പാരിസിൽ നിഷേധിക്കപ്പെട്ട സ്വർണ മെഡൽ വിനേഷിന് സമ്മാനിച്ച് മാതൃഗ്രാമം; കണ്ണീരണിഞ്ഞ് താരം– വിഡിയോ
Mail This Article
ന്യൂഡൽഹി∙ ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സ് ഫൈനലിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ നെഞ്ചോടു ചേർത്ത് ജൻമനാട്. രാജ്യാന്തര കായിക തർക്കപരിഹാര കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയതിനു പിന്നാലെ ഇന്ത്യയിൽ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിനെ, മാതൃഗ്രാമം സ്വീകരിച്ചത് സ്വർണ മെഡലണിയിച്ച്. ഒളിംപിക്സിൽ താരത്തിനു ലഭിക്കേണ്ടിയിരുന്ന മെഡൽ ചട്ടങ്ങളുടെ നൂലാമാലകളിൽ കുടുങ്ങി നഷ്ടമായെങ്കിലും, നാടിന്റെ സ്നേഹം ഒപ്പമുണ്ടെന്ന് വ്യക്തമാക്കിയാണ് ഗ്രാമീണർ ചേർന്ന് സ്വർണ മെഡൽ സമ്മാനിച്ചത്.
നേരത്തെ, ഒരു ഒളിംപിക് ജേതാവിനു കിട്ടുന്നതിനു സമാനമായ ആർപ്പുവിളികൾക്കു നടുവിലേക്കാണ് പാരിസിൽനിന്ന് വിനേഷ് ഫോഗട്ട് വന്നിറങ്ങിയത്. ശരീരഭാരം 100 ഗ്രാം കൂടുതലായതിന്റെ പേരിൽ പാരിസ് ഒളിംപിക്സ് വനിതാ ഗുസ്തി 50 കിലോഗ്രാം ഫൈനൽ മത്സരത്തിനു തൊട്ടുമുൻപ് അയോഗ്യത വന്ന വിനേഷ് ഫോഗട്ടിന് വീരോചിത സ്വീകരണമാണ് നൽകിയത്.
വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള കവാടം മുതൽ ആൾക്കൂട്ടം നിറഞ്ഞിരുന്നു. സുഹൃത്തുക്കളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഗ്രാമനേതാക്കളുടെയും അകമ്പടിയിൽ വിനേഷ് പുറത്തേക്കു വന്നു. വനിതാ ഗുസ്തി താരങ്ങളുടെ അവകാശസമരങ്ങൾക്കു വേണ്ടി ഡൽഹിയിലെ തെരുവുകളിൽ ഒപ്പം പോരാടിയ ബജ്‌രംഗ് പുനിയയും സാക്ഷി മാലിക്കും വിനേഷിനെ ചേർത്തണച്ചു. ഇടയ്ക്കിടെ വികാരാധീനയായി കണ്ണുതുടച്ച വിനേഷ് തൊഴുകൈകളോടെ ഇടറിയ സ്വരത്തിൽ പറഞ്ഞു: ‘‘രാജ്യത്തിനൊന്നാകെ നന്ദി..’’
വിമാനത്താവളത്തിൽ നിന്ന് തുറന്ന ജീപ്പിൽ വിനേഷ് ജന്മഗ്രാമമായ ബലാലിയിലേക്കു തിരിച്ചു. വഴിമധ്യേ ദ്വാരകയിലെ ക്ഷേത്രത്തിൽ കയറി. ഇടയ്ക്ക് പലയിടത്തും സംഘടിപ്പിച്ച സ്വീകരണം ഏറ്റുവാങ്ങിയാണ് വിനേഷും സംഘവും സന്ധ്യയോടെ ചർഖി ദാദ്രിയിലെ ബലാലി ഗ്രാമത്തിലെത്തിയത്. ഇന്ത്യയുടെ മനസ്സുകീഴടക്കി തിരിച്ചെത്തിയ താരത്തെ ഗ്രാമം ഉത്സവഛായയോടെ സ്വീകരിച്ചു. ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് എംപി ദീപേന്ദർ ഹൂഡ ഉൾപ്പെടെയുള്ളവർ വിനേഷിനെ യാത്രയിൽ അനുഗമിച്ചു.