സായിപ്പും മദാമ്മയും വന്നാലുടൻ ആദിവാസികളുടെ വസ്ത്രങ്ങൾ കൊടുക്കും. പണിയരുടെ മുണ്ട്, പാളത്തൊപ്പി...പിന്നെ മൊത്തം ആദിവാസി ജീവിതമാണ്. ചാമയരി കഞ്ഞി, ജീരകശാല അരിയുടെ ചോറ്, പലതരം പുഴുക്കുകൾ, മീൻ ചുട്ടത്, കപ്പ ചുട്ടത്...സുഖവാസം കഴിഞ്ഞു സായിപ്പ് പോകുമ്പോഴേക്കും തനി നാടനായി മാറിയിട്ടുണ്ടാകും. ബർഗർ കാണുമ്പോൾ ചക്കപ്പുഴുക്ക് ഓർമ്മവരും.
വയനാട്ടിലെ പരമ്പരാഗത റിസോർട്ടിലെ വിശേഷങ്ങളാണിത്. ഇതൊക്കെ കണ്ട് ഡൽഹിയിൽ നിന്നും മറ്റുമുള്ള ടൂർ ഓപ്പറേറ്റർമാർ അന്തം വിടുന്നു. ആകെ കേരളത്തെക്കുറിച്ചു കേട്ടത് മുണ്ണാർ (മൂന്നാർ) മാത്രം, പിന്നെ താജ് പോലുള്ള ഹോട്ടലുണ്ടെന്നും അറിയാം. ഇത്തരം ‘വെറൈറ്റി ഫാബുലസ് പ്രോപ്പർട്ടികൾ’ ഉണ്ടെന്ന് ഇവിടെ വന്നപ്പോഴാണു മനസ്സിലായത്– ഉത്തരേന്ത്യയിലെ ടൂർ ഓപ്പറേറ്റർ പറയുന്നു.
വൻകിട ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും സ്ഥിരം നമ്പരുകൾ കണ്ടു ശീലിച്ചവർക്ക് അദ്ഭുതമായിരുന്നു കേരള ട്രാവൽ മാർട്ടിലെ കാഴ്ചകൾ. ടീ ടേസ്റ്റിങ്ങും കോഫി ടേസ്റ്റിങ്ങും ഇവിടെ പലയിടത്തുമുണ്ട്. കാപ്പിത്തോട്ടത്തിൽ കൊണ്ടുപോയി കാപ്പിച്ചെടിയുടെ പൂവും കാപ്പിക്കുരുവും കാണിച്ചു കൊടുത്തിട്ട് പിന്നെ അതെങ്ങനെ കാപ്പിയായി മാറുന്നുവെന്നും കാണിക്കും. ഒടുവിൽ കയ്യിലെ കപ്പിൽ ആവി പറക്കുന്ന കാപ്പി. ഇമ്മാതിരി നമ്പരുകളാണ് നമ്മുടെ റിസോർട്ടുകളിൽ. അനുഭവങ്ങളിലൂടെയുള്ള സഞ്ചാരം.
പഴയ വീടുണ്ടോ...ചിതലെടുത്തു തീരാറായ ‘തറ’വാട്. കോളടിച്ച പോലാണ്. അതൊക്കെയൊന്നു മിനുക്കിയെടുക്കുക. ശുചിമുറി മാത്രം പഴയതു പറ്റില്ല. അൾട്രാ മോഡേൺ വേണം. മിനുക്കിയെടുക്കാൻ പ്രഫഷനൽ ആർക്കിടെക്റ്റിനെ പ്രയോജനപ്പെടുത്തുന്നവരുണ്ട്. അതിനു കാശു ചെലവു വരും. സ്വന്തം ഐഡിയ ഉണ്ടെങ്കിൽ കാര്യം നടത്താൻ ‘ആക്രി’ടെക്റ്റ് മതിയാകും. നാട്ടുമ്പുറത്തെ പഴയ മേസ്തിരിയാകുന്നു ആക്രിടെക്റ്റ്.
പഴയ വീടിന്റെ മെഴുകിയ തറ മാറ്റി ടൈലിട്ടോ ചില്ലറ ഇടിച്ചുപൊളിക്കലുകൾ നടത്തിയൊ പുത്തനാക്കും. പുറമെ നിന്നു കണ്ടാൽ പൈതൃകം തന്നെ. കൂടുതൽ പണി നടത്തി ‘പൈകൃതം’ ആക്കാതിരുന്നാൽ മതി. ഹോം സ്റ്റേ! വീട്ടുകാർ അതേ വീട്ടിൽ താമസിക്കണമെന്നില്ല. അടുത്തെവിടെയെങ്കിലും മതി. ഭക്ഷണം അവിടെത്തന്നെ ഉണ്ടാക്കുകയോ പുറത്തു നിന്നു പാകം ചെയ്തു കൊണ്ടുവന്നു കൊടുക്കുകയൊ ചെയ്യാം.
കെയർടേക്കർ വേണം. രാത്രി ശുചിമുറിയിൽ പഴയ ശീലം വച്ച് പഴുതാര വന്നു കേറിയേക്കും. പ്രേതം കണ്ടപോലെ നിലവിളിയാകും. ആശ്വസിപ്പിക്കാൻ ആളു വേണം. മദാമ്മേ ദിസ് ഈസ് പഴുതാര. സെന്റീപീഡ്. ഡോണ്ട് വറി.
ഡൽഹിയിൽ നിന്നു കേരളത്തിലേക്കു ടൂറിസ്റ്റുകളെ കൊണ്ടുവരുന്ന ടൂർ കമ്പനി സിഇഒ ഏക്താ വാട്സ് ചോദിച്ചത് ഇതെന്തുമാതിരി മദ്യനയം എന്നാണ്. ഡൽഹിയിൽ ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയാവുന്നതിനു മുൻപ് ഏതാണ്ട് ഇവിടുത്തെ അതേ മദ്യനയമായിരുന്നു. ഒന്നാം തീയതി സർവ ബാറും കടയും പൂട്ടണം. ഷീല ദീക്ഷിത് അതൊക്കെ മാറ്റിയെടുത്തു. ഒന്നാം തീയതി നിരോധനമില്ല. ബാറുകൾ രാത്രി മുഴുവൻ തുറന്നിരിക്കാം. എന്നിട്ടും വീക്കെൻഡുകളിൽ ഒരു ടേബിൾ കിട്ടാൻ കഴിയില്ല, അത്ര തിരക്കാണ്.
ഇവിടെ കൺവൻഷനുകളും ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്നു വിളിക്കുന്ന വിവാഹങ്ങളും നടക്കണമെങ്കിൽ വെളുക്കും വരെ പാർട്ടി നടത്താൻ അനുമതി വേണം. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കെങ്കിലും നയം ഉദാരമാക്കണമെന്നു പുറത്തുള്ള ടൂർ ഓപ്പറേറ്റർമാർ പറയുന്നു.
ഒടുവിലാൻ ∙ ചേക്കുട്ടി പാവകൾക്ക് 25 രൂപയാണെങ്കിലും സംഭാവനയായി എത്ര വില തന്നാലും സ്വീകരിക്കും. പക്ഷേ ആരും 25ൽ കൂടുതൽ കൊടുക്കുന്നില്ല. അതിലൊരു ഉപഭോക്തൃ സൈക്കോളജിയുണ്ട്. നൂറു രൂപ വിലയിട്ടിരുന്നെങ്കിൽ ചേന്ദമംഗലം കൈത്തറിക്കു കാശു കൂടുതൽ കിട്ടിയേനെ.