Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രണ്ടിൽ’ ഒന്നറിയാൻ എഫ്സി കേരള

fc-kerala-team1 ഐ ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനൊരുങ്ങുന്ന എഫ്സി കേരള സീനിയർ ടീം.

തൃശൂർ ∙ ഐ ലീഗ് ഫുട്ബോൾ രണ്ടാം ഡിവിഷനിൽ ബൂട്ടുകെട്ടാനൊരുങ്ങി എഫ്സി കേരള. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനൊപ്പമാണു തൃശൂർ ആസ്ഥാനമായ എഫ്സി കേരള ഐ ലീഗ് യോഗ്യത നേടിയത്. ഗ്രൂപ്പ് ബിയിൽ ഐഎസ്എൽ ടീമുകളായ എഫ്സി ഗോവയുടെയും ബ്ലാസ്റ്റേഴ്സിന്റെയും റിസർവ് ടീമുകൾക്കൊപ്പം എഫ്സി കേരള അരങ്ങേറ്റം കുറിക്കും. രണ്ടാം ഡിവിഷനിൽ കളിക്കുന്ന 18 ടീമുകളിൽ പതിനൊന്നും ഐഎസ്എൽ റിസർവ് ടീമുകളാണെന്നതു മൽസരത്തിന്റെ കടുപ്പം കൂട്ടും.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ലീഗ് കമ്മിറ്റി യോഗത്തിലാണ് എഫ്സി കേരളയ്ക്കു രണ്ടാം ഡിവിഷൻ യോഗ്യത നൽകാൻ തീരുമാനമായത്. ദേശീയ ലീഗ് മുന്നിൽക്കണ്ടു രണ്ടു വിദേശികളും ഇതര സംസ്ഥാന കളിക്കാര‍ുമടക്കം മികച്ച സീനിയർ ടീമിനെ തിരഞ്ഞെടുത്തിരുന്നു. കർശന മാനദണ്ഡങ്ങൾ പാലിച്ചാണു ഫെഡറേഷൻ 18 ടീമുകളെ രണ്ടാം ഡിവിഷനിലേക്കു തിരഞ്ഞെടുത്തത്. അവസാന പതിനെട്ടിൽ ഇടംപ‌ിടിക്കാൻ ടീം ഘടനയും സോക്കർ സ്കൂൾ പ്രവർത്തനങ്ങള‍ുമൊക്കെ എഫ്സി കേരളയ്ക്കു തുണയായി. കേരള ഫുട്ബോൾ അസോസിയേഷന്റെ നിലപാടും ടീമിനു സഹായകരമായി.

fc-kerala-coach

പ്രീസീസണിൽ രണ്ട് അഖിലേന്ത്യാ ട്രോഫികൾ നേടി എഫ്സി കേരള തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. മുൻ ഇന്ത്യൻ കോച്ചും എഫ്സി കേരളയുടെ ടെക്നിക്കൽ ഡയറക്ടറുമായ നാരായണ മേനോൻ, ചീഫ് കോച്ച് ടി.ജി. പുരുഷോത്തമൻ, മാനേജർ നവാസ് എന്നിവരുടെ നേതൃത്വത്തിലാണു തയാറെടുപ്പുകൾ.

18 ടീമുകളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണു മൽസരം. ഹോം, എവേ രീതിയിൽ മൽസരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്കു ഫൈനൽ റൗണ്ട് യോഗ്യത ലഭിക്കും. മൂന്നു വിദേശ താരങ്ങളെ മാത്രമേ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനാവൂ. 

ആറുവർഷത്തിനുള്ളിൽ ഐഎസ്എൽ ലക്ഷ്യം 

ആറു വർഷത്തിനുള്ളിൽ ഐഎസ്എൽ യോഗ്യതയാണ് എഫ്സി കേരളയുടെ ലക്ഷ്യം. മികച്ച സൗകര്യങ്ങൾ ഒരുക്കി ടീമിനെ ഐഎസ്എൽ നിലവാരത്തിലേക്കുയർത്താൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. തൃശൂരിൽ 35 ഏക്കറിൽ ക്ലബ് ഹൗസ് ഒരുക്കി എഫ്സി കേരളയ്ക്കു പ്രഫഷനൽ മുഖം നൽകും. നക്ഷത്ര സൗകര്യമുള്ള താമസകേന്ദ്രവും 10 കായികയിനങ്ങളിൽ പരിശീലന സൗകര്യവും അടങ്ങുന്നതാകും ക്ലബ് ഹൗസ്. പ്രതിഭാശാലികളായ യുവതലമുറയെ വാർത്തെടുക്കാനും പദ്ധതി തുടങ്ങി. ദേശീയ ഫെഡറേഷൻ പ്രതിനിധികൾ അക്കാദമിയിൽ നടത്തിയ സന്ദർശനത്തിൽ റസിഡൻഷ്യൽ അല്ലാത്ത അക്കാദമികൾക്കു ലഭിക്കാവുന്ന ഏറ്റവും ഉയർന്ന റേറ്റിങ് ആയ ‘ടു സ്റ്റാർ’ ആണു നൽകിയത്.