ADVERTISEMENT

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്) ∙ കടൽക്കാറ്റിൽ കീറിപ്പോയ പ്രധാന പായ 24 മണിക്കൂർ നേരമെടുത്തു തുന്നിച്ചേർത്ത് അഭിലാഷ് ടോമി പായ്‌വഞ്ചിയോട്ടം തുടരുന്നു. ലോകത്തിലെ ഏറ്റവും സാഹസിക മത്സരങ്ങളിലൊന്നായ ഗോൾഡൻ ഗ്ലോബ് റേസി‍ൽ പങ്കെടുക്കുന്ന മലയാളി നാവികൻ അഭിലാഷ് ടോമി അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ചുണ്ടായ അപ്രതീക്ഷിത തിരിച്ചടികളാണ് സ്വയം പരിഹരിച്ച് സകലരെയും അമ്പരപ്പിച്ചത്.

‘വഞ്ചിയുടെ പ്രധാന പായ നാലു മീറ്ററോളം നീളത്തിൽ കീറിപ്പോയത് കഴിഞ്ഞ ദിവസമാണ് ശ്രദ്ധയി‍ൽപ്പെട്ടത്. പായ കീറിയതോടെ കാറ്റിന് അനുസരിച്ചു മാത്രം നീങ്ങുന്ന വഞ്ചിയുടെ വേഗം കുറഞ്ഞു. വലിയ തിരിച്ചടിയാകുമെന്നു മനസ്സിലായതോടെ പായ്മരത്തിൽ അള്ളിപ്പിടിച്ചു കയറി ഇത് അഴിച്ചു താഴെയിറക്കി. 24 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഇത് വഞ്ചിയിൽ അഴിച്ചിട്ടു തുന്നിച്ചേർക്കാൻ 24 മണിക്കൂർ തുടർച്ചയായി അധ്വാനിക്കേണ്ടി വന്നു.’ – സാറ്റലൈറ്റ് ഫോൺ സംഭാഷണത്തിൽ അഭിലാഷ് ടോമി ‘മനോരമ’യോടു പറഞ്ഞു.

abhilash
അഭിലാഷ് ടോമി

‘പസിഫിക് സമുദ്രത്തിൽ വച്ചുണ്ടായ തകരാറുകൾ ഏറക്കുറെ പരിഹരിച്ച ശേഷം വഞ്ചിയോടിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു വരുമ്പോഴാണ് പുതിയ പ്രശ്നങ്ങളുണ്ടായത്. പായ തുന്നുന്നതിനിടെ കനത്ത മഴ പെയ്തത് തിരിച്ചടിയായെങ്കിലും ഇതുവഴി 30 ലീറ്ററോളം മഴവെള്ളം ശേഖരിക്കാൻ കഴിഞ്ഞു. വഞ്ചിയിലെ ശുദ്ധജല ടാങ്ക് കഴിഞ്ഞ മാസമുണ്ടായ കടൽക്ഷോഭത്തിൽ തകരാറിലായിരുന്നു. അതിനാൽ കുടിവെള്ളം റേഷനായി ഉപയോഗിച്ചു വരികയായിരുന്നു.’

‘ടിന്നിലടച്ച ഭക്ഷണമാണ് ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത്. മഴവെള്ളം ശേഖരിക്കും വരെ കടൽ ജലത്തിലായിരുന്നു ചോറുണ്ടാക്കിയിരുന്നത്. ഇനി വരും ദിവസങ്ങളിലും മഴ കിട്ടിയേക്കുമെന്നാണ് കരുതുന്നത്’ – അഭിലാഷ് പറഞ്ഞു.

കഴിഞ്ഞയാഴ്ച വഞ്ചിയിലെ പ്രധാന ഉപകരണമായ വിൻഡ് വെയ്ൻ (കാറ്റിന്റെ ദിശ മനസ്സിലാക്കാനുള്ള ഉപകരണം) കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ടതിനു പകരം വഞ്ചിയിലെ ഒരു തടിക്കഷ്ണം ഉപയോഗിച്ച് അഭിലാഷ് താൽക്കാലിക സംവിധാനമുണ്ടാക്കിയിരുന്നു. ഒന്നാം സ്ഥാനത്തു നിൽക്കെ വിൻഡ്‌വെയ്ൻ തകരാറിലായ ബ്രിട്ടിഷ് നാവികൻ സൈമൺ കർവെയ്ൻ മത്സരത്തിൽനിന്നു പിന്മാറിയപ്പോഴാണ് സ്വന്തമായി പ്രശ്നം പരിഹരിച്ച് അഭിലാഷ് കുതിപ്പു തുടരുന്നത്.

ബ്രസീലിന്റെ തീരമേഖലയായ റിയോ ഡി ജനീറോയുടെ സമീപത്തു കൂടിയാണ് ഇപ്പോൾ അഭിലാഷിന്റെ വഞ്ചി കടന്നു പോകുന്നത്. ഫിനിഷിങ് പോയിന്റിലേക്ക് ഏകദേശം 8980 കിലോമീറ്റർ ദൂരം കൂടിയാണുള്ളത്. മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള അഭിലാഷിന് ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറുമായുള്ള അകലം വീണ്ടും കുറയ്ക്കാനും സാധിച്ചു. അഭിലാഷിനെക്കാൾ 640 കിലോമീറ്റർ മാത്രം മുന്നിലാണിപ്പോൾ കിഴ്സ്റ്റന്റെ വഞ്ചി. കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിനു ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോണിൽനിന്ന് ആരംഭിച്ച മത്സരം ഇന്നലെ 185 ദിവസം പിന്നിട്ടു.

English Summary: 'Abhilash model' surprised lonely sailors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com