മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ദിലീപ് ടിർക്കി വീണ്ടുമൊരിക്കൽക്കൂടി ഇന്ത്യൻ ഹോക്കിയെ ‘നയിക്കും’. ഒളിംപിക്സ് അടക്കം നിരവധി ഹോക്കി ടൂർണമെന്റുകളിൽ ഇന്ത്യയുടെ നായകനായിരുന്ന ദിലീപ് ടിർക്കി പക്ഷേ ഇക്കുറി കളിക്കളത്തിലാവില്ല ഇന്ത്യയുടെ തേരാളിയാവുക. ഇന്ത്യൻ ഹോക്കിയെ നിയന്ത്രിക്കുന്ന ഹോക്കി ഇന്ത്യയുടെ

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ദിലീപ് ടിർക്കി വീണ്ടുമൊരിക്കൽക്കൂടി ഇന്ത്യൻ ഹോക്കിയെ ‘നയിക്കും’. ഒളിംപിക്സ് അടക്കം നിരവധി ഹോക്കി ടൂർണമെന്റുകളിൽ ഇന്ത്യയുടെ നായകനായിരുന്ന ദിലീപ് ടിർക്കി പക്ഷേ ഇക്കുറി കളിക്കളത്തിലാവില്ല ഇന്ത്യയുടെ തേരാളിയാവുക. ഇന്ത്യൻ ഹോക്കിയെ നിയന്ത്രിക്കുന്ന ഹോക്കി ഇന്ത്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ദിലീപ് ടിർക്കി വീണ്ടുമൊരിക്കൽക്കൂടി ഇന്ത്യൻ ഹോക്കിയെ ‘നയിക്കും’. ഒളിംപിക്സ് അടക്കം നിരവധി ഹോക്കി ടൂർണമെന്റുകളിൽ ഇന്ത്യയുടെ നായകനായിരുന്ന ദിലീപ് ടിർക്കി പക്ഷേ ഇക്കുറി കളിക്കളത്തിലാവില്ല ഇന്ത്യയുടെ തേരാളിയാവുക. ഇന്ത്യൻ ഹോക്കിയെ നിയന്ത്രിക്കുന്ന ഹോക്കി ഇന്ത്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ദിലീപ് ടിർക്കി വീണ്ടുമൊരിക്കൽക്കൂടി ഇന്ത്യൻ ഹോക്കിയെ ‘നയിക്കും’. ഒളിംപിക്സ് അടക്കം നിരവധി ഹോക്കി ടൂർണമെന്റുകളിൽ ഇന്ത്യയുടെ നായകനായിരുന്ന ദിലീപ് ടിർക്കി പക്ഷേ ഇക്കുറി കളിക്കളത്തിലാവില്ല ഇന്ത്യയുടെ തേരാളിയാവുക. ഇന്ത്യൻ ഹോക്കിയെ നിയന്ത്രിക്കുന്ന ഹോക്കി ഇന്ത്യയുടെ പ്രസിഡന്റായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടത് ദിലീപ് ടിർക്കിയാണ്. ഹോക്കി ഇന്ത്യയുടെ അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യ കളിക്കാരൻ എന്ന പദവിയും ഇതോടെ ടിർക്കിയുടെ പേരിലായി. കെ. പി. എസ്. ഗിൽ അടക്കമുള്ള തലയെടുപ്പുള്ളവർ ഭരിച്ച ഇന്ത്യൻ ഹോക്കിയുടെ നിയന്ത്രണം ഇനി ദിലീപ് ടിർക്കിയുടെ കൈകളിലാണ്.

ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്ന വിശേഷണം പങ്കുവയ്‌ക്കുന്ന ഒഡിഷയിലെ സുന്ദർഗഡിൽനിന്നാണ് ദിലീപ് കുമാർ ടിർക്കിയുടെ വരവ്. (പഞ്ചാബിലെ ജലന്ധറിന് സമീപമുളള സൻസാർപൂർ ആണ് ഇന്ത്യൻ ഹോക്കിക്ക് ഏറെ സംഭാവന നൽകിയ മറ്റൊരു പ്രദേശം. ഇന്ത്യൻ ഹോക്കിയുടെ നഴ്സറി എന്നാണ് സൻസാർപൂർ അറിയപ്പെടുന്നത്). ആദിവാസി ഭൂരിപക്ഷ പ്രദേശമായ സുന്ദർഗഡ് ജില്ല ഛത്തീസ്ഗഡിനോട് ചേർന്നു കിടക്കുന്ന പ്രദേശമാണ്. ആഘോഷം ഏതുമാകട്ടെ ഹോക്കി മൽസരങ്ങളാണ് ഇവിടുത്തെ പ്രധാന ഇനം. കല്യാണവും മറ്റു ചടങ്ങുകൾക്കുമൊക്കെ ഹോക്കിയാണ് മുഖ്യ ‘കലാപരിപാടി’. വിജയിക്കുന്ന ടീമിന് കോഴിയും ആടുമൊക്കെയാണ് സമ്മാനം. 1977 നവംബർ 25ന് അവിടെ സൗനമാരാ എന്ന ഗ്രാമത്തിലാണ് ടിർക്കിയുടെ ജനനം. പിതാവ് വിൻസന്റ് ടിർക്കി സംസ്ഥാന ഹോക്കി ടീം അംഗമായിരുന്നു. സഹോദരൻമാരും ബന്ധുക്കളുമെല്ലാം ഹോക്കി കളിക്കാർ.

ADVERTISEMENT

സ്കൂൾ പഠനകാലത്തു തന്നെ ഹോക്കിയെ പ്രണയിച്ച ദിലീപ് ടിർക്കി സംസ്ഥാന ടീമിലും പിന്നീട് ഇന്ത്യൻ ടീമിലുമെത്തി. 1995ൽ ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ടിർക്കി പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. ഗോൾ പോസ്റ്റിനടുത്ത് നിന്ന് പന്ത് തട്ടിയകറ്റുന്നതിൽ പ്രത്യേക വൈഭവം പുലർത്തിയതോടെ ഇന്ത്യയുടെ വിശ്വസ്തനായ ഡിഫൻഡർ എന്ന പേരു സമ്പാദിച്ചു. രാജ്യാന്തരഹോക്കിയിൽ ഒന്നരപതിറ്റാണ്ട് ഇന്ത്യൻ ഹോക്കിയിലെ സജീവ സാന്നിധ്യമായിരുന്നു. പ്രതിരോധനിരയിലെ മികവാർന്ന പ്രകടനവും പെനൽറ്റി കോർണർ ഗോളാക്കുന്നതിലെ മിടുക്കും ടിർക്കിയെ ഇന്ത്യൻ ഹോക്കിയുടെ നക്ഷത്രമാക്കി. ആദിവാസി സമൂഹത്തിൽ പിറന്ന ദിലീപ് ടിർക്കി കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം ലോക ഹോക്കിയുടെ ഉന്നതങ്ങളിൽ എത്തുകയായിരുന്നു. 

ദിലീപ് ടിർക്കി. Photo: FB@DilipTirkey

2003ൽ ഇന്ത്യൻ ക്യാപ്‌റ്റന്റെ കുപ്പായമണിഞ്ഞു ഈ ഫുൾബാക്ക് മറ്റൊരു നേട്ടവും സ്വന്തമാക്കി: ജയ്‌പാൽ സിങ് മുണ്ടയ്ക്കുശേഷം ആദിവാസി സമൂഹത്തിൽനിന്ന് ഇന്ത്യൻ ഹോക്കിയുടെ നായകസ്‌ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ താരം.  75 വർഷങ്ങൾക്കുശേഷമായിരുന്നു അത്. (1928ലെ ആംസ്റ്റർഡാം ഒളിംപിക്സിലാണ് ജയ്പാൽ സിങ് ക്യാപ്റ്റന്റെ കുപ്പായം അണിഞ്ഞത്) ആദിവാസി സമൂഹത്തിൽനിന്ന് ജയ്പാലിനുശേഷം ഒളിംപിക്സിൽ നായകനായ ആദ്യ താരവും ദിലീപ് ടിർക്കിയാണ്, 2004ൽ ആതൻസിൽവച്ച്. ദിലീപ് ടിർക്കിയുടെ പാത പിൻപറ്റി

ADVERTISEMENT

സുന്ദർഗഡിലെ ആദിവാസിസമൂഹത്തിൽനിന്ന് ഇന്ത്യയുടെ ക്യാപ്‌റ്റൻമാരായവർ വേറെയുമുണ്ട് – ഇഗ്‌നസ് ടിർക്കിയും സഹോദൻ പ്രബോധ് ടിർക്കിയും ഇവരുടെ സഹോദരി അനസൂത ടിർക്കിയും ജ്യോതി സുനിത കല്ലുവുമൊക്കെ  ഇക്കൂട്ടത്തിലുണ്ട്.

മൂന്ന് ഒളിംപിക്‌സുകളിലും (1996, 2000, 2004) മൂന്ന് ലോകകപ്പുകളിലും (1998, 2002, 2006) മൂന്ന് ഏഷ്യാഡുകളിലും (1998, 2002, 2006) മൂന്ന് ഏഷ്യ കപ്പിലും (1999, 2003, 2007) ടിർക്കി ഇന്ത്യക്കുവേണ്ടി കളിച്ചു. ഇതുകൂടാതെ ഡച്ച് ലീഗിലും സജീവമായിരുന്നു ടിർക്കി. 1998ലെ ഏഷ്യൻ ഗെയിംസ്, 2003, 2007 ഏഷ്യ കപ്പ് എന്നിവ ഇന്ത്യ നേടുമ്പോൾ ടീമിൽ അംഗമായിരുന്നു. കളിക്കളത്തോട് വിടപറയുമ്പോൾ ഏറ്റവും കുടുതൽ രാജ്യാന്തര ഹോക്കി മൽസരങ്ങൾ കളിച്ചതിനുള്ള ബഹുമതി  ദിലീപ് ടിർക്കിയുടെ പേരിലായിരുന്നു. കൃത്യമായി പറഞ്ഞാൽ 412 മൽസരങ്ങൾ. ഹോളണ്ടിന്റെ മുൻ നായകൻ ജെറോഡൻ ഡെൽമിയുടെ 401 രാജ്യാന്തര മൽസരങ്ങൾ എന്ന ലോകറെക്കോർഡാണ് 2009ലെ സുൽത്താൻ അസ്‌ലൻ ഷാ ടൂർണമെന്റിനിടയിൽ ദിലിപ് ടിർക്കി മറികടന്നത്. ഇതോടെ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച താരം എന്ന ബഹുമതിയാണ് ടിർക്കി സ്വന്തമാക്കിയത്. സന്ദീപ് സിങ് നയിച്ച ഇന്ത്യൻ ടീം അസ്‌ലൻ ഷാ കിരീടം ചൂടി എന്നത് മറ്റൊരു ഭാഗ്യമായി. (ഏറ്റവും കൂടുതൽ രാജ്യാന്തര ഹോക്കി മൽസരങ്ങൾ കളിച്ചതിനുള്ള ബഹുമതി ഇന്ന് ഹോളണ്ടിന്റെ ടൂൺ ഡി ന്യൂയിയെറിന്റെ പേരിലാണ്– ആകെ 453 രാജ്യാന്തര മൽസരങ്ങൾ).  

ADVERTISEMENT

മികച്ച ശാരീരികക്ഷമത പുലർത്തിപ്പോന്ന ടിർക്കിക്ക് 1995 മുതൽ 2001വരെ ഇന്ത്യയ്‌ക്കുവേണ്ടി ഒരൊറ്റ കളിയിൽനിന്നും മാറിനിൽക്കേണ്ടിവന്നിട്ടില്ല എന്നത് ഇതിന് ഏറ്റവും വലിയ തെളിവ്. ഇന്ത്യൻ ഹോക്കിയുടെ ശാപമായ വിവാദങ്ങളിൽ പെട്ടുപോകാത്ത നായകൻ എന്ന ബഹുമതിയും ടിർക്കിക്ക് സ്വന്തം. പലകുറി നായകസ്‌ഥാനത്തുനിന്ന് മാറിനിൽക്കേണ്ടിവന്നപ്പോഴും ടീമിലെ സാധാരണകളിക്കാരൻ എന്ന നിലയിൽ അച്ചടക്കം പാലിച്ച് മാതൃക കാട്ടിക്കൊടുത്തത് ടിർക്കിയുടെ മഹത്വമായി കാണാം. താപ്പാനകളുടെ കൂട്ടമായ ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ കാരുണ്യത്തിൽ പതിനഞ്ചു വർഷം ദേശീയടീമിനുവേണ്ടി കളിക്കുക എന്നത് നിസാരകാര്യമല്ല. കളിക്കളത്തിലെ വിവാദങ്ങളിൽനിന്ന് എന്നും അകലംപാലിച്ച ടിർക്കി യഥാർഥജീവിതത്തിൽ ഒരിക്കൽമാത്രം വിവാദത്തിന്റെ കുരുക്കിൽപ്പെട്ടു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സ്വന്തം നാട്ടുകാരി മീരയെ 2006ൽ വിവാഹം ചെയ്യുമ്പോൾ ദീലീപിന്റെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തില്ല. കത്തോലിക്കാ സഭ ദീലീപിന്റെ ആഗ്രഹത്തിന് സമ്മതം നൽകിയതോടെയാണ് വീട്ടുകാരുടെ ശക്‌തമായ എതിർപ്പിലും പ്രണയം വിവാഹത്തിലെത്തിയത്. വിഹാഹശേഷം മധുവിധു യാത്ര എവിടേക്കെന്ന് പത്രക്കാർ ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടുള്ള മറുപടി ഇങ്ങനെയയിരുന്നു: ആദ്യം ഹോക്കി, പിന്നെ കുടുംബം. തൊട്ടുപിന്നാലെ നടക്കുന്ന ഇന്ത്യ–പാക്ക് പരമ്പരയുടെ ഒരുക്കത്തിലേക്കായിരുന്നു ശ്രദ്ധ. അതിനുശേഷം കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ക്യാംപിലേക്കും.  

2010ൽ വിരമിച്ചപ്പോൾ ഒരു ദു:ഖംമാത്രമാണ് ടിർക്കി പങ്കുവച്ചത്. ക്യാപ്‌റ്റനെന്ന നിലയിലോ താരമെന്ന നിലയിലോ ഒരിക്കലെങ്കിലും ഇന്ത്യക്ക് ഒരു ഒളിംപിക് മെഡൽ സമ്മാനിക്കാൻ സാധിച്ചില്ലല്ലോ എന്ന്. വിരമിച്ചതിന്റെ മൂന്നാം നാൾ ദേശീയ സിലക്ടറായി നിയമിക്കപ്പെട്ടെങ്കിലും നിരസിച്ചു. 2012 മാർച്ചിൽ അദ്ദേഹം ഒഡിഷയിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബിജു ജനതാദൾ പ്രതിനിധിയായിട്ടാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയിൽ മികച്ച പ്രകടനമായിരുന്നു ടിർക്കി കാഴ്ചവച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുന്ദർഗാഡിൽ ബിജെഡി സ്‌ഥാനാർഥിയായിരുന്നെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2001ൽ അർജുന പുരസ്‌കാരവും 2004ൽ പത്മശ്രീയും നൽകിയാണ് രാഷ്‌ട്രം ആദരിച്ചത്. 

ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ഉറ്റ അനുയായിയായ ദിലീപ് ടിർക്കിയെ അദ്ദേഹം ഒഡിഷ ടൂറിസം വികസന കോർപറേഷന്റെ അധ്യക്ഷനാക്കി. അദ്ദേഹം ഇപ്പോൾ ഒഡിഷ ഹോക്കി പ്രമോഷൻ കൗൺസിൽ പ്രസിഡന്റാണ്. ഒഡിഷ ജന്മം നൽകിയ ഏറ്റവും പ്രശസ്തനായ ഹോക്കി താരത്തിന്റെ മുന്നിൽ ഇനി ലക്ഷ്യങ്ങൾ പലതാണ്. ഒഡിഷയെ ലോക ഹോക്കിയുടെ കളിത്തട്ടാക്കി മാറ്റുക. പിന്നെ അടുത്ത വർഷം ഒഡിഷയിലെ ഭുവനേശ്വറും റൂർക്കലയും സംയുക്തമായി വേദിയൊരുക്കുന്ന 15–ാമത് ലോകകപ്പ് വൻവിജയമാക്കുക. കഴിയുമെങ്കിൽ ഇന്ത്യയെ ലോക ജേതാക്കൾ തന്നെയാക്കുക.

English Summary: Former Indian captain Dilip Tirkey elected as President of Hockey India