മതസൗഹാർദ്ദം, ശാന്തിദൂത്, സമൂഹ നന്മ ; ഇവരുടെ സൗഹൃദം നാടിന് സന്ദേശം
ഇതൊരു അപൂർവ സൗഹൃദത്തിന്റെ കഥയാണ്. മതത്തിന്റെ പരമ്പരാഗത വേലിക്കെട്ടുകൾക്കുമപ്പുറം സ്നേഹവും സൗഹൃദവും ഹൃദയവും പങ്കുവയ്ക്കുന്ന മൂന്നുപേരുടെ വ്യത്യസ്തമായ കൂട്ടായ്മയുടെ കഥ. വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദവും വേദി പങ്കിടലുമൊക്കെ കേരളീയ സമൂഹത്തിൽ പുതുമയുള്ള കാര്യമല്ല. ക്ഷേത്രങ്ങളുടേയും
ഇതൊരു അപൂർവ സൗഹൃദത്തിന്റെ കഥയാണ്. മതത്തിന്റെ പരമ്പരാഗത വേലിക്കെട്ടുകൾക്കുമപ്പുറം സ്നേഹവും സൗഹൃദവും ഹൃദയവും പങ്കുവയ്ക്കുന്ന മൂന്നുപേരുടെ വ്യത്യസ്തമായ കൂട്ടായ്മയുടെ കഥ. വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദവും വേദി പങ്കിടലുമൊക്കെ കേരളീയ സമൂഹത്തിൽ പുതുമയുള്ള കാര്യമല്ല. ക്ഷേത്രങ്ങളുടേയും
ഇതൊരു അപൂർവ സൗഹൃദത്തിന്റെ കഥയാണ്. മതത്തിന്റെ പരമ്പരാഗത വേലിക്കെട്ടുകൾക്കുമപ്പുറം സ്നേഹവും സൗഹൃദവും ഹൃദയവും പങ്കുവയ്ക്കുന്ന മൂന്നുപേരുടെ വ്യത്യസ്തമായ കൂട്ടായ്മയുടെ കഥ. വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദവും വേദി പങ്കിടലുമൊക്കെ കേരളീയ സമൂഹത്തിൽ പുതുമയുള്ള കാര്യമല്ല. ക്ഷേത്രങ്ങളുടേയും
ഇതൊരു അപൂർവ സൗഹൃദത്തിന്റെ കഥയാണ്. മതത്തിന്റെ പരമ്പരാഗത വേലിക്കെട്ടുകൾക്കുമപ്പുറം സ്നേഹവും സൗഹൃദവും ഹൃദയവും പങ്കുവയ്ക്കുന്ന മൂന്നുപേരുടെ വ്യത്യസ്തമായ കൂട്ടായ്മയുടെ കഥ.
വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദവും വേദി പങ്കിടലുമൊക്കെ കേരളീയ സമൂഹത്തിൽ പുതുമയുള്ള കാര്യമല്ല. ക്ഷേത്രങ്ങളുടേയും പള്ളികളുടേയും മസ്ജിദുകളുടേയുമൊക്കെ ഉദ്ഘാടനങ്ങൾക്കും മറ്റു ചടങ്ങുകൾക്കുമൊക്കെ മത സൗഹാർദ്ദ സമ്മേളനം പതിവാണല്ലോ. ഇക്കാര്യത്തിൽ തലസ്ഥാന നഗരത്തിനും വലിയ പാരമ്പര്യം പറയാനാകും. പാളയം സെന്റ് ജോസഫ് കാത്തീഡ്രലും, ജുമാ മസ്ജിദും, ക്ഷേത്രവുമൊക്കെ തൊട്ടടുത്തു തന്നെ സ്ഥിതിചെയ്യുന്നു. എന്നാല്‍ എല്ലാ ഔപചാരികതകൾക്കപ്പുറം ഒരുമിച്ചിരിക്കുക, ഒരുമിച്ചു നടക്കുക, ഒരേ മനസ്സോടെ ഇടപെടുക എന്ന സൗഹൃദത്തിലേക്കു ആത്മീയപുരുഷന്മാരുടെ ബന്ധങ്ങൾ വളരുക എന്ന അപൂർവതയ്ക്കാണ് തിരുവനന്തപുരത്തെ മതേതര കൂട്ടായ്മയുടെ വേദികൾ സാക്ഷികളാകുന്നത്.
മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ, ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി എന്നിവരുടെ അപൂർവ സൗഹൃദം പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോകുന്ന ഇൗ കാലത്ത് നമുക്കു പ്രകാശം പകർന്നു നൽകുന്നു.
അടുത്തയിടെ, തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉദ്ഘാടന വേദിയിലേക്ക് സ്വാമി ഗുരുരത്നവും പാളയം ഇമാമും എത്തുകയാണ്. സാധാരണ തലസ്ഥാനത്തെ പൊതു ചടങ്ങുകളിൽ കർദ്ദിനാൾ ക്ലിമ്മിസ് ബാവയും ഇവരോടൊപ്പമുണ്ടാകും. പതിവിനു വിപരീതമായി അദ്ദേഹത്തെ കാണാതിരുന്നപ്പോൾ ഡോ.എം.എ. യൂസഫലി പറഞ്ഞു : ‘തിരുവനന്തപുരത്തിന്റെ മതേതരത്വത്തിന്റെ പ്രതീകമായ, ഞങ്ങളുടെയൊക്കെ പ്രതീക്ഷയായ നിങ്ങളെ മൂന്നുപേരെയും എപ്പോഴും ഒരുമിച്ചു കാണുന്നത് വലിയ സന്തോഷമാണ്” . ഒപ്പമുണ്ടായിരുന്ന ഡോ.ശശി തരൂർ ഉൾപ്പെടെയുള്ളവർ അതു ശരിവെച്ചു. വൈകുന്നരം മാളിലെ തന്നെ മറ്റൊരു വേദിയിൽ യൂസഫലിയോടൊപ്പം മൂവരും പങ്കെടുക്കുകയും ചെയ്തു.
2013 ൽ ക്ലിമീസ് തിരുമേനി കർദിനാളായി സ്ഥാനാരോഹണം ചെയ്യുന്ന സമയത്ത് തിരുവനന്തപുരത്തു നിന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും അന്നത്തെ പാളയം ഇമാം ജമാലുദ്ദീൻ മങ്കടയും ശിവഗിരിയിലെ സൂഷ്മാനന്ദ സ്വാമിയുമൊക്കെ വത്തിക്കാനിലേക്ക് പ്രത്യേക അതിഥികളായി പോയതും, മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയുമൊക്കെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. രാജ്യത്തിന്റെ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും സന്ദേശങ്ങളാണ് വത്തിക്കാനിൽ നിന്നും അന്ന് മുഴങ്ങിക്കേട്ടത്. തുടർന്നാണ് തലസ്ഥാനത്തെ മത സൗഹാർദ്ദവേദികളിലെ നിറസാന്നിദ്ധ്യമായി ക്ലിമ്മിസ് ബാവയും സ്വാമി ഗുരുരത്നവും ഡോ.വി.പി.സുഹൈബ് മൗലവിയുമൊക്കെ മാറുന്നത്.
ഒരിക്കല്‍ ഒരു വൈകുന്നേരം പാളയം ഇമാമും സ്വാമിയും പരിപാടിസ്ഥലത്ത് എത്തി., തിരുവനന്തപുരത്തിന് കിഴക്ക് വെള്ളറടയിലുള്ള തെക്കൻ കുരിശുമല എന്ന തീർത്ഥാടന കേന്ദ്രം. ഒരുമിച്ചു കാറിൽ നിന്നിറങ്ങി ഇരുവരും വേദിയിലെത്തി. ആ സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് പറഞ്ഞു: ‘‘ നിങ്ങൾക്കിങ്ങനെ ഒരുമിച്ചു യാത്രചെയ്യാൻ സാധിക്കുന്നത് കേരളമായതുകൊണ്ടാണ്. വല്ല ഉത്തരേന്ത്യൻ ഗ്രാമങ്ങളിലുമാണിങ്ങനെ നടക്കുന്നതെങ്കിൽ മുട്ടിനടിയിൽ കാലുണ്ടാവുകയില്ല’’.
ഇമാം പങ്കെടുക്കുന്ന പരിപാടിയ്ക്കായി സംഘാടകർ വാഹനം ഏർപ്പാടു ചെയ്യുമെങ്കിലും സ്വാമിയുടെ കാറിലാണ് മിക്കപ്പോഴും ഇരുവരുടേയും യാത്ര. പോത്തൻകോട് ആശ്രമത്തിൽ നിന്നും പാളയം പള്ളിയുടെ മുന്നിലെത്തി ഇമാമിനേയും കൂടെ കൂട്ടും . ദൂരയാത്രയ്ക്കിടെ നമസ്കരിക്കാൻ സമയമായാൽ ഏതെങ്കിലും മസ്ജിദിനു മുന്നിൽ വണ്ടി നിർത്തി നമസ്കാരം കഴിയുന്നതുവരെ സ്വാമി ഇമാമിനെയും കാത്തു നിൽക്കും. പലയിടത്തും ഒരുമിച്ചാഹാരം കഴിക്കും, ചിലപ്പോൾ ഒരു മുറിയിൽ തന്നെയാവും ഉറക്കവും...ഒരാളുടെ കൂടെയുള്ള യാത്രാനുഭവങ്ങളിൽ അയാൾ ശ്രേഷ്ഠനാണെന്ന് വിലയിരുത്താമെന്ന് പ്രവാചകന്റെ പാഠമുണ്ട്. സ്വാമിയുമായുള്ള യാത്രാനുഭവങ്ങളെല്ലാം ഹൃദ്യമാകുന്നത് അതുകൊണ്ടാണെന്ന് ഇമാം പറയുന്നു.
2018 ല്‍ തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിലെ ഒരു ക്രിസ്തുമസ് കൂട്ടായ്മ. ക്ലിമ്മിസ് തിരുമേനിയോടൊപ്പം സ്വാമി ഗുരുരത്നവും ഇമാമും മറ്റ് മത മേലദ്ധ്യക്ഷന്മാരും സാംസ്കാരിക നേതാക്കളും. സന്തോഷസൂചകമായി ആരോ ഇമാമിന്റെ തൊപ്പിയുടെ സ്ഥാനത്ത് സാന്റായുടെ തൊപ്പി എടുത്തു വെച്ചു. പിറ്റേന്ന് പത്രങ്ങളിലെ പടംകണ്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ച. സമയോചിതമായ ഇടപെടലുകൾ നടന്നതുകൊണ്ടുമാത്രം തൊപ്പിവിവാദം തണുത്തുപോയി.
തലസ്ഥാന നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും മതസൗഹാർദ്ദമായാലും കലാ സാംസ്കാരിക സാഹിത്യ കൂട്ടായ്മയായാലും മുൻപന്തിയിൽ തന്നെയുണ്ട് മൂവരും. തലസ്ഥാന നഗരിയിലെ സ്കൂളുകളുടെ തിരുമുറ്റത്ത് വാർഷികങ്ങളിലും, ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളിലും മതേതര കൂട്ടായ്മയുടെ സന്ദേശവുമായി ഇവർ എത്തിച്ചേരും. തലസ്ഥാനത്തെ സംയുക്ത ക്രിസ്തുമസ് ആഘോഷവേളകളിലും ഓണത്തിനും, ബക്രീദിനുമൊക്കെയുള്ള ഇവരുടെ സാന്നിദ്ധ്യവും നേതൃത്വവുമൊക്കെ എടുത്തു പറയേണ്ടതു തന്നെ.
പൊതുപരിപാടികളിൽ മാത്രം ഒതുങ്ങാതുള്ള സൗഹൃദത്തിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സാധാരണക്കാരുടെ ഇടയിൽ നടത്താൻ ഈ കൂട്ടായ്മയ്ക്ക് കഴിയുന്നു. ക്യാൻസർ തുടങ്ങിയ മാരകമായ വ്യാധികൾ കൊണ്ടുഴലുന്നവർക്ക് സഹായ ഹസ്തവുമായി മുന്നിലുണ്ട് ഈ ആത്മീയ നേതാക്കൾ. ലഹരിയ്ക്കും, മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്ക്കരണത്തിനും അതിന്റെ സമരമുഖത്തും മുൻ നിരയിൽ തന്നെ ഇവരെക്കാണാനാകും.
പരിപാടികൾക്ക് സംഘാടകർ ക്ഷണിക്കുമ്പോൾ ഇമാമണെങ്കിൽ ചോദിക്കും കർദ്ദിനാളിനേയും, സ്വാമിയേയും വിളിച്ചോ..? മറ്റ് രണ്ടുപേരും അതുപോലെ തന്നെ. മൂവരുടേയും സാന്നിദ്ധ്യം ഉറപ്പുവരുത്തിയാൽ മാത്രമെ ചില പരിപാടികൾക്കു പോകണമോ വേണ്ടയോ എന്നു തീരുമാനിക്കുക പോലുമുള്ളൂ.
കുറെക്കാലം മുൻപ് ക്രൈസ്തവ –ഇസ്ലാം വിഭാഗങ്ങൾക്കിടയിൽ കടുത്ത വിള്ളൽ വീഴ്ത്തിയ ഒരു സംഭവവമുണ്ടായി. സംസ്ഥാനമൊട്ടാകെ പലതരത്തിലുള്ള ചേരിതിരിവുകൾ. ലവ് ജിഹാദാണ് വിഷയം. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അനാരോഗ്യകരമായ നിലയിൽ കാര്യങ്ങൾ വഷളാകുന്നു. രാഷ്ട്രീയക്കാരെപ്പോലെയോ മത നേതാക്കന്മാരെപ്പോലെയോ മതേതരവാദികൾ എന്നു വിശേഷിപ്പിക്കപ്പെടുന്നവർക്ക് അഭിപ്രായം പറയാൻ സാധിക്കില്ലല്ലോ. എന്നാൽ സമയോചിതമായ ഇടപെടൽ അനിവാര്യവും. വിഷയത്തിലെ ഏതഭിപ്രായവും വിലയിരുത്തലും സൂക്ഷിച്ചില്ലെങ്കിൽ മറ്റൊരു വിവാദമായേക്കാം. അവിടെയൊക്കെ വളരെ സംയമനത്തോടെ പ്രവർത്തിക്കുവാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. പട്ടം ബിഷപ്പിന്റെ ഓഫീസ് മുറിയിൽ ക്ലിമ്മിസ് തിരുമേനിയും ഇമാമും സ്വാമിയുമിരുന്നു. പ്രസ്താവനകൾ കൊണ്ട് സംഘർഷഭരിതമായ പശ്ചാത്തലത്തിൽ സമാധാനത്തെക്കുറിച്ചുള്ള കൂടിയാലോചന. പാണക്കാട്ടേയ്ക്കും, കോഴിക്കോട്ടേയ്ക്കും കാന്തപുരത്തേയ്ക്കും കോട്ടയത്തേക്കും, ചങ്ങനാശ്ശേരിയിലേക്കും കൊല്ലത്തേയ്ക്കുമൊക്കെ ഫോൺകോളുകൾ പോയി. പലയിടത്തു നിന്നും ആശാവഹമായ പ്രതികരണം ഉണ്ടായി, ചിലയിടങ്ങളിലെ പ്രതികരണങ്ങളിൽ നിരാശയുമായി.
സെന്റ് മേരീസ് പള്ളിയങ്കണം. അടച്ചിട്ട മുറിയിൽ സമാധാനത്തിനായുള്ള ചർച്ച. പാണക്കാട് നിന്നും സയ്യദ് മുനവറലി ശിഹാബ് തങ്ങളും കോഴിക്കോട് പാളയം പള്ളി ഇമാം ഡോ.ഹുസൈൻ മടവൂരും, സൂസപാക്യം തിരുമേനിയും, ശിവഗിരിയിൽ നിന്ന് സ്വാമി സൂഷ്മാനന്ദയും ഓർത്തഡോക്സ് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനിയും മാർത്തോമ തിരുവനന്തപുരം ഭദ്രാസനാധിപൻ മാർ ബർണാബസ് മെത്രാപ്പോലീത്തയും ഏകലവ്യാശ്രമത്തിലെ സ്വാമി അശ്വതി തിരുനാളും തുടങ്ങി പ്രമുഖരായ ആത്മീയാചാര്യന്മാർ ഒരുമിച്ചിരുന്നു... കേരളത്തിന്റെ പൊതു സമൂഹത്തോട് വിദ്വേഷത്തിന്റെ ഭാഷ അരുത് എന്ന സന്ദേശവുമായാണ് എല്ലാവരുമന്ന് മുറിയ്ക്ക് പുറത്തേയ്ക്കു വന്നത്. ഇരുകൈയും നീട്ടി കേരളം ഈ യോഗത്തെ സ്വീകരിച്ചു.
2017 ലെ ബക്രീദ് സമയം. സ്വാമിയും ഇമാമും വാരാന്ത്യദിവസം ബിഷപ്പ് ഹൌസിലെത്തി ഒരു പുസ്തകം സമ്മാനിച്ചു. ‘ഖുറാൻ ബൈബിൾ താരതമ്യപഠനം വായന’. ക്ലിമിസ് തിരുമേനി തമാശരൂപത്തിൽ പറഞ്ഞു.
“ഈ പുസ്തകം വായിച്ചാൽ പാളയത്തോട്ടാണോ.. ഇങ്ങോട്ടാണോ ആളുകൾ കൂടുതൽ വരിക”
ഗ്രന്ഥം പ്രമുഖ ബൈബിൾ പണ്ഡിതന്മാർ എഴുതിയതാണെന്നും പോപ്പിന്റെ ലൈബ്രറിയിൽ സൂക്ഷിക്കുന്നതാണെന്നുമൊക്കെ ഇമാം പണിപ്പെട്ട് പറയുമ്പോഴായിരുന്നു തിരുമേനിയുടെ തമാശ.
കുറനാൾ മുൻപൊരു കോവിഡ് കാലം. രാജ്ഭവനിൽ ഒരു സൗഹൃദ കൂട്ടായ്മ. പതിവുപോലെ മൂവരുമുണ്ട്. ഗവർണ്ണറെക്കാണാൻ കാത്തിരിക്കുകയാണ്. “കോവിഡ് കൊണ്ട് വലിയ ബുദ്ധിമുട്ടായിരിക്കുന്നത് നമ്മുടെ ക്ലിമ്മിസ് തിരുമേനിയ്ക്കാണ്, വിമാനങ്ങളില്ലാത്തതു കൊണ്ട് ഇടയ്ക്കിടെ റോമിൽ പോകാനാവുന്നില്ല..” സ്വാമിയുടെ തമാശ കേട്ടപ്പോൾ തിരുമേനി തിരിച്ചടിച്ചു. “സാധാരണ പൂജവെയ്പിനു മാത്രമെ സ്വാമി വിദേശത്ത് പോകാതിരിക്കൂ...
ആ സമയത്ത് പാസ്പോർട്ടും പൂജയ്ക്ക് വെച്ചിരിക്കുകയാണല്ലോ”
വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ ലോക ഭൗമദിനത്തിലെ ഒരു സൗഹൃദ സായാഹ്നം. സൂസപാക്യം തിരുമേനിയാണ് ചടങ്ങ് നടത്തുന്നത്. സുഗതകുമാരി ടീച്ചറുമുണ്ട്. ടീച്ചർ തന്നെ നേതൃത്വം നല്കുന്ന ശാന്തി സമിതിയുടെ പരിപാടിയാണ് വേദി. വൃക്ഷ തൈ നടീലാണ് പ്രധാന ചടങ്ങ്. എല്ലാവരും തൈകൾ നട്ടു. അപ്പോൾ സ്വാമിയുടെ കമന്റ് “ക്ലിമ്മിസ് തിരുമേനി ഈ നഗരത്തിൽ പലയിടത്തും വെച്ച വൃക്ഷ തൈകൾ മൊത്തം വളർന്നിരുന്നെങ്കിൽ തിരുവനന്തപുരം വലിയ വനമായി തീർന്നേനെ”. ഉടനെ ക്ലിമ്മിസ് പിതാവിന്റെ മറുപടിയും വന്നു..
“എങ്കിൽ എല്ലാ മരങ്ങളും സ്വാമി മുറിച്ചു കൊണ്ടുപോയേനെ..” ബാവയുടെ നർമം എല്ലാവരിലും ചിരിപടർത്തി.
നാലാഞ്ചിറ മാർ ഇവാനിയോസ് കോമ്പൗണ്ടിൽ ഒരു സൗഹൃദ സായാഹ്നം. മതാന്തര സംവാദമാണ് ചർച്ചയുടെ വിഷയം . ഗൗരവതരമായ ചർച്ച നടക്കുമ്പോൾ സ്വാമി വാട്സാപ്പ് നോക്കിയിരിക്കുന്നു. ഉടൻ വന്നു തിരുമേനിയുടെ കമന്റ്. “പണ്ടൊക്കെ സ്വാമിമാരുടെ കൈയിൽ യോഗദണ്ഡും കമണ്ഡലുമൊക്കെയായിരുന്നു.. ഇന്ന് ചിലരുടെ കൈയിൽ ആപ്പിൾ ഫോണും..” എല്ലാവരും ചിരിച്ചു. സ്വാമി തലയുയർത്തി കാര്യം തിരക്കിയപ്പോൾ ഇമാം പറഞ്ഞു..“അന്തരീക്ഷം മേഘാവൃതമാണ്... മഴ പെയ്യാനും.. പെയ്യാതിരിക്കാനും സാധ്യതയുണ്ട്.”
ഒരു സാംസ്കാരിക കൂട്ടായ്മയ്ക്കിടെ സാഹിത്യകാരനായ ഡോ.ജോർജ് ഓണക്കൂർ പറഞ്ഞു. “ഈ സ്വാമി എന്നാ സഭയിൽ ചേരുന്നതെന്നറിയില്ല. ഏത് സഭയാണെന്നേ ഇനി സംശയമുള്ളൂ...” ഇതു കേട്ടു സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു.. “സ്വാമി നിസ്കാരത്തിനു പോകുമെന്നാ ഞങ്ങളൊക്കെ കരുതുന്നത്..”
ഈ സൗഹൃദങ്ങള്‍ക്കിടയിൽ ഇത്തരം നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്. ബീമാപ്പള്ളി ഉറൂസിനാണെങ്കിലും, വെട്ടുകാട് തിരുനാളിനാണെങ്കിലും, ഗണേശോത്സവത്തിനാണെങ്കിലും ഇവരെ മൂവരെയും ഒരുമിച്ചു കാണാം.
ഓണത്തിന് ശാന്തിഗിരിയിൽ ഉച്ചയൂണ്. ക്രിസ്തുമസിന് ബിഷപ്പ് ഹൗസിൽ അത്താഴം, ബക്രീദിന് പാളയം ജുമാമസ്ജിദിൽ ഇഫ്താർ വിരുന്ന്. വർഷങ്ങളായി നടത്തുന്ന ഇത്തരം ഒത്തുചേരലുകൾക്ക് കോവിഡ് കാലത്താണ് ഇടവേള ഉണ്ടായത്. ഒരു പക്ഷെ കോവിഡിന് മുമ്പ് കേരളത്തില്‍ ഏറ്റവും കൂടുതൽ ഇഫ്താർ വിരുന്നകൾ നടന്നിരുന്നത് തിരുവനന്തപുരത്താകും. മന്ത്രിമാരുടെയും സംഘടനകളുടേയും കൂട്ടായ്മകളുടേയുമൊക്കെ പ്രത്യേകം പ്രത്യേകം ഇഫ്താർവിരുന്നുകൾ.
നോമ്പ് കാലമായാൽ ക്ലിമീസ് പിതാവും സ്വാമിയുമൊക്കെ വ്രതം എടുക്കും. പലരും ചോദിക്കും “നിങ്ങളും നോമ്പിലാണോ..?” “ ഇമാമിന്റെ കൂടെ ഈ സമയത്ത് എവിടെ പോയാലും നമുക്കും ഒന്നും കഴിക്കാന്‍ തോന്നില്ല, പിന്നെ നമ്മളും നോമ്പെടുക്കാം എന്നു തീരുമാനിച്ചു’’. സ്വാമിയുടെ രസകരമായ മറുപടി.
തലസ്ഥാനത്തെ ഒട്ടുമിക്ക സ്പന്ദനങ്ങളും, കേരളത്തിന്റെ പൊതു സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തരം കൂട്ടായ്മകളും അതുകൊണ്ടു തന്നെയാണ് വ്യത്യസ്തമാകുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് അടിയ്ക്കടി ചില രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. സർവ്വകക്ഷിസമ്മേളനത്തിന് പാർട്ടികൾ വിമുഖത കാണിച്ചു. വെള്ളയമ്പലം ബിഷപ്പു ഹൗസിൽ ആത്മീയ നേതാക്കന്മാരുടെ യോഗത്തിന് സൂസപാക്യം തിരുമേനിയാണ് നേതൃത്വം നൽകിയത്. ക്ലിമീസ് തിരുമേനിയും സ്വാമി ഗുരുരത്നവും ഇമാം ഡോ.സുഹൈബ് മൌലവിയും ആത്മീയ രംഗത്തെ മറ്റു പ്രമുഖരും ഇതിനോട് തോളോടു തോൾ ചേർന്ന് കലുഷിതമായ അന്തരീക്ഷത്തിന്റെ കാഠിന്യം ലഘൂകരിക്കാൻ മുന്നിൽ നിന്നു. പ്രശ്നത്തിൽ ഉൾപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ക്കു ഈ കൂട്ടായ്മയുടെ ശബ്ദത്തെ അവഗണിക്കുവാന്‍ കഴിയുമായിരുന്നില്ല.
മസ്ജിദിൽ നിന്നുള്ള ബാങ്കൊലിയും, പള്ളിയിൽ നിന്നുള്ള മണിനാദവും ക്ഷേത്രത്തിൽ നിന്നുള്ള സോപാന സംഗീതവും ഒരുമിച്ചു ചേരുന്ന തിരുവനന്തപുരം നഗര ഹൃദയത്തിലെ പാളയം പോലുള്ള ഇടങ്ങൾ രാജ്യത്തുടനീളം നൽകുന്ന ശാന്തിയുടെ സന്ദേശം ശ്രദ്ധിക്കപ്പെടുക തന്നെവേണം. ശിവഗിരിയും ശാന്തിഗിരിയും ചെമ്പഴന്തി ഗുരുകുലവുമൊക്കെ ഇതിനോടു ചേർന്നു നിൽക്കുമ്പോൾ മറ്റു തരത്തിലുള്ള വിദ്വേഷങ്ങൾക്ക് എവിടെയാണ് ഇടം കിട്ടുക? . മതേതരത്വവും മാനവീകതയും മുൻനിർത്തി പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണിയുടേയും ജീവകാരുണ്യ സംഘടനയായ സ്വസ്തി ഫൗണ്ടേഷന്റേയുമൊക്കെ സ്ഥാപക രക്ഷാധികാരികളാണ് കർദ്ദിനാളും, സ്വാമിയും ഇമാമുമൊക്കെ.
മറ്റു ആത്മീയ പ്രസ്ഥാനങ്ങളുടെ മേലധ്യക്ഷന്മാർക്ക് അർഹിക്കുന്ന ആദരവു നൽകാൻ ഇവർ പലപ്പോഴും മുൻകൈ എടുക്കുന്നത് ശ്രദ്ധേയം. മാർത്തോമ മാത്യൂസ് തൃദ്വീയൻ കതോലിക്ക ബാവ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായപ്പോഴും, ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് മാർത്തോമ സഭാ അധ്യക്ഷനായപ്പോഴും ബര്‍ണാബസ് തിരുമേനിയും, യുവാക്കിം മാര്‍ കുറിലോസ് തിരുമേനിയും, സഫ്രഗൻ മെത്രാപ്പോലീത്തമാരായപ്പോഴും, റസാലം തിരുമേനി ദക്ഷിണ കേരള മഹായിടവകയുടെ മോഡറേറ്റര്‍ ആയപ്പോഴുമൊക്കെ നല്കിയ സ്വീകരണങ്ങൾ ഉദാഹരണം.
കോവിഡിന്റെ കാലത്ത് ലോക്ഡൗൺ സമയത്ത് കൂട്ടായ്മകളെല്ലാം ഒഴിവാക്കപ്പെട്ടിരുന്നു. ചെറിയ അയവു വന്ന സമയം ഡോ.ഗബ്രിയേൽ മാർഗ്രിഗോറിയോസ് തിരുമേനിയുടെ വാസസ്ഥലമായ പൗഡിക്കോണത്തെ ശാന്തിനിലയം എന്ന പ്രശാന്ത സുന്ദരമായ ആശ്രമത്തില്‍ ഒരുമിച്ച് ചേർന്നു സ്നേഹവും സൗഹൃദവും സംവാദവുമൊക്കെ പങ്കുവെച്ചത് ഈ കൂട്ടായ്മയ്ക്കു കൂടുതല്‍ മിഴിവേകിയ അനുഭവമായിരുന്നു. ശാന്തിഗിരിയിലെ ഒട്ടുമിക്ക ചടങ്ങുകൾക്കും തിരുമേനിയുടെയും ഇമാമിന്റെയും സാന്നിധ്യമുണ്ടാകും. അതുപോലെ പട്ടം ബിഷപ്പുഹൗസിlലേയും സഭയിലെ വിവിധ പള്ളികളുടേയും സ്ഥാപനങ്ങളുടേയും ചടങ്ങുകളില്‍ സ്വാമിയും ഇമാമും പ്രത്യേക ക്ഷണിതാക്കളാകും. പാളയം ജുമാ മസ്ജിദിന്റെ കവാടങ്ങൾ എപ്പോഴും ഇവർക്കായി തുറന്നുകിടക്കുന്നു. അടുത്തയിടെ ബിഷപ്പ് ഹൗസിൽ ഓർത്തഡോക്സ് പരമാധ്യക്ഷന് സ്വീകരണം നടക്കുന്നു. സ്വാമിയേയും ഇമാമിനേയും അവിടെ കണ്ടപ്പോൾ പ്രമുഖനായ ഒരു മന്ത്രി തമാശ രൂപേണ ചോദിച്ചു: ‘‘ഇവിടെ നിങ്ങളുടെ റൂമേതാണ്..?
പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയ്ക്കു കേരള യൂണിവേഴ്സിയിൽ നിന്നും പി.എച്ച്.ഡി ലഭിച്ചപ്പോൾ ആദരം ഒരുക്കുന്നതിനു മുൻപന്തിയിൽ നിന്നതും കർദ്ദിനാൾ ക്ലിമ്മിസ് തിരുമേനിയും സ്വാമി ഗുരുരത്നവുമാണ്. അടുത്തയിടെ മലപ്പുറത്ത് ഒരു അനാഥാലയത്തിൽ നടന്ന ചടങ്ങിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ ശിരസിൽ തന്റെ തലപ്പാവ് എടുത്തണിയിച്ചത് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. സൗഹൃദത്തിന്റെ ഊഷ്മളതയാണ് മാനവകുലത്തിന്റെ അടിസ്ഥാനമെന്ന് ഈ സ്നേഹബന്ധം സമൂഹത്തെ ഓർമ്മിപ്പിക്കുന്നു.
കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ രാജ്ഭവനിൽ സംഘടിപ്പിച്ച ബക്രീദ് സംഗമത്തിലും മൂന്നു പേരും മുഖ്യാഥിതികളായി. ജാതി മത വ്യത്യാസങ്ങൾക്കതീതമായി മത നേതാക്കളിങ്ങനെ ഒരുമിച്ചു നിൽക്കുന്നതു കൊണ്ടാണ് കേരളം മതമൈത്രിക്ക് മാതൃകയാകുന്നതെന്ന് ഗവർണർ ചടങ്ങിൽ ഓർമിപ്പിച്ചു. ജൂലൈ 21 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കേരളീയ സമൂഹം വളരെ ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം സാഹോദര്യത്തിന്റെയും സൗഹാര്‍ദത്തിന്റെയും കണ്ണികള്‍ വിളക്കിചേര്‍ക്കാനും, സമൂഹത്തിൽ സ്നേഹത്തിനും മതമൈത്രിക്കുമാണ് സ്ഥാനമെന്ന് ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കാനും പോന്നതായിരുന്നു കേരള മുസ്ലീം ജമാഅത്ത് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ശാന്തിഗിരി വേദിയായി സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം. ഈദ് സ്നേഹ സംഗമ സന്ദേശസൂചകമായി വിശുദ്ധ ഖുറാന്റെ മലയാളം പരിഭാഷ ചടങ്ങിൽ കർദ്ദിനാൾ ക്ലിമ്മിസ് തിരുമേനിയും ഗുരുരത്നം സ്വാമിയും മലങ്കര ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ് ഡോ.ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയും ചേര്‍ന്ന് മന്ത്രി ജി.ആർ അനിലില്‍ നിന്നും ഏറ്റുവാങ്ങിയതും ശ്രദ്ധേയമായിരുന്നു.
അവരവരുടെ വിശ്വാസത്തെയും ആചാരങ്ങളെയും മുറുകെ പിടിക്കുമ്പോഴും ആഴത്തിൽ വേരോടിയ ഇൗ ഗാഢ സൗഹൃദത്തിന്റെ കാതൽ പരസ്പര ബഹുമാനമാണ്. അതിന്റെ ഊഷ്മളത സ്നേഹമാണ്. ഇതു മാനവീകതയേയും രാജ്യത്തിന്റെ ബഹുസ്വരതയേയും ചേർത്തു വെയ്ക്കലാണ്.