മൂന്നര ക്വിന്റൽ ച്യവന പ്രാശം, 4 ടൺ ചോറ്; ആനകൾക്ക് സുഖചികിത്സ, ചെലവ് 14 ലക്ഷം!
21 ആനകളുടെ പ്രകടനം നയിച്ചത് സാക്ഷാൽ ഗുരുവായൂർ കേശവൻ. ഒപ്പം വൻ ജനാവലി. വഴി നീളെ സ്വീകരണം. വാദ്യഘോഷങ്ങൾ. പുന്നത്തൂർ റോഡിലൂടെ കോട്ടയുടെ കിഴക്കേ കവാടത്തിൽ ആനകൾക്ക് കടക്കാൻ പുതിയ പാലം തീർത്തിരുന്നു. അവിടെയെത്തിയപ്പോൾ കേശവൻ നിന്നു....
21 ആനകളുടെ പ്രകടനം നയിച്ചത് സാക്ഷാൽ ഗുരുവായൂർ കേശവൻ. ഒപ്പം വൻ ജനാവലി. വഴി നീളെ സ്വീകരണം. വാദ്യഘോഷങ്ങൾ. പുന്നത്തൂർ റോഡിലൂടെ കോട്ടയുടെ കിഴക്കേ കവാടത്തിൽ ആനകൾക്ക് കടക്കാൻ പുതിയ പാലം തീർത്തിരുന്നു. അവിടെയെത്തിയപ്പോൾ കേശവൻ നിന്നു....
21 ആനകളുടെ പ്രകടനം നയിച്ചത് സാക്ഷാൽ ഗുരുവായൂർ കേശവൻ. ഒപ്പം വൻ ജനാവലി. വഴി നീളെ സ്വീകരണം. വാദ്യഘോഷങ്ങൾ. പുന്നത്തൂർ റോഡിലൂടെ കോട്ടയുടെ കിഴക്കേ കവാടത്തിൽ ആനകൾക്ക് കടക്കാൻ പുതിയ പാലം തീർത്തിരുന്നു. അവിടെയെത്തിയപ്പോൾ കേശവൻ നിന്നു....
നന്ദിനി ഓട്ടക്കാരിയാണ്. വെറും ഓട്ടക്കാരിയല്ല, കരുതലോടെ ഓടുന്നവൾ. 3 പതിറ്റാണ്ട് ഗുരുവായൂർ ഉത്സവത്തിന് കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് ഓട്ടപ്രദക്ഷിണം നടത്തിയ പിടിയാന. ക്ഷേത്രം മതിൽക്കകത്ത് പള്ളിവേട്ടയ്ക്ക് 9, ആറാട്ടിന് 11 പ്രദക്ഷിണം ഓടണം. തിങ്ങിനിറഞ്ഞ ജനങ്ങൾക്കിടയിലൂടെയാണ് ശരവേഗത്തിൽ പായേണ്ടത്. മുകളിൽ കണ്ണന്റെ തങ്കത്തിടമ്പേറ്റിയ കീഴ്ശാന്തി. മുന്നിലും പിന്നിലും ഉത്സവാരവത്തിൽ ജനക്കൂട്ടം. ആർക്കും ഒരപകടവുമില്ലാതെ നന്ദിനി 30 കൊല്ലം ഓട്ടം പൂർത്തിയാക്കി പടിയിറങ്ങി. പ്രായമായി, ക്ഷീണമുണ്ട്. എന്നിട്ടും കുളിച്ച് കുറിയിട്ട് നിന്ന നന്ദിനിക്കായിരുന്നു ഗുരുവായൂരിലെ സുഖചികിത്സയുടെ ആദ്യ ഔഷധ ഉരുള ലഭിച്ചത്. പുന്നത്തൂർക്കോട്ടയിൽ നന്ദിനിക്ക് ഉരുള നൽകി ദേവസ്വം ചെയ്രമാൻ ഡോ. വി.കെ.വിജയനും എൻ.കെ.അക്ബർ എംഎൽഎയും ചേർന്ന് സുഖചികിത്സ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ജൂലൈ 1 മുതൽ 30 ദിവസം ആനകൾക്ക് സുഖചികിത്സ കാലമാണ്. ചികിത്സ കഴിഞ്ഞാൽ ആനകൾക്ക് അഴകും ആരോഗ്യവും കൂടും. പ്രായം ഇളപ്പെടും. ഒരു ഉത്സവ കാലത്തേയ്ക്കുള്ള ഓജസ്സും തേജസ്സും നേടും.
4 ടൺ അരിയുടെ ചോറ്, 1.30 ടൺ മുതിരയും ചെറുപയറും വേവിച്ചത്, 1.30 ടൺ റാഗിപ്പൊടി, 3.30 ക്വിന്റൽ ച്യവന പ്രാശം, 1.32 കിലോ അഷ്ട ചൂർണം, 1.32 കിലോ മഞ്ഞൾപ്പൊടി, ഒരു കുന്നോളം അയൺ ടോണിക്, ധാതു ലവണങ്ങൾ, വൈറ്റമിൻ ഗുളികകൾ. ആനവായ നിറച്ച് ഔഷധക്കൂട്ട് നൽകാൻ ദേവസ്വം ചെലവഴിക്കുന്നത് 14 ലക്ഷം രൂപ.
ചികിത്സയ്ക്ക് മുൻപായി എല്ലാ ആനകളുടെയും രക്തവും എരണ്ടവും (പിണ്ടം) പരിശോധിച്ചു. ലിവർ, കിഡ്നി ഫങ്ഷൻ ടെസ്റ്റുകൾ നടത്തി. തൂക്കം നോക്കി. വയറ്റിലെ വിരകൾ നശിക്കാൻ മരുന്നുകൾ നൽകി.
ആയുർവേദവും അലോപ്പതിയും സമീകരിച്ച് ഓരോ ആനയുടെ പ്രത്യേകതകൾ വിലയിരുത്തി ചികിത്സ നൽകുന്നത് ആന ചികിത്സകരിലെ ഒന്നാം നിരക്കാരുടെ വിദഗ്ധസമിതിയാണ്.
ഡോക്ടർമാരായ പി.ബി.ഗിരിദാസ്, ടി.എസ്.രാജീവ്, കെ.വിവേക്, എം.എൻ.ദേവൻ നമ്പൂതിരി, ചാരുജിത് നാരായണൻ എന്നിവരാണ് സമിതി അംഗങ്ങൾ.
ദേവസ്വത്തിന്റെ ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ആനകൾ 44. ഇതിൽ 30 എണ്ണം സുഖചികിത്സയിൽ പങ്കെടുക്കുന്നുണ്ട്. സിദ്ധാർഥൻ, ഗോകുൽ, ജൂനിയർ മാധവൻ, രാജശേഖരൻ, ബാലകൃഷ്ണൻ, താര, നന്ദിനി തുടങ്ങിയ ആനകൾ നേതൃത്വം നൽകി. നന്ദൻ, ഇന്ദ്രസെൻ, ശ്രീധരൻ, ദാമോദർദാസ് തുടങ്ങിയ ഒന്നാംനിരക്കാർ മദപ്പാടിലാണ്. മദപ്പാടിലുള്ള ആനകൾക്ക് മദകാലം കഴിഞ്ഞാണ് ചികിത്സ. 19 ആനകൾ മദപ്പാടിലാണെങ്കിലും 5 കൊമ്പന്മാർക്ക് കെട്ടുംതറിയിൽ മരുന്ന് എത്തിച്ച് നൽകിയാൽ സ്വയം കഴിക്കും.14 കൊമ്പന്മാർക്ക് മദകാലം കഴിഞ്ഞാൽ ചികിത്സ നൽകും.
തോരാ മഴ പെയ്ത് അകവും പുറവും തണുക്കുന്ന മിഥുനം കർക്കടകമാണ് ആനയ്ക്കും മനുഷ്യനും സുഖചികിത്സാകാലം. ആനയുടെ സുഖചികിത്സയ്ക്കും വിശദമായ ചിട്ടയുണ്ട്. ഹസ്ത്യായുർവേദവും മോഡേൺ മെഡിസിനും ആനക്കാരുടെ അനുഭവ സമ്പത്തും സമം ചേർത്ത് പഥ്യം തെറ്റാതെ ഗുരുവായൂരിൽ സുഖചികിത്സ ആരംഭിച്ചിട്ട് 3 പതിറ്റാണ്ട് കഴിഞ്ഞു. ഗുരുവായൂരിലെ ഈ മാതൃക ലോക വെറ്ററനറി ഭൂപടത്തിൽ സ്ഥാനം നേടി.
തേച്ചുകുളിയാണ് പ്രധാനം. കാലത്ത് ആനയെ കെട്ടുംതറിയിൽ നിന്നഴിച്ച് വെള്ളവും അത്യാവശ്യം തീറ്റയും കൊടുത്താൽ കുളിപ്പിക്കാൻ കിടത്തും. ദേഹമാകെ നനച്ച് കല്ലും ചെത്തിമിനുക്കിയ ചകിരിയും ഉപയോഗിച്ച് മൂന്ന് പാപ്പാന്മാർ ചേർന്ന് തേച്ചു കുളിപ്പിക്കാൻ തുടങ്ങും. ആനയുടെ ശരീരത്തിലെ ഓരോ ഇഞ്ചും ചകിരിയും കല്ലും എത്തുന്നത് അറിയണം.
ഒരാനയെ തേച്ചു കുളിപ്പിച്ചെടുക്കാൻ ചുരുങ്ങിയത് 3 മണിക്കൂർ വേണം. കുളി കഴിഞ്ഞാൽ കെട്ടുംതറിയിൽ എത്തിച്ച് പുല്ല്, പനമ്പട്ട, വാഴത്തണ്ട് തുടങ്ങിയ തീറ്റ നൽകും.
3 മണിക്കാണ് സുഖചികിത്സയുടെ ഔഷധക്കൂട്ട് നൽകുന്നത്. പുന്നത്തൂർക്കോട്ടയുടെ വടക്കിനി മുറ്റത്ത് കൊമ്പനും പിടിയുമായി ആനകൾ നിരക്കും. ചോറും ചെറുപയറും മുതിരയും വേവിച്ച് ച്യവനപ്രാശവും അഷ്ടചൂർണവും മറ്റ് മരുന്നുകളും ചേർത്ത ഔഷധ ഉരുളകൾ പാപ്പാന്മാർ ആനവായിൽ വച്ചു കൊടുക്കും. മൃഷ്ടാന്നം കഴിഞ്ഞാൽ വ്യായാമത്തിനായി ആനകളെ നടത്തും. 30 ദിവസത്തെ സുഖ ചികിത്സ കഴിഞ്ഞാൽ ആനകളുടെ തൂക്കം 200 മുതൽ 500 കിലോ വരെ കൂടും. ക്ഷീണം മാറും. ആനച്ചന്തം വർധിക്കും. തലയെടുപ്പും ഗാംഭീര്യവും ഉയരും.
ആനകൾ 44 ചെലവോ ചെലവ്
‘ആന നിന്നാലും ചെരിഞ്ഞാലും പന്തീരായിരം’ എന്ന പഴഞ്ചൊല്ല് പഴഞ്ചനായി. പണ്ട് ആന നിന്നാൽ എഴുന്നള്ളിപ്പും തടിപ്പണിയുമൊക്കയായി നല്ല വരുമാനമായിരുന്നു. ചരിഞ്ഞാൽ ആനക്കൊമ്പും നഖവും വിറ്റ് വൻതുക ലഭിക്കും.
ഇപ്പോൾ ആന നിന്നാലും ചെലവ്. ചരിഞ്ഞാലും ചെലവ്.
ഗുരുവായൂർ ദേവസ്വത്തിൽ 44 ആനകളുണ്ട്. 39 കൊമ്പന്മാരും 5 പിടിയാനകളും. ആനകളുടെ സംരക്ഷണത്തിന് ദേവസ്വം ഓരോ വർഷവും കോടികളാണ് ചെലവഴിക്കുന്നത്. ഓരോ ആനയ്ക്കും 3 പാപ്പാന്മാർ വീതമുണ്ട്. ഇവർക്ക് സർക്കാർ സ്കെയിലിൽ മികച്ച ശമ്പളം, താമസ സൗകര്യം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ. ആനകളുടെ തീറ്റ, ചികിത്സ, സംരക്ഷണം എന്നിവയ്ക്കും വൻ തുക വേണം. ഇതിന്റെ മേൽനോട്ടത്തിനായി ഒരു ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ലൈവ് സ്റ്റോക്ക് (ജീവധനം) വിഭാഗവുമുണ്ട്. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളും വേണം.
എഴുന്നള്ളിപ്പാണ് പ്രധാന വരുമാനം. ഇത് ഒരു മാസത്തെ തീറ്റച്ചെലവിന് തികയില്ല. പുന്നത്തൂർക്കോട്ട കാണാൻ വരുന്ന സന്ദർശകരുടെ പ്രവേശന ഫീസ്, പാർക്കിങ് ഫീസ് എന്നിവയാണ് മറ്റൊരു വരുമാനം. ഇതൊന്നും ആനച്ചെലവിന്റെ അടുത്തെങ്ങും എത്തില്ല.
ആന മാനേജരായി വനിത
ചങ്ങലക്കിലുക്കം കേൾക്കുന്ന ആനക്കോട്ടയിൽ ഭരണരംഗത്ത് ജൂൺ 21 മുതൽ വള കിലുക്കം കേട്ടു തുടങ്ങി. പുന്നത്തൂർ കോട്ടയുടെ 47 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത അസി.മാനേജരായി ചുമതലയേറ്റു, സി.ആർ.ലെജുമോൾ. ആനയെന്ന് കേട്ടാൽ വിരണ്ടു പോകില്ല ലൈജുമോൾ. ആനക്കാര്യം ഇവർക്ക് വീട്ടുകാര്യമാണ്.
ചെറുപ്പം മുതൽ ആനയെ കണ്ടും കേട്ടും വളർന്നു. അച്ഛൻ രവീന്ദ്രൻ നായർ ദേവസ്വത്തിലെ പാപ്പാൻ ആയിരുന്നു. ആനയുമായി പോകുമ്പോൾ വാഹനം തട്ടി മരിച്ചു. അച്ഛന്റെ ആശ്രിത നിയമനത്തിൽ 27 വർഷം മുൻപ് ദേവസ്വത്തിൽ ക്ലാർക്കായി. ഭർത്താവ് പ്രസാദും കുറച്ച് കാലം പാപ്പാനായി ജോലി നോക്കി. ഭർതൃപിതാവ് മണ്ണാരത്ത് ശങ്കരനാരായണൻ ദേവസ്വത്തിലെ അറിയപ്പെടുന്ന റിട്ട. ആനക്കാരനാണ്. രാമൻകുട്ടിയെയും കണ്ണനെയും പലതവണ ആനയോട്ടത്തിൽ വിജയിപ്പിച്ച പാപ്പാൻ. 44 ആനകളും 150ഓളം പാപ്പാന്മാരുമുള്ള ആനക്കോട്ടയിൽ ആനകളുടെ ക്ഷേമം, പാപ്പാന്മാരുടെ ഡ്യൂട്ടി, സേവന വേതന കാര്യങ്ങൾ എല്ലാം നടപ്പാക്കേണ്ട ചുമതല അസി. മാനേജർക്കാണ്. കാവീട്, വേങ്ങാട് ഗോകുലങ്ങളുടെയും ചുമതലയുണ്ട്. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ ആണ് പുന്നത്തൂർക്കോട്ട ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ.
അടിയന്തിരാവസ്ഥയ്ക്ക് പുല്ലുവില, ആനകൾ പ്രകടനം നടത്തി പുന്നത്തൂർക്കോട്ട ആനത്താവളമായിട്ട് 47 വർഷം
1975 ജൂൺ 25നാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രകടനവും പൊതുയോഗവും നിരോധിച്ച് സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിട്ട കാലം. പ്രഖ്യാപനം ജനങ്ങൾ അറിഞ്ഞത് 26ന് രാവിലെയായിരുന്നു. അന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ ശീവേലിക്കു ശേഷം ആനകളുടെ ഒരു ഘോഷയാത്ര പുറപ്പെട്ടു. ഗുരുവായൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള പുന്നത്തൂർക്കോട്ടയിലേക്ക്. ആനകളുടെ വാസസ്ഥലമായി മാറിയ പുന്നത്തൂർക്കോട്ടയിൽ ‘ഗൃഹപ്രവേശം’ ആയിരുന്നു അന്ന്.
21 ആനകളുടെ പ്രകടനം നയിച്ചത് സാക്ഷാൽ ഗുരുവായൂർ കേശവൻ. ഒപ്പം വൻ ജനാവലി. വഴി നീളെ സ്വീകരണം. വാദ്യഘോഷങ്ങൾ. പുന്നത്തൂർ റോഡിലൂടെ കോട്ടയുടെ കിഴക്കേ കവാടത്തിൽ ആനകൾക്ക് കടക്കാൻ പുതിയ പാലം തീർത്തിരുന്നു. അവിടെയെത്തിയപ്പോൾ കേശവൻ നിന്നു. രണ്ടു തവണ ചവിട്ടി നിന്ന് പാലത്തിന്റെ ഉറപ്പു നോക്കി. ആനകൾ പാലംകടന്ന് കോട്ടയിലെത്തിയപ്പോൾ ഗംഭീര വെടിക്കെട്ടോടെ സ്വീകരണം. പാപ്പാന്മാർക്കും നാട്ടുകാർക്കും വിഭവ സമൃദ്ധമായ സദ്യ. അങ്ങനെ പുന്നത്തൂർക്കോട്ട ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയായി മാറി.
ഗുരുവായൂരിൽ ദേവസ്വത്തിന്റെ വിവിഐപി ഗസ്റ്റ്ഹൗസ് ‘ശ്രീവത്സം’ നിൽക്കുന്ന സ്ഥലത്ത് മുൻപ് സാമൂതിരി കോവിലകം ആയിരുന്നു. എട്ടുകെട്ടും മാളികയും കുളപ്പുരയും പടിപ്പുരയും തെങ്ങിൻപറമ്പും. ഇവിടെയാണ് ദേവസ്വത്തിന്റെ ആനകളെ കെട്ടിയിരുന്നത്. ആനകളുടെ എണ്ണം വർധിച്ച് 25 ആയതോടെ സ്ഥലപരിമിതി പ്രശ്നമായി.
അങ്ങനെയാണ് പുന്നത്തൂർ രാജാക്കന്മാരുടെ ആസ്ഥാനമായ പുന്നത്തൂർ കോട്ടയും 2 ക്ഷേത്രങ്ങളും 2 കുളങ്ങളുമുള്ള 9.75 ഏക്കർ സ്ഥലം ദേവസ്വം വാങ്ങിയത്. അന്നത്തെ വില 1.60 ലക്ഷം രൂപ പിന്നീട് സമീപത്തെ സ്ഥലങ്ങൾ കൂടി ഏറ്റെടുത്ത് വിസ്തൃതി കൂട്ടി. ഒരു കാലത്ത് ആനകളുടെ എണ്ണം 67 വരെ എത്തി. 10 കൊല്ലമായി ഒരാനയെ പോലും നടയിരുത്തിയിട്ടില്ല. നാട്ടാന പരിപാലന നിയമം കർശനമായതോടെ ആനയെ നടയിരുത്താൻ കഴിയാതെയായി.
ആനയെ വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ 10 ലക്ഷം രൂപ ദേവസ്വത്തിൽ അടച്ച് ആനയെ പ്രതീകാത്മകമായി നടയിരുത്തുകയാണ് ചെയ്യുന്നത്.
English Summary: Specialties of sukhachikitsa' for Elephant at Guruvayur and the history of Punnathoor Kotta