കുതിരപ്പുറത്ത് കാടുതാണ്ടി: ഒടുവിൽ മുല്ലപ്പെരിയാർ; തമിഴരെ പച്ചപുതപ്പിച്ച ‘സായിപ്പ്’!
ഖുശ്ബുവിനും നയൻതാരയ്ക്കും അടുത്തിടെ ഹണിറോസിനുവരെ അമ്പലം പണിതവരാണ് തമിഴ്നാട്ടുകാർ. തലൈവി ജയലളിതയ്ക്കും എംജിആറിനും കരുണാനിധിക്കും അതിലേറെ മുൻപ് പെരിയാറിനും സ്മാരകം ഉയർന്ന മണ്ണാണ് തമിഴ്. ഇതിനിടയിൽ അധികമൊന്നും കണ്ടുപരിചയമില്ലാത്തൊരു സായിപ്പിനെ പ്രതിമയായും പ്രതിഷ്ഠയായും ഇതേ തമിഴ്മണ്ണിൽ കണ്ടാൽ അമ്പരക്കേണ്ടതില്ല.
ഖുശ്ബുവിനും നയൻതാരയ്ക്കും അടുത്തിടെ ഹണിറോസിനുവരെ അമ്പലം പണിതവരാണ് തമിഴ്നാട്ടുകാർ. തലൈവി ജയലളിതയ്ക്കും എംജിആറിനും കരുണാനിധിക്കും അതിലേറെ മുൻപ് പെരിയാറിനും സ്മാരകം ഉയർന്ന മണ്ണാണ് തമിഴ്. ഇതിനിടയിൽ അധികമൊന്നും കണ്ടുപരിചയമില്ലാത്തൊരു സായിപ്പിനെ പ്രതിമയായും പ്രതിഷ്ഠയായും ഇതേ തമിഴ്മണ്ണിൽ കണ്ടാൽ അമ്പരക്കേണ്ടതില്ല.
ഖുശ്ബുവിനും നയൻതാരയ്ക്കും അടുത്തിടെ ഹണിറോസിനുവരെ അമ്പലം പണിതവരാണ് തമിഴ്നാട്ടുകാർ. തലൈവി ജയലളിതയ്ക്കും എംജിആറിനും കരുണാനിധിക്കും അതിലേറെ മുൻപ് പെരിയാറിനും സ്മാരകം ഉയർന്ന മണ്ണാണ് തമിഴ്. ഇതിനിടയിൽ അധികമൊന്നും കണ്ടുപരിചയമില്ലാത്തൊരു സായിപ്പിനെ പ്രതിമയായും പ്രതിഷ്ഠയായും ഇതേ തമിഴ്മണ്ണിൽ കണ്ടാൽ അമ്പരക്കേണ്ടതില്ല.
ഖുശ്ബുവിനും നയൻതാരയ്ക്കും അടുത്തിടെ ഹണിറോസിനുവരെ അമ്പലം പണിതവരാണ് തമിഴ്നാട്ടുകാർ. തലൈവി ജയലളിതയ്ക്കും എംജിആറിനും കരുണാനിധിക്കും അതിലേറെ മുൻപ് പെരിയാറിനും സ്മാരകം ഉയർന്ന മണ്ണാണ് തമിഴ്. ഇതിനിടയിൽ അധികമൊന്നും കണ്ടുപരിചയമില്ലാത്തൊരു സായിപ്പിനെ പ്രതിമയായും പ്രതിഷ്ഠയായും ഇതേ തമിഴ്മണ്ണിൽ കണ്ടാൽ അമ്പരക്കേണ്ടതില്ല. അതിന്റെ പിന്നിലെ ചരിത്രം തപ്പി ഒരുപാട് പിന്നോട്ടുപോകേണ്ടതുമില്ല. കേരളത്തിന്റെ മനസ്സിലെ ഭീതിയും തമിഴ്നാടിന്റെ കണ്ണിലെ അൻപ് തണ്ണീരും നിറഞ്ഞുനിൽക്കുന്ന മുല്ലപ്പെരിയാർ ഭൂമികയാണ് തമിഴനെയും സായ്‌വിനെയും ഭക്തനും ദൈവവുമാക്കിയ വിളനിലം. വെറും താരാരാധനയുടെയും രാഷ്ട്രീയ ചായ്‌വിന്റെയും തട്ടിൽവച്ച് മാത്രം തൂക്കിയൊഴുവാക്കേണ്ടതല്ല തമിഴിന്റെയും തമിഴന്റെയും സ്നേഹപ്രകടനങ്ങളുടെ സ്മാരകങ്ങൾ. ഒരു തുള്ളി വെള്ളത്തിൽ ഒരായുസ്സിന്റെ കടവും കടപ്പാടും അലിഞ്ഞുതീരുന്ന തമിഴ് അൻപിന്റെ കഥകൂടിയാണ് പെന്നിക്വിക്കും മുല്ലപ്പെരിയാറും പറയുന്നത്. മുല്ലപ്പെരിയാർ കേരളത്തിലെ ജനതയ്ക്ക് ഉയർത്തുന്ന വെല്ലുവിളിയെ കുറച്ചുകാണുകയോ, മുല്ലപ്പെരിയാർ വെള്ളത്തിനുമേലുള്ള തമിഴ്നാടിന്റെ അവകാശവാദങ്ങളെ പിന്തുണക്കുകയോ ചെയ്യുന്നതല്ല ഈ കുറിപ്പെന്ന ആമുഖത്തോടെ പറയാം, മുല്ലപ്പെരിയാർ എന്ന എൻജിനീയറിങ് വിസ്മയത്തിന്റെയും സ്വന്തം കുടുംബസ്വത്ത് വിറ്റ് തമിഴ്നാട്ടിൽ വെള്ളം എത്തിച്ച കേണൽ ജോൺ പെന്നിക്വിക് എന്ന തമിഴരുടെ ദൈവത്തിന്റെയും കഥ...
∙ പച്ചപ്പിലേക്കുള്ള വരണ്ട വഴി
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് മുല്ലപ്പെരിയാർ എന്ന ആശയത്തിന് ആദ്യമായി ജീവൻ വയ്ക്കുന്നത്. തമിഴ്നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിട്ട് മണലാറിനു സമീപം മുല്ലയാറുമായി ചേർന്ന് മുല്ലപ്പെരിയാറാകുന്നു. മുല്ലത്തോട്, പെരിയാർ എന്നീ രണ്ട് നദികൾ ചേർന്നതാണ് മുല്ലപ്പെരിയാർ തടാകം. ചൊക്കൻപെട്ടി മലയ്ക്ക് പുറമേ സുന്ദരമല, പാച്ചിമല, നാഗമല, ശിവഗിരിമല, മദ്ദളം തൂക്കിമല, ഇടയമല എന്നിവിടങ്ങളിൽ നിന്നുള്ള ചെറുനദികൾ പെരിയാറിനോട് ചേരുന്നു. ഈ നദികളെല്ലാം പെരിയാർ വന്യജീവി സങ്കേതത്തിൽ കേരളത്തിന്റെ അതിർത്തിക്കുള്ളിലാണ്. മുല്ലത്തോട് വെള്ളിമലയിൽ നിന്നാണ് ആരംഭിക്കുന്നത്. മുല്ലത്തോടിന്റെ കിഴക്ക് ഭാഗം തമിഴ്നാടാണ്. ഈ നദികളിൽ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. മധുരയുടെ ജലവാഹിനിയായ വൈഗ നദി 6 മാസം ഉണങ്ങിക്കിടക്കുന്നതൊഴിവാക്കാനുള്ള ആലോചന തുടങ്ങിയത് 1789ൽ ആണ്. മുല്ലയാറിൽ അണകെട്ടി വെള്ളം വൈഗയിലെത്തിക്കാനായിരുന്നു ആലോചന. ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ പഴയ രാമനാട് രാജ്യത്തെ രാജാവ് മുത്തുരാമ ലിംഗ സേതുപതിയുടെ മുഖ്യ കാര്യക്കാരൻ മുതിരുള്ളപ്പപിള്ളയുടേതായിരുന്നു ആശയം. സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതോടെ ആശയം പാളി. യുദ്ധത്തിൽ തോറ്റ സേതുപതി സ്ഥാനഭ്രഷ്ടനായപ്പോൾ പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. എന്നാൽ പദ്ധതിയുടെ സാധ്യത പഠിക്കാൻ ജെയിംസ് കാഡ്‌വെൽ എന്ന വിദഗ്ധനെ 1808ൽ ബ്രിട്ടീഷുകാർ നിയോഗിച്ചു. പ്രായോഗികമല്ലെന്നായിരുന്നു റിപ്പോർട്ട്. 1862 സെപ്‌റ്റംബർ 24ന് മദ്രാസ് റസിഡൻസി തിരുവിതാംകൂർ ദിവാൻ മാധവ റാവുവുമായി കൂടിക്കാഴ്‌ച നടത്തിയതോടെയാണ് മുല്ലപ്പെരിയാർ പദ്ധതിക്ക് രൂപരേഖയായത്. പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള തർക്കംമൂലം പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പിന്നീട് 1877–78 കാലഘട്ടത്തിൽ മദ്രാസിലെ (ഇന്നത്തെ തമിഴ്‌നാട്) ഒട്ടേറെ പേർ പട്ടിണിമൂലം മരണമടഞ്ഞു. തുടർന്ന് പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.
1882ൽ ബ്രിട്ടിഷ് എൻജിനീയർ ക്യാപ്റ്റൻ പെന്നിക്വിക്കും ആൻസ്മിത്തും ചേർന്ന് രൂപരേഖ തയാറാക്കി. 1200 അടിനീളത്തിലും അടിത്തറ 115.75 അടി വീതിയിലും ആരംഭിച്ച് മുകളിൽ എട്ടടിയിൽ തീരുന്നതായിരുന്നു രൂപരേഖ. ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേർത്ത് തയാറാക്കിയ സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് അടിത്തറ. 1884ൽ തിരുവിതാംകൂറുമായി ചർച്ചയാരംഭിച്ചു. വിശാഖം തിരുനാളായിരുന്നു മഹാരാജാവ്. 1886 ൽ മദിരാശി സർക്കാരുമായി കരാറായി. തിരുവിതാംകൂറിനായി മരാമത്ത് സെക്രട്ടറി രാമ അയ്യങ്കാരും മദിരാശിക്കായി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ്ടണും പെരിയാർ പാട്ടക്കരാറിൽ ഒപ്പുവച്ചത് 1886 ഒക്ടോബർ 29ന്. കരാർ കാലാവധി 999 വർഷം. പെരിയാർ നദിക്കു കുറുകെ അണക്കെട്ട് നിർമിക്കാൻ മദിരാശി സർക്കാറിനെ അനുവദിക്കുന്നതായിരുന്നു കരാർ. മദിരാശി സർക്കാറിന് ഭൂമിയിൽ കൈവശാവകാശം ഉണ്ടാകില്ലെന്നും കരാറിൽ പറയുന്നുണ്ട്. തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ രാമവർമയുടെ പ്രത്യേക നിർദേശത്തിലാണ് നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 8,000 ഏക്കർ സ്ഥലവും നിർമാണത്തിനായി 100 ഏക്കർ സ്ഥലവും പാട്ടം നൽകിയത്. പാട്ടത്തുകയായി ഏക്കറിന് അഞ്ച് രൂപ വർഷം തോറും തിരുവിതാംകൂറിന് നൽകണമായിരുന്നു. കാലക്രമത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് അനുസരിച്ച് ബ്രിട്ടീഷുകാരും നാട്ടുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറുകളെല്ലാം അസാധുവായി. തുടർന്ന് കേരള സംസ്ഥാന രൂപീകരണത്തോടെ 1976–ൽ മുഖ്യമന്ത്രി അച്യുതമേനോന്റെ കാലത്ത് പഴയ കരാറിൽ കാതലായ മാറ്റമില്ലാതെ അനുബന്ധ കരാർ കൂട്ടിച്ചേർത്തു. 30 വർഷം മുൻകാല പ്രാബല്യമുള്ള ഇൗ കരാറിലാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ തമിഴ്നാടിന് അവകാശം നൽകിയത്.
∙ തമിഴ്നാടിനെ പച്ച പുതപ്പിച്ച സായ്പ്പ്
‘‘നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നത് ഒരേ ഒരു തവണ മാത്രം. ഈ ഒരു തവണ മറ്റുള്ളവർക്ക് ഉപകാരമായ എന്തെങ്കിലും ചെയ്യണം. അതിനാലാണ് ഞാൻ ഇത്ര ത്യാഗം സഹിച്ച് ഈ അണക്കെട്ട് നിർമിച്ചത്’’. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പി ജോൺ പെന്നി ക്വിക്കിന്റെ വാക്കുകളാണിത്. ബലക്ഷയത്തിന്റെയും ചോർച്ചയുടെയും പേരിൽ ഏറെ വിവാദങ്ങൾ ഉയരുന്നുണ്ടെങ്കിലും പ്രതിഫലം നോക്കാതെ മറ്റുള്ളവർക്കായി ജോൺ പെന്നി ക്വിക്ക് നിർമിച്ച അണക്കെട്ട് കോടിക്കണക്കിന് ജനങ്ങൾക്ക് പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു.
ജലക്ഷാമം മൂലം തരിശായി കിടന്നിരുന്ന തെക്കൻ തമിഴ്നാട്ടിലെ 5 ജില്ലകൾ ഇന്ന് പച്ചപ്പ് അണിഞ്ഞ് നിൽക്കുന്നത് പെന്നിക്വിക്ക് എന്ന ബ്രിട്ടീഷ് എൻജീനിയറുടെ കഠിന പരിശ്രമം കൊണ്ട് മാത്രമാണ്. തേനിക്ക് പുറമേ മധുര, ദിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം ജില്ലകളിലും മുല്ലപ്പെരിയാർ വെള്ളം എത്തുന്നുണ്ടെങ്കിലും തേനി ജില്ലയിലെ ജനങ്ങൾക്കാണ് മുല്ലപ്പെരിയാറും പെന്നി ക്വിക്കുമായി ഏറെ വൈകാരിക ബന്ധമുള്ളത്. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തേനി ജില്ലയിലെ കൃഷി പൂർണമായും നടക്കുന്നത് എന്നതാണ് ഇതിന് കാരണം. മറ്റ് ജില്ലകളിലേക്ക് ശുദ്ധജല വിതരണത്തിനാണ് ഈ വെള്ളം പ്രധാനമായും നൽകുന്നത്. മുല്ലപ്പെരിയാർ വെള്ളമുപയോഗിച്ച് ഉണ്ടാക്കുന്ന തേനിയിലെ പച്ചക്കറികൾ ഏറ്റവും അധികം കഴിക്കുന്നത് മലയാളികൾ ആണെന്നതുമാണ് മറ്റൊരു കൗതുകം.
∙ നമ്മുടെ മണ്ണ്, അവരുടെ വെള്ളം
1841 ജനുവരി 15ന് ഇന്ത്യയിലെ പുണെയിൽ ജനിച്ച ജോൺ പെന്നി ക്വിക്ക് ലണ്ടനിലെ ആർമി വിദ്യാഭ്യാസത്തിന് ശേഷം 1860 നവംബർ 11നാണ് ഇന്ത്യയിൽ തിരികെ എത്തിയത്. മദ്രാസ് എൻജീനിയറിങ് വിഭാഗത്തിന്റെ ഭാഗമായിരുന്ന പെന്നി ക്വിക്ക് മികച്ച ഒരു എൻജീനിയറായിരുന്നു. ഇദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നതിനാലാണ് ഏറെ ശ്രമകരമായിരുന്ന മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണത്തിന് അധികാരികൾ ഇദ്ദേഹത്തെ നിയോഗിച്ചത്. പെരിയാർ നദിക്ക് കുറുകെ അണക്കെട്ട് നിർമിച്ച് ദിശ തിരിച്ചുവിട്ട് വെള്ളം എത്തിക്കുക എന്നതായിരുന്നു ദൗത്യം. ദുർഘടമായ പാതകളിലൂടെ കുതിരപ്പുറത്ത് കാടും മേടും താണ്ടി എത്തിയ പെന്നി ക്വിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി.
1888ൽ നിർമാണം ആരംഭിച്ച അണക്കെട്ട് രണ്ടുതവണ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതോടെ മദ്രാസ് ഗവൺമെന്റ് പദ്ധതി ഉപേക്ഷിച്ചു. എന്നാൽ പെന്നി ക്വിക്ക് പിന്മാറാൻ തയറായിരുന്നില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്തുക്കൾ വിറ്റു കിട്ടിയ പണം കൊണ്ട് മൂന്നാംതവണ അദ്ദേഹം ദൗത്യം നിറവേറ്റി. 1241 അടി നീളത്തിൽ 165 അടി ഉയരത്തിൽ ശർക്കരയും ചുണ്ണാമ്പും കലർന്ന മിശ്രിതമുപയോഗിച്ചു നിർമിച്ച ഈ അണക്കെട്ടിന് അന്ന് 80.30 ലക്ഷം രൂപ ചെലവായി. ആറായിരത്തോളം ജോലിക്കാരാണ് പെന്നിക്വിക്കിനു പിന്നിൽ ഡാം നിർമാണത്തിനായി അണിനിരന്നത്. 1895 ഒക്‌ടോബർ 10ന് അന്നത്തെ മദ്രാസ് ഗവർണറായിരുന്ന വെൻലോക്ക് പ്രഭു ജനങ്ങൾക്ക് സമർപ്പിച്ചു.
ഏറെ വൈകാതെ നാട്ടിലേക്ക് മടങ്ങിയ പെന്നി ക്വിക്ക് 1911 മാർച്ച് 9ന് തന്റെ എഴുപതാംവയസ്സിൽ മരിച്ചു.
∙ വൈഗയിൻ സെൽവൻ
രാജരാജ ചോളനെന്ന അരുൾമൊഴി വർമന്റെ ചെറുപ്പത്തിൽ കാവേരി നദിയിൽ വീണുപോയ യുവരാജാവിനെ കാവേരിനദി ദേവിയുടെ രൂപത്തിൽ വെള്ളത്തിൽ നിന്നും എടുത്തുയർത്തിയെന്നും പൊന്നിയെന്ന് മറുപേരുള്ള കാവേരി നദിയിൽ വീണ് രക്ഷപെട്ടതിനാൽ അരുൾമൊഴി വർമന് പെന്നിയിൽ സെൽവൻ എന്ന പേര് കിട്ടിയെന്നും കഥ. അതുപോലെ വൈഗയാറിന്റെ വരണ്ടുണങ്ങിയ നെഞ്ചിൽ തളർന്നുവീണ തമിഴ്നാടിനെ വൈഗയിലൂടെ നീരൊഴുക്കി കാപ്പാത്തിയ തലൈവനാണ് പെന്നിക്വിക്. തേനിയടക്കമുള്ള 5 ജില്ലകളിലെ പച്ചപ്പിന് അവർകൊടുക്കുന്ന ആദരമാണ് പെന്നിക്വിക്ക് എന്ന ബ്രിട്ടീഷുകാരന് വീടിന്റെ പൂജാമുറിയിലെ സ്ഥാനം. ആരാധനമാത്രമല്ല, കടകളുടെയും ബസിന്റെയും പേരുകളും ഓരോ ചെറുകവലകളിലും സ്ഥാപിച്ചിരിക്കുന്ന പ്രതിമകളും അതിനുദാഹരണം. കുമളികഴിഞ്ഞ് താഴേക്കിറങ്ങുമ്പോൾ ലോവർ പെരിയാറിലാണ് പെന്നിക്വിക്കിന്റെ സ്മാരകം അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സ്ഥാപിച്ചത്. ഇന്നും കൃത്യമായി പൂജകളും സാംസ്കാരിക ആദരവും മുല്ലപ്പെരിയാറിന്റെ ശിൽപിക്ക് തമിഴ്നാട് നൽകിവരുന്നു. തമിഴ് കലണ്ടറിലെ ചുവന്ന അക്കമാണ് ഇന്ന് പെന്നി ക്വിക്ക്.
സർക്കാർ ഉപേക്ഷിച്ച പദ്ധതി തന്റെയും ഭാര്യ ഗ്രേസ് ജോർജീനയുടെയും പേരിലുണ്ടായിരുന്ന ബ്രിട്ടനിലെ സ്വത്തുക്കൾ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് പൂർത്തീകരിച്ച് തമിഴ്നാടിന് പുനർജന്മമേകിയ എൻജിനീയറോടുള്ള നന്ദിസൂചകമായി തമിഴ്നാട് സർക്കാർ ക്വിക്കിന്റെ ജന്മദിനമായ ജനുവരി 15ന് പൊതു അവധി നൽകിവരുന്നു. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ പെന്നിക്വിക്കിന്റെ ജന്മദിനം പ്രത്യേക ചടങ്ങുകളോടെയാണ് ആചരിക്കുന്നത്. കൂടാതെ, ഈ ജില്ലകളിലെ ജനങ്ങൾ കുട്ടികൾക്ക് പെന്നിക്വിക്കിന്റെ പേരും ഇടാറുണ്ട്. 2000ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി മധുര ജില്ലയിലെ തള്ളകുളത്ത് പെന്നിക്വിക് പ്രതിമ അനാഛാദനം ചെയ്തിരുന്നു. കൂടാതെ തേനിയിലെ ബസ് ടെർമിനസിനും പെന്നിക്വിക്കിന്റെ പേരാണ്.
∙ വോട്ടുഡാം
തമിഴ്നാട്ടിൽ കർഷകർ വോട്ടുബാങ്ക് അല്ല, വോട്ടുഡാമാണ്. അവിടെ, ജലസംഭരണികളിലെ വെള്ളം തുറന്നുവിടുന്ന വിവരം പ്രഖ്യാപിക്കുന്നതു മുഖ്യമന്ത്രിയാണ്. തമിഴ് കൃഷിയിടങ്ങളിലേക്കു നോക്കിയാൽ ഇതിലെ രാഷ്ട്രീയം മനസ്സിലാകും. വെള്ളത്തിനായി കാത്തിരിക്കുന്നത് ആയിരക്കണക്കിനു കർഷകരാണ്. അതിനാൽ വെള്ളം അവിടത്തെ പ്രധാന വോട്ടു വിഷയമാണ്. പ്രത്യേകിച്ചു മുല്ലപ്പെരിയാറിലെ വെള്ളം.
1978ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ മുല്ലപ്പെരിയാർ പ്രചാരണ ആയുധമാണ്. അതുകൊണ്ടുതന്നെ ഏത് കക്ഷി തമിഴ്നാട് ഭരിച്ചാലും മുല്ലപ്പരിയാറും പെന്നിക്വിക്കും എന്നും തമിഴന്റെ രാഷ്ട്രീയ ബോധത്തിന്റെയും ഭാഗമായി നിലനിൽക്കുക തന്നെ ചെയ്യും. അതിന്റെ ഭാഗമായി തന്നെയാണ് ജോൺ പെന്നിക്വിക്കിന്റെ പ്രതിമ ഇംഗ്ലണ്ടിൽ സ്ഥാപിക്കുന്നതിന് തമിഴ്നാട് സർക്കാർ മുൻകൈ എടുത്തത്. പെന്നിക്വിക്കിന്റെ ജന്മനഗരമായ കാംബർലിയിലാണ് കഴിഞ്ഞ ദിവസം പ്രതിമ സ്ഥാപിച്ചത്. പെന്നിക്വിക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബർ 10ന് തമിഴ്നാട് മന്ത്രി ഐ.പെരിയസ്വാമി നേതൃത്വം നൽകിയ എംഎൽഎമാരുടെ സംഘം നേരിട്ട് ഇംഗ്ലണ്ടിലെത്തിയാണ് പ്രതിമ സ്ഥാപിച്ചത്. ചടങ്ങുകൾ ലൈവായി തമിഴ്നാട്ടിൽ കേബിൾ ടിവി വഴി സംപ്രേക്ഷണം ചെയ്തു. അതേ, പെന്നിക്വിക്ക് എന്നത് വെറുമൊരു പേരല്ല; മറിച്ച് ഒരു വികാരമാണ് തമിഴന്.
English Summary: John Pennycuick: The man who changed the course of the Periyar river