ആന്ധ്രയിൽ വേരുകളുള്ള തമിഴ്നാട്ടുകാരൻ, രജനീകാന്തിന്റെ മകൻ; വിശ്വം കീഴടക്കിയ ആനന്ദിനു ശേഷം തമിഴ്നാട്ടിൽനിന്ന് വീണ്ടും, ഡി.ഗുകേഷ്!
Mail This Article
ന്യൂഡൽഹി∙ ആന്ധ്രയിൽ വേരുകളുള്ള തമിഴ്നാട് സ്വദേശി എന്നതിനപ്പുറം, തമിഴ്നാട്ടുകാർക്ക് ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷിനോട് വേറൊരു തരത്തിലും വൈകാരിക അടുപ്പമുണ്ട്; ഗുകേഷിന്റെ പിതാവിന്റെ പേര് രജനീകാന്ത് എന്നാണ്! രജനീകാന്ത് – പത്മ ദമ്പതികളുടെ മകനായി 2006 മേയ് 29നാണ് ഗുകേഷിന്റെ ജനനം. പിതാവ് രജനീകാന്ത് അറിയപ്പെടുന്ന ഇഎൻടി സർജൻ. അമ്മ ഡോ.പത്മ മൈക്രോബയോളജിസ്റ്റ്.
തെലുങ്കു കുടുംബത്തിൽ ജനിച്ച ഗുകേഷ് ഏഴാം വയസ്സിലാണ് ചെസ് ബോർഡിലേക്ക് എത്തിപ്പെടുന്നത്. ദിവസേന ഒരു മണിക്കൂർ വച്ച് ആഴ്ചയിൽ മൂന്നു ദിവസം. ഇതായിരുന്നു ചെസ് പരിശീലനത്തിൽ ഗുകേഷിന്റെ തുടക്കം. ചെറു പ്രായത്തിൽത്തന്നെ പ്രായത്തെ വെല്ലുന്ന നീക്കങ്ങളുമായി കൊച്ചു ഗുകേഷ് കളം പിടിച്ചതോടെ, പരിശീലകർക്കും അവനെ വലിയ കാര്യമായി. അങ്ങനെയാണ് അവധി ദിനങ്ങളിൽ പ്രാദേശിക ചെസ് ടൂർണമെന്റുകളിൽ പങ്കുടുപ്പിച്ചു തുടങ്ങിയത്.
2015ൽ ഏഷ്യൻ സ്കൂൾ ചെസ് ചാംപ്യൻഷിപ്പിൽ അണ്ടർ 9 വിഭാഗത്തിൽ ചാംപ്യനായി. 2018ൽ അണ്ടർ 12 വിഭാഗത്തിൽ ലോക യൂത്ത് ചെസ് ചാംപ്യൻഷിപ്പിലും ജേതാവായതോടെ ഗുകേഷിന്റെ ജൈത്രയാത്ര തുടങ്ങി. അണ്ടർ 12 ഏഷ്യൻ യൂത്ത് ചെസ് ചാംപ്യൻഷിപ്പിൽ അഞ്ച് സ്വർണ മെഡലുകളാണ് ഗുകേഷ് നേടിയത്. വ്യക്തിഗത, ടീമിനങ്ങളിൽ റാപ്പിഡ്, ബ്ലിറ്റ്സ് വിഭാഗങ്ങളിലും വ്യക്തിഗത ക്ലാസിക്കൽ ഫോർമാറ്റിലും സ്വർണം നേടി.
2017 മാർച്ചിൽ ഇന്റർനാഷനൽ മാസ്റ്റർ എന്ന നേട്ടം കൈവരിച്ചു. 12 വയസും ഏഴു മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ഗുകേഷ്, ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി. 2023 ഓഗസ്റ്റിൽ 2750 റേറ്റിങ് പോയിന്റ് എന് ചരിത്രനേട്ടം സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തം.
ഒരു മാസത്തിനു ശേഷം സാക്ഷാൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ലോക ചെസ് റാങ്കിങ്ങിൽ ഇന്ത്യക്കാരിലെ ഒന്നാമനായി. 37 വർഷം ഇന്ത്യൻ താരങ്ങളിൽ ഒന്നാം റാങ്ക് അലങ്കരിച്ച ശേഷമാണ് ആനന്ദ് ഗുകേഷിനു മുന്നിൽ വഴിമാറിയത്. 2024ലും ചരിത്രക്കുതിപ്പു തുടർന്ന ഗുകേഷ് കാൻഡിഡേറ്റ്സ് ചെസിൽ ചാംപ്യനായി. ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡിനൊപ്പം, ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ഡിങ് ലിറന്റെ എതിരാളിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഈ വർഷം സെപ്റ്റംബറിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയുടെ ചരിത്രക്കുതിപ്പിൽ നിർണായക പങ്കുവഹിച്ച് വീണ്ടും സാന്നിധ്യമറിയിച്ചു. ആർ. പ്രഗ്നാനന്ദ, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, പി.ഹരികൃഷ്ണ എന്നിവർക്കൊപ്പം ഗുകേഷും ചേർന്നതോടെ ഇന്ത്യ ചരിത്രത്തിലാദ്യമായി ചെസ് ഒളിംപ്യാഡിൽ സ്വർണം നേടി.
ഈ നേട്ടങ്ങൾക്കെല്ലാം പിന്നാലെയാണ് ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാംപ്യൻ എന്ന റെക്കോർഡിലേക്കും ഗുകേഷിന്റെ കുതിപ്പ്. നാലു തവണ ലോക ചാംപ്യനായ വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഗുകേഷ്. 2007, 2008, 2010, 2012 വർഷങ്ങളിലാണ് ആനന്ദ് ലോക ചാംപ്യനായത്.