ചരിത്രം
ഒരു പത്തൊമ്പതുകാരി കോട്ടയംകാരി പെൺകുട്ടിക്ക് 1990–കളുടെ മധ്യത്തിൽ അത്‌ലറ്റിക്‌സിലെ ദേശീയ ക്യാംപിലേക്കു സിലക്‌ഷൻ കിട്ടി. ലോങ്ജംപുകാരിയായ ആ അത്‌ലീറ്റിന്റെ പ്രൊഫൈലിലൂടെ കടന്നു പോയപ്പോൾ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അന്നത്തെ സെക്രട്ടറി ജനറൽ ലളിത് ഭാനോട്ടിനു സംശയം: ‘ഇവളെ ക്യാംപിലേക്ക് എടുക്കുന്നത്
ഒരു പത്തൊമ്പതുകാരി കോട്ടയംകാരി പെൺകുട്ടിക്ക് 1990–കളുടെ മധ്യത്തിൽ അത്‌ലറ്റിക്‌സിലെ ദേശീയ ക്യാംപിലേക്കു സിലക്‌ഷൻ കിട്ടി. ലോങ്ജംപുകാരിയായ ആ അത്‌ലീറ്റിന്റെ പ്രൊഫൈലിലൂടെ കടന്നു പോയപ്പോൾ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അന്നത്തെ സെക്രട്ടറി ജനറൽ ലളിത് ഭാനോട്ടിനു സംശയം: ‘ഇവളെ ക്യാംപിലേക്ക് എടുക്കുന്നത്
ഒരു പത്തൊമ്പതുകാരി കോട്ടയംകാരി പെൺകുട്ടിക്ക് 1990–കളുടെ മധ്യത്തിൽ അത്‌ലറ്റിക്‌സിലെ ദേശീയ ക്യാംപിലേക്കു സിലക്‌ഷൻ കിട്ടി. ലോങ്ജംപുകാരിയായ ആ അത്‌ലീറ്റിന്റെ പ്രൊഫൈലിലൂടെ കടന്നു പോയപ്പോൾ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അന്നത്തെ സെക്രട്ടറി ജനറൽ ലളിത് ഭാനോട്ടിനു സംശയം: ‘ഇവളെ ക്യാംപിലേക്ക് എടുക്കുന്നത്
ഒരു പത്തൊമ്പതുകാരി കോട്ടയംകാരി പെൺകുട്ടിക്ക് 1990–കളുടെ മധ്യത്തിൽ അത്‌ലറ്റിക്‌സിലെ ദേശീയ ക്യാംപിലേക്കു സിലക്‌ഷൻ കിട്ടി. ലോങ്ജംപുകാരിയായ ആ അത്‌ലീറ്റിന്റെ പ്രൊഫൈലിലൂടെ കടന്നു പോയപ്പോൾ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അന്നത്തെ സെക്രട്ടറി ജനറൽ ലളിത് ഭാനോട്ടിനു സംശയം: ‘ഇവളെ ക്യാംപിലേക്ക് എടുക്കുന്നത് അബദ്ധമാകുമോ? രാജ്യാന്തരതലത്തിൽ മികവു തെളിയിക്കാൻ കെൽപില്ലാത്തയാളെ ദേശീയ ക്യാംപിലേക്ക് എടുത്ത് മറ്റൊരാളുടെ അവസരം കളയുന്നതെന്തിനാണ്?’
ഇത്തരം ആശങ്കകൾക്കു നടുവിൽ ആ അത്‌ലീറ്റിന്റെ ഭാവി കുരുങ്ങിക്കിടക്കവെ അന്നു ദേശീയ ക്യാംപിൽ ജംപിനങ്ങളുടെ പരിശീലകനായിരുന്ന മലയാളി രണ്ടും കൽപിച്ച് ഭാനോട്ടിനോടു പറഞ്ഞു: ‘മിസ്റ്റർ ഭാനോട്ട്, എനിക്ക് ആ കുട്ടിയെ അറിയാം. അവളുടെ ഉയരവും ശരീരഘടനയും മാത്രം പരിഗണിച്ചാൽ ലോങ്ജംപിൽ മികച്ച പ്രകടനം നടത്താൻ കഴിവുള്ളയാളാണെന്നു നിസംശയം ഞാൻ ഉറപ്പു നൽകാം. എന്റെ വാക്കിൽ നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ അവളെ ക്യാംപിലെടുക്കണം. നമുക്ക് ഒരു ടാർഗറ്റ് നിശ്ചയിച്ച് അവൾക്കു കൊടുക്കാം.’ ആ പരിശീലകന്റെ വാക്കിനു ഭാനോട്ട് വിലകൊടുത്തു. പെൺകുട്ടി ക്യാംപിലെത്തി.
പിൽക്കാലത്ത് ഇന്ത്യൻ കായിക ചരിത്രത്തിൽ ഇടംപിടിച്ചു ആ അത്‌ലീറ്റ്. ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ ഒരേയൊരു ഇന്ത്യൻ താരമെന്ന അവളുടെ റെക്കോർഡിന് ഇനിയും ഇളക്കം തട്ടിയിട്ടില്ല. അതെ, അഞ്ജു ബോബി ജോർജ് തന്നെ. ലോക കായികവേദികളിൽ വനിതാ ലോങ്ജംപിൽ ഇന്ത്യയുടെ പേര് ഏറെക്കാലം മുഴക്കിയ മലയാളികളുടെ സ്വന്തം അഞ്ജു. അന്നത്തെ ആ പരിശീലകനെയും കേരളം നന്നായി അറിയും. ടി.പി. ഔസേപ്പ്. ആർക്കു മുന്നിലും തലകുനിക്കാതെ ഉള്ള കാര്യം ഉള്ളതുപോലെ തുറന്നു പറയുന്നയാൾ. കായിക പരിശീലനരംഗത്തെ ആജീവനാന്ത മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം നൽകി രാജ്യം ഈ എഴുപത്തഞ്ചുകാരനെ ആദരിച്ചിട്ട് കുറച്ചു ദിവസമായിട്ടേയുള്ളൂ. അദ്ദേഹം സംസാരിക്കുന്നു...
∙ ദ്രോണാചാര്യ വൈകിയോ?
എനിക്ക് 75 വയസ്സായി. പരിശീലകനായി ഞാൻ പണി തുടങ്ങിയിട്ട് കൃത്യം 40 വർഷമായി. ഞാൻ ശിക്ഷണം കൊടുത്ത ബോബി അലോഷ്യസും ലേഖ തോമസും അഞ്ജു ബോബി ജോർജുമൊക്കെ ഏതു കാലത്തേ വലിയ മെഡൽ നേട്ടങ്ങൾ കൈവരിച്ചവരാണ്. 5 തവണ ഞാൻ ദ്രോണാചാര്യയ്ക്കായി അപേക്ഷ നൽകി. 5 തവണയും നിരസിക്കപ്പെട്ടു. പല കാര്യങ്ങളിലും എന്റെ തുറന്നു പറച്ചിൽ പലർക്കും ഇഷ്ടമില്ല. ആരുടെയും അടിമയായി നിൽക്കാൻ എന്നെ കിട്ടില്ല. അതായിരിക്കാം കാരണം. ഇക്കാരണത്താൽ പലതും എനിക്കു നഷ്ടമായിട്ടുണ്ട്. ദേശീയ കായിക പുരസ്‌കാരവും അങ്ങനെ നഷ്ടപ്പെട്ടതാകാം.
ഏതായാലും ഇത്തവണ 6-ാം തവണ എനിക്കു കിട്ടി. സന്തോഷം. നന്ദി. 2003 മുതൽ ഞാൻ കോതമംഗലം എംഎ കോളജിൽ കായിക പരിശീലകനായി ജോലി ചെയ്തു. ദിവസം 64 കിലോമീറ്റർ വരെ യാത്ര ചെയ്താണു ഞാൻ എന്റെ ജോലി ചെയ്തത്. എത്രയെത്ര താരങ്ങളെ ആ കോളജിൽനിന്നു ഞാൻ വളർത്തിയെടുത്തു. പക്ഷേ, ഒടുവിൽ എന്നെ അവർ പുറത്താക്കി. ഞാൻ ചില കാര്യങ്ങൾ തുറന്നു പറയും. അതാകാം കാരണം. ഇതുപോലെ എത്രയോ അനുഭവങ്ങൾ എന്റെ ജീവിതത്തിലുണ്ടെന്നോ? അതൊക്കെ പുറത്തു പറഞ്ഞാൽ പലർക്കും വേദനിക്കും. അതു വേണ്ടാ. ഞാനായിട്ട് ഈ വയസ്സുകാലത്ത് എന്തിനാണു മറ്റുള്ളവർക്കു പ്രശ്‌നമുണ്ടാക്കാൻ പോകുന്നത്. പറയാനാണെങ്കിൽ ഒരുപാടുണ്ട്.
∙ എയർഫോഴ്സ് ചാംപ്യനായിരുന്നല്ലോ?
ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലത്തു തുടങ്ങി മിഠായി പെറുക്കു മുതൽ സ്‌കൂളിലെ ഏതു മത്സരത്തിലും ഞാൻ മുൻപന്തിയിലുണ്ടാകും. ഓടാനും ചാടാനുമൊക്കെ റെഡിയായി മുന്നിൽ ഞാനുണ്ടായിരുന്നു. ഫുട്‌ബോളിലും ബാഡ്മിന്റനിലുമൊക്കെ എന്റെ കാൽപ്പാടുകൾ പതിഞ്ഞു. എന്റെ പിതാവ് തെക്കേമാലിൽ ടി.വി.പൗലോസ് കർഷകനും മലഞ്ചരക്ക് വ്യാപാരിയുമായിരുന്നു. അമ്മ പൂനേലി അന്നമ്മ. 8 മക്കളിൽ ഏഴാമനായിരുന്നെങ്കിലും അതിന്റെ പരിഗണനയൊന്നും എനിക്കു കിട്ടിയിരുന്നില്ല.
വീട്ടിലെ എല്ലാ പണികളും ചെയ്യണമായിരുന്നു. പെരുമ്പാവൂർ കുറുപ്പംപടി എംജിഎം എച്ച്എസിലായിരുന്നു സ്‌കൂൾ പഠനം. പഴയ അഡീഷനൽ ചീഫ് സെക്രട്ടറി ഡി.ബാബുപോളിന്റെയും എയർ ഇന്ത്യ മുൻ മേധാവി റോയ് പോളിന്റെയും പിതാവ് അക്കാലത്ത് അവിടെ ഹെഡ്മാസ്റ്ററായിരുന്നു. പ്രീഡിഗ്രി കോതമംഗലം എംഎ കോളജിൽ. അക്കാലത്താണ് എയർഫോഴ്‌സിലെ ജോലിയെക്കുറിച്ചു കേട്ടത്. ചേട്ടൻമാർ വഴി അപ്പന്റെ മുന്നിൽ വിഷയം അവതരിപ്പിച്ചു. അന്നത്തെക്കാലമല്ലേ? ജോലി കിട്ടിയാൽ ജീവിതം രക്ഷപ്പെട്ടു എന്നു കരുതുന്ന കാലമാണ്. അങ്ങനെ 1964ൽ വ്യോമസേനയിൽ ടെക്‌നീഷ്യനായി ചേർന്നു. അവിടെയും സ്‌പോർട്‌സ് തുടർന്നു. 13 വർഷം എയർഫോഴ്‌സിൽ അത്‌ലറ്റിക് ചാംപ്യനായിരുന്നു. 68ൽ ഞാൻ മറികടന്നതു സാക്ഷാൽ എ.കെ.കുട്ടിയെ (മുൻ ദ്രോണാചാര്യ ജേതാവ്, എം.ഡി.വൽസമ്മയുടെയും മേഴ്സി കുട്ടന്റെയുമൊക്കെ പരിശീലകൻ) ആണ്.
അദ്ദേഹം പിന്നീട് എന്റെ പരിശീലകനായെന്നതു വേറെ കാര്യം. അന്നു മുതൽ ഞാൻ ദേശീയ ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തെങ്കിലും മെഡലിലേക്ക് എത്തിയില്ല. അതിന്റെ കാരണം എനിക്കു വ്യക്തമായി അറിയാമായിരുന്നു. ശരിക്കും പറഞ്ഞാൽ ഒരു ഗുണ്ടുമണി ശരീരമായിരുന്നു എന്റേത്. പൊക്കം കുറവ്. ഉരുണ്ടിരിക്കുന്ന ശരീരം. രാജ്യാന്തരതലത്തിൽ മെഡൽ നേടാൻ എന്റെ ശരീരംകൊണ്ടു പറ്റില്ലെന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. പിന്നീടു പരിശീലകനായി ജോലി ചെയ്യുമ്പോഴും ആളുകളുടെ ശരീരം അനലൈസ് ചെയ്തു നിഗമനങ്ങളിലെത്താൻ എനിക്കു പെട്ടെന്നു കഴിയുമായിരുന്നു. 1981ൽ എയർഫോഴ്‌സിൽനിന്ന് ഇറങ്ങി. പിന്നീടു ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിലൂടെ പരിശീലകനായി. പുരുഷ ലോങ്ജംപിലെ ഇപ്പോഴത്തെ ദേശീയ റെക്കോർഡുകാരൻ എം.ശ്രീശങ്കറിന്റെ പിതാവ് എസ്.മുരളി അന്ന് അവിടെ വിദ്യാർഥിയായിരുന്നു.
മുരളിയെ ഹൈജംപിൽനിന്നു ട്രിപ്പിളിലേക്കു മാറ്റിയതു ഞാനാണ്. മുരളി പിന്നീടു സാഫ് ഗെയിംസിൽ ഉൾപ്പെടെ ട്രിപ്പിൾ ജംപിൽ മെഡൽ നേടി. 85 മുതൽ 92 വരെ തൃശൂർ വിമല കോളജിലായിരുന്നു സേവനം. അന്നവിടെ കായികവിഭാഗത്തിലുണ്ടായിരുന്ന പ്രഫ. ആനി വർഗീസിന്റെ പിന്തുണയാൽ ഒട്ടേറെത്താരങ്ങളെ കണ്ടെത്താനായി. ഡോളി കെ.ജോസഫ്, ആൻസി ജോസഫ്, ഡൈമി കെ.വർഗീസ്, മേരി തോമസ്, കെ.ആർ.ദീപ അങ്ങനെ എത്രയോ പേർ... അതിൽ ബോബിയെയും ലേഖയെയും ദേശീയ, രാജ്യാന്തര തലങ്ങളിലേക്ക് എത്തിക്കാനായി. വിമലയിൽ അഞ്ജു ഒരു വർഷമേ എനിക്കൊപ്പം പരിശീലനം നടത്തിയിരുന്നുള്ളൂ. 1994ൽ എന്നെ ദേശീയ ക്യാംപിലേക്കു വിളിച്ചു. ജംപിനങ്ങളുടെ ചുമതലയായിരുന്നു എനിക്ക്. എന്റെ അടുത്തെത്തുമ്പോൾ 4.60 മീറ്റർ ചാടിയിരുന്ന ലേഖ പിന്നീട് 6.32 മീറ്റർ ചാടി ഏഷ്യൻ ജൂനിയർ ചാംപ്യൻഷിപ്പിൽ മെഡൽ നേടി. ബോബിയുടെയും കാര്യം അങ്ങനെയൊക്കെ തന്നെ.
∙ പരിശീലനം നിർത്തുമോ?
എനിക്കു കഴിയുന്നിടത്തോളം കാലം പരിശീലകനായി തുടരണമെന്നാണ് ആഗ്രഹം. ശാരീരിക പ്രശ്നങ്ങളുണ്ട്. പ്രായമായി വരുകയല്ലേ? ഇപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പരിശീലകനാണ്. ഒരു സ്കൂൾ കായികമേള കഴിഞ്ഞപ്പോഴാണു സാന്ദ്ര ബാബു എന്ന കുട്ടി എന്റെ അടുക്കലെത്തുന്നത്. കഴിഞ്ഞ 8 വർഷമായി അവൾ എനിക്കൊപ്പമുണ്ട്. 8–ാം ക്ലാസിൽവച്ച് എന്റെയൊപ്പം കൂടിയതാണ്. കോവിഡ് മൂലം കഴിഞ്ഞ 2 വർഷമായി പരിശീലനം കാര്യമായി കൊടുക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, സെപ്റ്റംബറിൽ ദേശീയ അണ്ടർ 23 മീറ്റിൽ ട്രിപ്പിൾ ജംപിൽ സാന്ദ്ര സ്വർണം നേടി. കാലിബറുള്ള കുട്ടിയാണ്. ഒളിംപിക്സിൽ പങ്കെടുക്കാൻ പ്രതിഭയുള്ള താരമാണ്.
സച്ചു ജോർജ്, സെബാസ്റ്റ്യൻ ഷിബു തുടങ്ങിയ കുട്ടികളും ഇപ്പോൾ എന്റെ ശിക്ഷണത്തിലുണ്ട്. കഴിവുള്ളവർ. അധ്വാനിക്കാൻ മടിയില്ലാത്തവർ. ശരീരഘടനയും അനുകൂലം. പക്ഷേ, അവരെ പരിശീലിപ്പിക്കാൻ പറ്റിയ സൗകര്യമില്ലെന്നുള്ളതാണ് എന്റെ പ്രശ്നം. വെയിലത്തും മഴയത്തും അനായാസം പരിശീലനം നടത്താൻ കഴിയുന്ന രീതിയിൽ ഒരു ഇൻഡോർ ഹാൾ ഒരുക്കിത്തരാൻ ഇവിടെ ആർക്കാണു കഴിയുക? അതിനുള്ളിൽ ജംപിനങ്ങൾക്കായി സിന്തറ്റിക് റണ്ണപ്പ് ഏരിയയും പിറ്റും ക്രമീകരിക്കണം.
വിദേശത്തൊക്കെ അത്‍ലറ്റിക് പരിശീലനരംഗത്ത് ഇത്തരം ഇൻഡോർ ഫെസിലിറ്റി ഏറെയുണ്ട്. ഇവിടെയും അതൊക്കെ വന്നെങ്കിലേ ഇനി രക്ഷപ്പെടാനാകൂ. എത്ര വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചാലും അതിനെക്കാൾ വലിയ വിദ്യകളാണു യൂട്യൂബിലും ഗൂഗിളിലും സെർച്ച് ചെയ്താൽ കിട്ടുക. അതൊക്കെ നോക്കിയാണു ഞാൻ ഈ പ്രായത്തിലും പിടിച്ചുനിൽക്കുന്നത്. വെനസ്വേലയുടെ ഒളിംപിക് ട്രിപ്പിൾ ജംപ് ചാംപ്യൻ യൂളിമർ റോഹസിന് 1.92 മീറ്റർ ഉയരമുണ്ടെന്നും ഉയരം അവരുടെ പ്രകടനത്തിൽ വലിയ ഘടകമാണെന്നും മനസ്സിലാക്കണമെങ്കിൽ നിങ്ങൾ നെറ്റിൽ തിരയണം. നിങ്ങളുടെ കൈയിൽ കിട്ടുന്ന കുട്ടികളുടെ ‘ഫീച്ചറുകൾ’ അനലൈസ് ചെയ്തെങ്കിൽ മാത്രമേ അവരുടെ പൊട്ടൻഷ്യൽ തെളിയൂ. താൽപര്യം മാത്രമുണ്ടെന്നു കരുതി മെഡൽ വരണമെന്നില്ല. അത് എല്ലാവരും മനസ്സിലാക്കണം.
∙ കുടുംബത്തിന്റെ പിന്തുണ?
ഭാര്യ ഗ്രേസിയും (ഗ്രേസി അർപ്പത്താനത്ത് - റിട്ടയേഡ് ടീച്ചർ) മക്കളും നൽകിയ പിന്തുണയാണ് എന്റെ ഏറ്റവും വലിയ കരുത്ത്. 3 മക്കളുണ്ട്. മൂത്തയാൾ ബോബി ജോസ് ബയോമെഡിക്കൽ എൻജിനീയറാണ്. റിലയൻസിൽ ജനറൽ മാനേജർ. രണ്ടാമത്തെയാൾ ടീന ജോസും ഇളയയാൾ ടെസി ജോസും ഹയർ സെക്കൻഡറി അധ്യാപകരാണ്. ബോബിയെയും ടെസിയെയും കായികരംഗത്തേക്കു കൊണ്ടുവരാൻ ഞാൻ ശ്രമിച്ചതാണ്. പഠനകാലത്തു ക്രിക്കറ്റിലൊക്കെ സജീവമായിരുന്നു ബോബി. പക്ഷേ, അവരുടെ ശരീരപ്രകൃതി സ്‌പോർട്‌സിന് ഇണങ്ങുന്നതല്ലെന്നു ബോധ്യപ്പെട്ടതോടെ ഞാൻ വിട്ടു.
ടീനയുടെ ഭർത്താവ് അഗസ്റ്റിൻ ജോസഫ് ഫിസിയോതെറപ്പിസ്റ്റാണ്. ഇപ്പോൾ ഞാൻ പരിശീലിപ്പിക്കുന്ന കുട്ടികളുടെ ബയോ മെക്കാനിക്‌സ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഞാൻ എന്റെ മക്കളോടും മരുമകനോടും ഉപദേശം തേടാറുണ്ട്. കുടുംബത്തിൽതന്നെ അതിനുള്ള എക്‌സപർട്ടീസ് ഉള്ളതു ഭാഗ്യം. ടീനയുടെ മകൻ എബിൻ അഗസ്റ്റിന് ഓടാനും ചാടാനുമൊക്കെ കുറച്ച് താൽപര്യമുണ്ട്. സാന്ദ്രയ്ക്കൊപ്പം പകുതി തമാശയായും പകുതി കാര്യത്തിലും അവൻ ഇടയ്ക്കു ‘പരിശീലനം’ നടത്താറുണ്ട്. സമയമാകട്ടെ, ഞാൻ ഒരു ‘കൈ’ നോക്കുന്നുണ്ട്. അവന്റെ പരിശീലന വിഡിയോ കാണുമ്പോഴൊക്കെ ഞാൻ പ്രതീക്ഷയിലാണ്.
English Summary: Interview with Dronacharya winning Coach TP Ouseph