പെട്രോളിനും ഡീസലിനും വില കൂടുമ്പോഴൊക്കെ ഇവിടെ പ്രചരിക്കുന്നൊരു ചോദ്യവും മറുപടിയുമുണ്ട്. പാക്കിസ്ഥാനിൽ പെട്രോളിന് എന്താ വിലയെന്നറിയാമോ? 30 രൂപ മാത്രം. സാമൂഹിക മാധ്യമങ്ങളിലാവുമ്പോൾ എന്തു പച്ചക്കള്ളവും അരച്ചു കലക്കിയ പോലെ തട്ടിവിടാമല്ലോ.
പാക്കിസ്ഥാനിൽ പെട്രോളിന് 92–93 രൂപയും ഡീസലിന് 106 രൂപയുമുണ്ട്. അവർക്ക് അതിൽ കുറയ്ച്ചു വിൽക്കാനും കഴിയില്ല. ഇന്ത്യൻ രൂപ ഡോളറിന് ഇപ്പോൾ 72–73 രൂപയാണെങ്കിൽ പാക്കിസ്ഥാനിൽ 133 രൂപയാണ്. അപ്പോൾ ഒരു പാക്കിസ്ഥാനി രൂപയ്ക്ക് എത്ര ഇന്ത്യൻ രൂപ കൊടുക്കണം. രൂപയൊന്നും കൊടുക്കേണ്ട. 55 പൈസ കൊടുത്താൽ പാക് രൂപ കിട്ടും, അത്രേയുള്ളു.
ആസകലം മുടിഞ്ഞ് ഐഎംഎഫിന്റെ മുമ്പിൽ പിച്ചച്ചട്ടിയുമായിട്ടാണ് പാക്കിസ്ഥാന്റെ നിൽപ്പ്. 1500 കോടി ഡോളർ കടം ചോദിക്കുന്നു. ഐഎംഎഫിന്റെ ചീഫ് ഇക്കോണമിസ്റ്റ് നമ്മുടെ ഗീത ഗോപിനാഥ് ചാർജ് എടുത്തിട്ടാണ് അതൊക്കെ വിശകലനം ചെയ്യേണ്ടത്. ഐഎംഎഫ് പ്രസിഡന്റ് ഫ്രഞ്ചുകാരി ക്രിസ്റ്റീൻ ലഗാർദെ പാർക്കലാം എന്നു പറഞ്ഞിട്ടുണ്ട്. കാശ് കിട്ടിയില്ലെങ്കിൽ പാക്കിസ്ഥാൻ കടം തിരിച്ചടയ്ക്കാനാവാതെ ഡിഫോൾട്ടർ ആവും. നമ്മൾ ബാങ്ക് വായ്പ എടുത്തിട്ട് ഒന്നോ രണ്ടോ മാസം അടവു മുടക്കുന്നതു പോലല്ല രാജ്യം ഡിഫോൾട്ടർ ആവുന്നത്. സംഗതി വിദേശ കടം തിരിച്ചടയ്ക്കലാണെങ്കിലും ഒരു തവണ അടവ് മുടങ്ങിയാൽ പിന്നെ ലോകത്താരും അത്തരം രാജ്യക്കാരുമായി യാതൊരു ഇടപാടും നടത്തില്ല. രാജ്യം തന്നെ ബ്ളാക് ലിസ്റ്റ് ചെയ്യപ്പെടും.
സാധാരണ അമേരിക്കയാണ് ഇത്തരം നിവൃത്തിയില്ലായ്മകളിൽ നിന്ന് ബില്യൺ കണക്കിനു ഡോളർ നൽകി പാക്കിസ്ഥാനെ രക്ഷിച്ചുകൊണ്ടിരുന്നത്. ട്രംപ് വന്നതോടെ അതു മതിയാക്കി. ഇനി ചൈനയാണു രക്ഷിക്കേണ്ടത്. പക്ഷേ ചൈന അങ്ങനെ വെറുതെ കാശിട്ടു കളിക്കാറില്ല.
ചൈനയിൽ നിന്നു നേരത്തേ വാങ്ങിയ കടങ്ങൾ വീട്ടാനായി ഐഎംഎഫിന്റെ ധനസഹായം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ട്രംപ് മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു. ഐഎംഎഫും ലോകബാങ്കുമൊക്കെ സ്വതന്ത്ര സ്ഥാപനങ്ങളാണെന്നു പറയുമെങ്കിലും ആത്യന്തികമായി അമേരിക്കൻ സായിപ്പ് പറയുന്നതിന് അപ്പുറം പോകില്ലെന്നറിയാമല്ലോ.
ഇമ്രാൻഖാൻ പ്രധാനമന്ത്രി പദമോഹം സാധിച്ചപ്പോഴാണ് ഈ പുകിലൊക്കെ. തൊട്ടു മുമ്പെ അധികാരമൊഴിഞ്ഞ നവാസ് ശെരീഫ് സർക്കാരാണ് കടം ഇത്രയ്ക്കു കൂട്ടിയത്. 9100 കോടി ഡോളർകടം . രൂപയിൽ പറയാൻ ഇമ്മിണി ബല്യ പാടാണ്. 6,64,300 കോടി രൂപ. പാക്കിസ്ഥാനി രൂപയിലാണെങ്കിൽ 12,10,300 കോടി രൂപ. ഇതിലും ഭേദം കാക്കത്തൊള്ളായിരം കോടി രൂപയെന്നു പറയുന്നതാ. ഇതിൽ ഏതാണ്ട് പകുതി ഉണ്ടായത് നവാസ് ശെരീഫിന്റെ കാലത്താണത്രെ.
ഐഎംഎഫ് വെറുതേ കടം കൊടുക്കില്ല. ‘സ്ട്രക്ചറൽ അഡ്ജസ്റ്റ്മെന്റ്’ നടത്തണം. അതെന്തുവാ? അവർ പറയും പോലൊക്കെ സാമ്പത്തിക സംവിധാനത്തിൽ മാറ്റം വരുത്തുന്നതിനെയാണു സ്ട്രക്ചറൽ അഡ്ജസ്റ്റ്മെന്റ് എന്നു വിളിക്കുന്നത്. നികുതി നിരക്കുകൾ വരെ അവർ പറയുന്നതു പോലെ നിശ്ചയിക്കണം.
അതോടെ പാക്കിസ്ഥാനിൽ വിലക്കയറ്റം തുടങ്ങി. ചന്തയിൽ പോയാൽ വിലക്കൂടുതൽ. കാരണം ചോദിച്ചാൽ ഏതു തട്ടുകടക്കാരനും പറയും– ഐഎംഎഫ് വരുവാ സാറേ...
ആകെ 22 കോടി ജനമുള്ള പാക്കിസ്ഥാനിൽ ഓരോരുത്തരുടേയും കടബാധ്യത ഒന്നരലക്ഷം രൂപ വരുമത്രെ. ഐഎംഎഫിന്റെ കടം വാങ്ങി പഴയ കടം തീർക്കാൻ ഉപയോഗിച്ചാലും കടക്കെണി മാറുന്നില്ല.
ഒടുവിലാൻ∙ ചൈനക്കാര് പാക്കിസ്ഥാനിൽ കേറി മേയുകയാണ്. ഒരു പ്രോജക്ട് സൈറ്റിലെ ചൈനീസ് തൊഴിലാളികൾ രാത്രി നഗ്നരായി ചുവന്ന തെരുവിൽ പോയി. പൊലീസ് വന്നപ്പോൾ അവർ പൊലീസിനെ അടിച്ചോടിക്കാൻ നോക്കി. പരന് അധീനത അഥവാ പരാധീനത വന്നാൽ ഇങ്ങനയൊക്കെയാണ്.