സ്വർണത്തിന് വിലക്കില്ല; സർക്കാർ വിലക്കിയ സ്കൂളിലെ അത്‌ലീറ്റിലൂടെ റാഞ്ചി മീറ്റിൽ കേരളത്തിന് ആദ്യ സ്വർണം
Mail This Article
റാഞ്ചി (ജാർഖണ്ഡ്) ∙ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അടുത്ത വർഷത്തെ കായികമേളകളിൽനിന്നു വിലക്കിയ സ്കൂളിലെ അത്‌ലീറ്റിലൂടെ ദേശീയ സീനിയർ സ്കൂൾ കായികമേളയിൽ കേരളത്തിന് ആദ്യ സ്വർണം. മലപ്പുറം തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിലെ ആദിത്യ അജിയാണു സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയത്. കേരളത്തിന്റെ ആദ്യസ്വർണമാണിത്.
സംസ്ഥാന കായികമേളയുടെ സമാപന വേദിയിലെ പ്രതിഷേധത്തിന്റെ പേരിൽ നവാമുകുന്ദ സ്കൂളിനെ അടുത്തവർഷത്തെ മേളകളിൽനിന്നു വിലക്കിയിരിക്കുകയാണ്. സ്കൂൾ മാപ്പപേക്ഷ നൽകിയിട്ടും വിദ്യാഭ്യാസ വകുപ്പ് വിലക്കു പിൻവലിക്കാൻ തയാറായിട്ടില്ല. കടുത്ത തണുപ്പിനെ അവഗണിച്ച് 14.57 സെക്കൻഡിലാണ് ആദിത്യ സ്വർണം നേടിയത്.
കോട്ടയം എരുമേലി വാളാഞ്ചിറയിൽ കെ.ആർ.അജിമോന്റെയും സൗമ്യയുടെയും മകളാണ് ആദിത്യ. പെൺകുട്ടികളുടെ 400 മീറ്ററ്റിൽ പാലക്കാട് പറളി എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനി എം.ജ്യോതിക വെള്ളി നേടി (56.78 സെക്കൻഡ്).
വീണ്ടും സ്വർണം ലഭിച്ചതിൽ സന്തോഷം. വിലക്കിനെക്കുറിച്ച് അറിഞ്ഞപ്പോൾ വലിയ വിഷമമുണ്ടായി. അടുത്ത തവണ മത്സരിക്കാൻ പറ്റിയില്ലെങ്കിലോ എന്ന ആശങ്കയുണ്ടായിരുന്നു. അതിനാൽ ഇത്തവണ കഠിനമായി ശ്രമിച്ചു. – ആദിത്യ അജി
ബാലാവകാശ കമ്മിഷൻ കേസെടുത്തു
സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. വിഷയത്തിൽ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ചെയർപഴ്‌സൺ കെ.വി.മനോജ്കുമാർ നടപടിയെടുത്തത്.
സ്‌കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. സ്‌കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടറോടും നിർദേശിച്ചു.