വേർസ്റ്റപ്പനാര് വേഗപ്പൂട്ടിടും?
Mail This Article
ഫോർമുല വൺ ലാസ് വേഗസ് ഗ്രാൻപ്രിയിൽ മാക്സ് വേർസ്റ്റപ്പന്റെ റെഡ്ബുൾ കാർ ഫിനിഷ് ചെയ്തത് അഞ്ചാം സ്ഥാനത്താണ്. എന്നാൽ വേർസ്റ്റപ്പൻ ഡ്രൈവ് ചെയ്തു കയറിയത് ചരിത്രത്തിലേക്കും! ഫോർമുല വൺ ചരിത്രത്തിൽ നാലോ അതിലധികമോ തവണ ലോകചാംപ്യൻ ആയവരുടെ പട്ടികയിലേക്കാണ് ആറാമനായി വേർസ്റ്റപ്പൻ എത്തിയത്. കിരീടം ഉറപ്പിക്കാൻ ലാസ് വേഗസിൽ മക്‌ലാരന്റെ ലാൻഡോ നോറിസിനെക്കാൾ മുന്നിലെത്തിയാൽ മാത്രം മതിയായിരുന്നു മുപ്പതുകാരൻ വേർസ്റ്റപ്പന്. നോറിസ് ആറാമതായതോടെ ആ വെല്ലുവിളി അവസാനിച്ചു. സീസണിൽ രണ്ടു റേസുകൾ ബാക്കി നിൽക്കെയാണ് ഡച്ച് ഡ്രൈവറുടെ നേട്ടം. വേർസ്റ്റപ്പനെക്കാൾ കൂടുതൽ കിരീടങ്ങൾ നേടിയ മൂന്നു താരങ്ങളേ ഫോർമുല വൺ ചരിത്രത്തിലുള്ളൂ. മൈക്കൽ ഷൂമാക്കർ, ലൂയിസ് ഹാമിൽട്ടൻ (ഏഴു വീതം), ജുവാൻ മാനുവൽ ഫാൻജിയോ (അഞ്ച്) എന്നിവരാണത്. അലെയ്ൻ പ്രോസ്റ്റ്, സെബാസ്റ്റ്യൻ വെറ്റൽ എന്നിവർ വേർസ്റ്റപ്പന് ഒപ്പമാണ്.
കുതിച്ചും കിതച്ചും
ആദ്യ 10 മത്സരങ്ങളിൽ ഏഴു വിജയങ്ങളുമായി തകർപ്പൻ തുടക്കമായിരുന്നു ഈ സീസണിൽ വേർസ്റ്റപ്പന്റേത്. എന്നാൽ, പിന്നീട് 11 മത്സരങ്ങളിൽ ജയിക്കാനായത് ബ്രസീലിൽ മാത്രം. ശക്തനായ പ്രതിയോഗി ഉണ്ടായിരുന്നെങ്കിൽ നാലാം കിരീടം സ്വപ്നം മാത്രമായി അവശേഷിച്ചേനെ. രണ്ടാം സ്ഥാനത്തെത്തിയ മക്‌ലാരന്റെ ലാൻഡോ നോറിസ് മികച്ച പോരാട്ടം കാഴ്ച വച്ചെങ്കിലും പലപ്പോഴും പോഡിയത്തിൽ ഒന്നാമനായില്ല. സർക്യൂട്ടിലെ ചിരവൈരി ലൂയിസ് ഹാമിൽട്ടനാകട്ടെ സീസണിൽ ഉടനീളം കഷ്ടപ്പെടുകയായിരുന്നു.
അഞ്ചാം കിരീടം ?
ഈ സീസണിലെ രണ്ടാം പകുതി വിലയിരുത്തുമ്പോൾ അഞ്ചാം കിരീടത്തിലേക്കുള്ള വേർസ്റ്റപ്പന്റെ കുതിപ്പ് എളുപ്പമാകില്ല. റെഡ്ബുള്ളിന്റെ യന്ത്രവേഗം പഴയ നിലവാരത്തിലല്ല. ഫെറാരിയും മക്‌ലാരനും മെച്ചപ്പെട്ട നിലയിലാണ്. ഫെറാരിയിലെത്തുന്ന ഹാമിൽട്ടനു പഴയ പോരാട്ടവീര്യം പുറത്തെടുക്കാനായാൽ റെഡ്ബുള്ളിനും വേർസ്റ്റപ്പനും വെല്ലുവിളിയുയർത്താം. ഇത്തവണ ഫെറാരി താരം ചാൾസ് ലെക്ലയറിനു പലപ്പോഴും പോഡിയം നഷ്ടമായതു നിർഭാഗ്യം കൊണ്ടാണ്. മക്‌ലാരൻ നിരയിൽ അടുത്ത സീസണിലും ലാൻഡോ നോറിസും ഓസ്കാർ പിയാസ്ട്രിയും തന്നെയാകും. നോറിസ് അൽപം കൂടി വിജയത്വര പ്രകടിപ്പിച്ചാൽ 2025ൽ പുതിയൊരു ചാംപ്യൻ പിറക്കും. മെഴ്സിഡീസിന്റെ ജോർജ് റസ്സലും ഈ സീസണിൽ രണ്ടു വിജയം നേടി. റസ്സലിനെയും റെഡ്ബുള്ളിലെ സഹതാരം കാർലോസ് സെയ്ൻസിനെയും വേർസ്റ്റപ്പൻ കരുതിയിരിക്കണം. പുതിയ സീസണിൽ പുതിയ കാറുകളും പുതിയ സാങ്കേതിക മേന്മകളുമായി ടീമുകൾ സർക്യൂട്ടിലിറങ്ങുമ്പോൾ പ്രവചനം അസാധ്യമാകും.