ദേശീയ ഗെയിംസിനുള്ള കേരള ടീമുകളുടെ പട്ടിക സമർപ്പിച്ചു; 10 ഇനങ്ങളിൽ കേരളമില്ല !
Mail This Article
കോട്ടയം ∙ ഗുജറാത്തിൽ അടുത്തമാസം ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ ഹോക്കി, ഷൂട്ടിങ്, ടേബിൾ ടെന്നിസ് ഇനങ്ങളിൽ കേരളത്തിനു പ്രാതിനിധ്യമില്ല. ആകെ 36 കായിക ഇനങ്ങളിൽ മത്സരം നടക്കുന്ന ഗെയിംസിൽ 26ൽ മാത്രമാണ് കേരള താരങ്ങൾ മത്സരിക്കുന്നത്. ദേശീയ ചാംപ്യൻഷിപ്പിൽ ആദ്യ 8 സ്ഥാനങ്ങൾ നേടിയവർക്കു മാത്രമേ ടീം ഇനങ്ങളിൽ മത്സരിക്കാൻ അർഹതയുള്ളൂ. വ്യക്തിഗത ഇനങ്ങളിൽ ദേശീയ റാങ്കിങ്ങിൽ മുന്നിലുള്ളവർക്കു മാത്രമാണ് എൻട്രി. ദേശീയ തലത്തിലെ പ്രകടനം മോശമായതിനാലാണ് ഹോക്കി ഉൾപ്പെടെ 10 ഇനങ്ങളിൽ കേരളത്തിന് അവസരം നഷ്ടമായത്.
അത്‍ലറ്റിക്സ് ഒഴികെയുള്ള ഇനങ്ങളിലെ കേരളതാരങ്ങളുടെ പട്ടിക കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) ഇന്നലെ സമർപ്പിച്ചു. മത്സരയിനങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ അത്‍ലറ്റിക്സ് എൻട്രികൾക്കുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. ടീം സിലക്‌ഷനിൽ തർക്കം നിലനിന്ന വോളിബോളിൽ സംസ്ഥാന അസോസിയേഷന്റെ ടീമിനാണ് കെഒഎ അനുമതി നൽകിയത്. സ്പോർട്സ് കൗൺസിൽ നടത്തിയ വോളിബോൾ ടീം തിരഞ്ഞെടുപ്പും പരിശീലന ക്യാംപും ഇതോടെ പാഴായി.
English Summary: Kerala Hockey, shooting, Table tennis team out for National Games