മകൻ ലോക ചെസ് ചാംപ്യൻ പട്ടം നേടിയപ്പോൾ 10 മിനിറ്റോളം നിർത്താതെ കരഞ്ഞു: ഗുകേഷിന്റെ അമ്മ
Mail This Article
സിംഗപ്പൂർ ∙ ഡി.ഗുകേഷ് ലോക ചെസ് ചാംപ്യൻ പട്ടം നേടിയപ്പോൾ താൻ 10 മിനിറ്റോളം നിർത്താതെ കരയുകയായിരുന്നെന്ന് അമ്മ ജെ. പത്മകുമാരി. മകന്റെ കരിയർ രൂപപ്പെടുത്താൻ ചെയ്ത എല്ലാ ത്യാഗങ്ങളും ഓർമിച്ചെടുത്ത നേരമായിരുന്നു അതെന്നും പത്മകുമാരി പറഞ്ഞു. 14–ാം ഗെയിം നടന്ന വ്യാഴാഴ്ച ഫോണും കംപ്യൂട്ടറും ഓണാക്കിയതേയില്ല. മൽസരം തൽസമയം നിരീക്ഷിച്ചില്ലെന്നും പത്മകുമാരി പറഞ്ഞു.
മകൻ ലോകചാംപ്യനായ വാർത്ത ബന്ധുവാണ് അറിയിച്ചത്. ‘‘ആദ്യം അതു വിശ്വസിക്കാനായില്ല. ഈ യാത്രയിൽ ഞങ്ങൾക്കു സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പിന്തുണ നൽകിയത്’’.
കളിയിൽ എല്ലായ്‌പ്പോഴും ഫോക്കസ് ചെയ്യാനുള്ള അപാരമായ ശക്തി ഗുകേഷിനുണ്ടെന്നും പത്മകുമാരി പറഞ്ഞു. സിംഗപ്പൂരിലെത്തിയ പത്മകുമാരിയും ഇന്നലെ ലോക ചാംപ്യൻഷിപ്പ് സമ്മാനച്ചടങ്ങിനു സാക്ഷിയായി. മൈക്രോബയോളജിസ്റ്റായ പത്മകുമാരിയായിരുന്നു കുടുംബത്തിലെ ഏക വരുമാന സ്രോതസ്സ്. ഇഎൻടി സർജനായ പിതാവ് ഡോ. രജനീകാന്ത് ജോലി ഉപേക്ഷിച്ചാണു ഗുകേഷിനൊപ്പം യാത്ര ചെയ്തിരുന്നത്.
∙ ഗുകേഷിന് തമിഴ്നാടിന്റെ 5 കോടി രൂപ
ചെന്നൈ ∙ ലോക ചെസ് ചാംപ്യനായ ഡി.ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രാജ്യത്തിന് അഭിമാനവും ആഹ്ലാദവും പകരുന്ന നേട്ടമാണു ഗുകേഷ് കൈപ്പിടിയിലാക്കിയതെന്നു സ്റ്റാലിൻ പറഞ്ഞു.ലോക ചെസ് ചാംപ്യനായ ഡി. ഗുകേഷിനെ പാർലമെന്റിന്റെ ഇരുസഭകളും അഭിനന്ദിച്ചു.