നോവായി നൊവാക്

Mail This Article
മെൽബൺ∙ പ്രായത്തെയും ശരീരത്തെയും വെല്ലുവിളിച്ചുള്ള അപരാജിത കുതിപ്പിൽ നൊവാക് ജോക്കോവിച്ചിന് ഇത്തവണ അടിതെറ്റി. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് സെമിഫൈനലിനിടെ ഇടതു കാലിനു പരുക്കേറ്റ മുപ്പത്തിയേഴുകാരൻ സെർബിയൻ താരം മത്സരം പൂർത്തിയാക്കാതെ പിൻമാറി. ഇതോടെ 25–ാം ഗ്രാൻസ്‍ലാം കിരീടം എന്ന സ്വപ്നനേട്ടത്തിനായി ജോക്കോ ഇനിയും കാത്തിരിക്കേണ്ടിവരും. സെമിയിൽ ജർമനിയുടെ ഇരുപത്തിയേഴുകാരൻ താരം അലക്സാണ്ടർ സ്വരേവിനെതിരെ ടൈബ്രേക്കറിൽ ആദ്യ സെറ്റ് 7-6 (7–5)നു നഷ്ടപ്പെട്ടതിനു പിന്നാലെയായിരുന്നു ജോക്കോയുടെ പിൻമാറ്റം. ഇതോടെ നാളെ നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ഒന്നാം സീഡും നിലവിലെ ചാംപ്യനുമായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം സീഡ് സ്വരേവും ഏറ്റുമുട്ടും. സെമിയിൽ യുഎസിന്റെ ബെൻ ഷെൽട്ടനെ തോൽപിച്ചാണ് (7–6, 6–2, 6–2) സിന്നർ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഇന്നലെ നടന്ന മിക്സ്ഡ് ഡബിൾസ് ഫൈനൽ ഓസ്ട്രേലിയയുടെ ജോൺ പിയേഴ്സ്– ഒലിവിയ ഗഡകി സഖ്യം ഓസ്ട്രേലിയയുടെ തന്നെ കിംബർലി– ജോൺ പാട്രിക് സ്മിത്ത് സഖ്യത്തെ (6–3, 4–6, 6–10) തോൽപിച്ചു.
പൊരുതി മടക്കം
കാർലോസ് അൽകാരസിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയായിരുന്നു ജോക്കോവിച്ചിന്റെ ഇടതു കാലിനു പരുക്കേറ്റത്. ക്വാർട്ടറിനു ശേഷം രണ്ടു ദിവസം വിശ്രമത്തിനായി ലഭിച്ചെങ്കിലും ജോക്കോയുടെ പരുക്കു പൂർണമായി ഭേദമായിരുന്നില്ല. ഇടതു കാലിൽ വരിഞ്ഞുകെട്ടിയ ബാന്റേജുമായാണ് സെമിഫൈനൽ പോരാട്ടത്തിനായി ജോക്കോ ഇറങ്ങിയത്. മത്സരത്തിലെ ആദ്യ പോയിന്റ് അലക്ഷ്യമായൊരു ഷോട്ടിലൂടെ നഷ്ടപ്പെടുത്തിയെങ്കിലും എണ്ണംപറഞ്ഞൊരു റിട്ടേണുമായി ആദ്യ ഗെയിം സ്വന്തമാക്കിയ ജോക്കോ നയം വ്യക്തമാക്കി. എന്നാൽ മത്സരം പുരോഗമിക്കുന്നതനുസരിച്ച് പരുക്ക് ജോക്കോയെ പ്രതിരോധത്തിലാക്കി. ഇതു മുതലെടുത്ത സ്വരേവ് ക്രോസ് കോർട്ട് ഷോട്ടുകളിലൂടെ പോയിന്റ് നേടി. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടിയെടുക്കാൻ ജോക്കോയ്ക്കു സാധിച്ചെങ്കിലും പരുക്കു വഷളായതോടെ സെർബിയൻ താരത്തിന്റെ നീക്കങ്ങൾ മന്ദഗതിയിലായി. ഇതോടെ സ്വരേവിനു കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ഒടുവിൽ ടൈബ്രേക്കറിൽ തോൽവി വഴങ്ങിയതിനു പിന്നാലെ മത്സരത്തിൽ നിന്നു പിൻമാറാൻ ജോക്കോ തീരുമാനിക്കുകയായിരുന്നു. ജോക്കോയെ കൂവിവിളിച്ചാണ് കാണികൾ യാത്രയാക്കിയത്. രണ്ടു തവണ ഗ്രാൻസ്‌ലാം ഫൈനലിസ്റ്റ് ആയിരുന്ന സ്വരേവിന്റെ ആദ്യത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലാണിത്.
വനിതാ സിംഗിൾസ് ഫൈനൽ ഇന്ന്
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ഒന്നാം സീഡ് ബെലാറൂസിന്റെ അരീന സബലേങ്ക യുഎസിന്റെ മാഡിസൻ കീസിനെ നേരിടും. നിലവിലെ ചാംപ്യനായ സബലേങ്ക ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2017ൽ യുഎസ് ഓപ്പൺ ഫൈനലിൽ എത്തിയതാണ് കീസിന്റെ ഇതിനു മുൻപുള്ള പ്രധാനനേട്ടം. മത്സരം ഉച്ചകഴിഞ്ഞ് 2ന് സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.