സാവോപോളോ (ബ്രസീൽ) ∙ ബ്രസീലിയൻ ഗ്രാൻപ്രിയിൽ ലൂയിസ്‍ ഹാമിൽട്ടൻ ജയിച്ചതോടെ, ഫോർമുല വൺ കിരീടപ്പോരാട്ടം അബുദാബിയിലേക്കു നീണ്ടു. ബ്രസീലിൽ ജയിച്ചാൽ കിരീടം നേടാമെന്ന നിലയിൽ മൽസരത്തിനിറങ്ങിയ മെഴ്സിഡീസിലെ സഹതാരം നിക്കോ റോസ്ബർഗിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണു ഹാമിൽട്ടന്റെ ജയം. തന്റെ 52–ാം ജയം സ്വന്തമാക്കിയ ഹാമിൽട്ടൻ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ രണ്ടാമത്തെ ഡ്രൈവർ എന്ന സ്ഥാനം അലൈൻ പ്രോസ്റ്റിൽനിന്നു പിടിച്ചെടുത്തു.
മഴയും കൊടുങ്കാറ്റും അപകടം വിതച്ച ഇന്റർലാഗോസ് സർക്യൂട്ടിൽ അതിസാഹസികമായി കാറോടിച്ചാണു ഹാമിൽട്ടൻ ചെക്കേഡ് ഫ്ലാഗ് കണ്ടത്. റെഡ് ബുള്ളിന്റെ മാക്സ് വെസ്തപ്പൻ മൂന്നാമനായി. ഫോഴ്സ് ഇന്ത്യയുടെ സെർജിയോ പെരസ് നാലാം സ്ഥാനത്തെത്തി. അബുദാബിയിൽ സീസണിലെ അവസാന മൽസരത്തിൽ ഹാമിൽട്ടൻ ഒന്നാമതെത്തിയാൽ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ മൽസരം തീർത്താലും റോസ്ബർഗിനു ചാംപ്യൻ പട്ടം നേടാം.