ചെസ് ഒളിംപ്യാഡ്: ഇന്ത്യയ്ക്ക് ആദ്യ ജയം
Mail This Article
മഹാബലിപുരം ∙ 64 കളങ്ങളുടെ കളിയിൽ ആദ്യദിനം 24 കളികളും ജയിച്ച് ഇന്ത്യ ചെസ് ഒളിംപ്യാഡിലെ സ്വർണവേട്ടയ്ക്ക് ഉജ്വലതുടക്കമിട്ടു. ഓപ്പൺ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമായി കളിച്ച ഇന്ത്യയുടെ ആറു ടീമുകൾക്കും സമ്പൂർണജയം. മലയാളി താരങ്ങളായ എസ്.എൽ. നാരായണനും നിഹാൽ സരിനും യഥാക്രമം ഇന്ത്യ എ, ബി ടീമുകൾക്കു വേണ്ടി വിജയമൊരുക്കി.
ഇന്ത്യൻ എ ടീം സിംബാബ്‌വെയെ 4–0നു തോൽപിച്ചു. പെന്റല ഹരൃകൃഷ്ണയ്ക്കു ഇന്ത്യ വിശ്രമം നൽകിയ ദിനം ടോപ് ബോർഡിൽ വിദിത് ഗുജറാത്തി മകോട്ടോ റോഡ്വെലിനെയും അർജുൻ എരിഗാസി മസാംഗോ സ്പെൻസറെയും എസ്.എൽ നാരായണൻ മഷൂർ എമറാൾഡ് തകുഡോവയെയും ശശികിരൺ സീംബ ജമൂസയെയും തോൽപിച്ചു. ബി ടീം യുഎഇക്കെതിരെയും (4– 0) സി ടീം സൗത്ത് സുഡാനെതിരെയും (4–0) വിജയം കണ്ടു. ഇന്ത്യ വനിതാ എ ടീം തജിക്കിസ്ഥാനെയും (4–0) വനിതാ ബി ടീം വെയ്ൽസിനെയും (4–0) വനിതാ സി ടീം ഹോങ്കോങ്ങിനെയും (4–0) കീഴടക്കി. മറ്റു മത്സരങ്ങളിൽ, ഓപ്പൺ വിഭാഗത്തിൽ ടോപ് സീഡായ യുഎസും ലോക ചാംപ്യൻ മാഗ്നസ് കാൾസനു വിശ്രമം നൽകിയിറങ്ങിയ നോർവേ ടീമും വിജയത്തോടെ തുടങ്ങി.
എസ്.എൽ. നാരായണൻ
ഇന്ത്യ എ ടീമിൽ സിംബാബ്‌വെയുടെ മുഷോർ എമറാൾഡ് താകുഡ്‌വയ്ക്കെതിരെ മൂന്നാം ബോർഡിൽ വെള്ളക്കരുക്കളുമായി ഇറങ്ങിയ നാരായണൻ 33 നീക്കങ്ങളിൽ വിജയം നേടി. ഇറെഗുലർ പ്രാരംഭത്തിൽ തുടങ്ങിയ കളി ഓൾഡ് ഇന്ത്യൻ പ്രതിരോധത്തിലേക്കു വഴിമാറി. ‘പ്രാരംഭത്തിൽ എതിരാളി പിഴവുകൾ വരുത്തി. അതുകൊണ്ടുതന്നെ ഓൾഡ് ഇന്ത്യൻ പ്രാരംഭത്തിൽ എനിക്ക് ഒരു അധികനീക്കത്തിന്റെ ആനുകൂല്യം ലഭിച്ചു. ആദ്യകളിയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അൽപ സമയമെടുത്തു.’’–നാരായണൻ മത്സരശേഷം ‘മനോരമ’യോടു പറഞ്ഞു.
നിഹാൽ സരിൻ
ഇന്ത്യ ബി ടീമിൽ യുഎഇയുടെ സുൽത്താൻ ഇബ്രാഹിമിനെതിരെ കറുത്ത കരുക്കളുമായാണ് നിഹാൽ കളിക്കാനിറങ്ങിയത്. റുയ്‌ലോപസ് പ്രാരംഭത്തിലാണ് കളി മുന്നേറിയത്. അറുപതിലേറെ നീക്കങ്ങൾക്കൊടുവിൽ നിഹാൽ ജയിച്ചു കയറി. അഞ്ചര മണിക്കൂറിലേറെ നീണ്ട കളിയിൽ എതിരാളി മികച്ച പ്രകടനം കാഴ്ച വച്ചെന്നും ജയിക്കാനായതിൽ സന്തോഷമുണ്ടെന്നും നിഹാൽ ‘മനോരമ’യോടു പറഞ്ഞു.
മലയാളം പറയുന്ന മഹാബലിപുരം!
മഹാബലിപുരം∙ ലോക ചെസ് ഒളിംപ്യാഡ് പുരോഗമിക്കെ, എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കാണുന്ന പച്ചപ്പുണ്ട്; ഒളിംപ്യാഡിനെ സജീവമാക്കുന്ന വൊളന്റിയർ സംഘം. ലോകത്തെവിടെപ്പോയാലും അവിടൊരു മലയാളിയുണ്ടെന്നു പറയും പോലെ നാനൂറിൽ അധികം അംഗങ്ങളുള്ള ആ സംഘത്തിലുമുണ്ട് മലയാളികൾ 18 പേർ. മഹാരാഷ്ട്രയും തമിഴ്നാടും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൊളന്റിയർമാർ കേരളത്തിൽനിന്നാണ്.
ഡോ. എം.പി. ഇപിൻ , സജി മാത്യു, ഇമ്മാനുവൽ തോമസ്, ഓഷിൻ അനിൽകുമാർ, യു. അഭിജിത്ത്, എ.വി.ദേവിപ്രിയ, ജനീല ജോബി, ജെ.പി.കരൺ, മേധ നായർ, എം.എം. മിഹിര , എം.എം. മിത്ര, സന്ദീപ് സന്തോഷ്, കെ. ശ്രീരേഖ, യു.ആർ. ജ്യോതിക, നിധിഷ എം. മോഹനൻ, വിഷ്ണു സുരേന്ദ്രൻ, ലാലതേന്ദു കേസരി നായക്, അലൻ എഹ്സാൻ, സിബിൻ പോൾ എന്നിവരാണ് സംഘത്തിലെ മലയാളികൾ. ഇന്ത്യയിൽ ഇങ്ങനെയൊരു ചെസ് വിപ്ലവം നടക്കുമ്പോൾ മാറിയിരിക്കുന്നതെങ്ങനെ? – ചെങ്ങന്നൂർ സ്വദേശി സജി മാത്യു ചോദിക്കുന്നു. വൊളന്റിയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോട്ടറിയടിച്ച സന്തോഷമായിരുന്നെന്ന് തൃശൂരിൽനിന്നുള്ള നിധിഷ എം. മോഹനൻ പറഞ്ഞു.
English Summary: Chess olympiad, first win for India