നാട്ടിലാകെ പുരാതന തറവാടുകൾ വെറുതേ കിടക്കുന്നുണ്ട്. പ്രായമായ അച്ഛനമ്മമാരുണ്ടെങ്കിൽ അവർ ഫ്ലാറ്റിലേക്കു മാറിയിരിക്കും. മക്കൾ വിദേശത്തോ ഡൽഹി, മുംബൈ പോലുള്ള നഗരങ്ങളിലോ ആകുന്നു. അച്ഛനമ്മമാരെ വലിയ വീട്ടിൽ ഒറ്റയ്ക്കു താമസിപ്പിക്കുന്നത് അവർക്കു ചിന്തിക്കാൻ പറ്റുന്ന കാര്യമല്ലാത്തതുകൊണ്ടാണു ഫ്ലാറ്റിലേക്കുള്ള മാറ്റം. കാലം മാറിയപ്പോൾ വലിയ വീടുകളുടെ കാര്യം ഫ്ലാറ്റായി.
അച്ഛനമ്മമാരുടെ കാലവും കഴിഞ്ഞാലോ? പലരും വീടു വിറ്റുതുലയ്ക്കും. കിട്ടിയ കാശ് ഏതെങ്കിലും ബിസിനസിലോ ‘ഇൻവെസ്റ്റ്മെന്റ് സ്കീമിലോ’ മുടക്കി കുത്തുപാളയെടുക്കും. പകരം വീടിനു വേറൊരു ബിസിനസ് വന്നിട്ടുണ്ട്.
വീടിനെ സെർവീസ്ഡ് വില്ലയാക്കി മാറ്റുന്നു. ഹോം സ്റ്റേ അല്ല എന്നതു പ്രത്യേകം ശർദ്ദിക്കുക. (എന്തുകൊണ്ടാണെന്നറിയില്ല ശ്രദ്ധിക്കൂ എന്നു പറയേണ്ടിടത്ത് മിക്കവരും ശർദ്ദിക്കൂ എന്നാണു പറയുന്നത്.) സർവീസ്ഡ് വില്ലയിലെ മുറികൾ ഓരോന്നായി വാടകയ്ക്കു കൊടുക്കില്ല. ഒരുമിച്ചേ കൊടുക്കൂ. അവിടെ ഭക്ഷണം വച്ചു വിളമ്പാറില്ല. അതിഥികളുടെ ഓരോ ആവശ്യവും കണ്ടറിഞ്ഞു സുഖിപ്പിക്കാൻ സ്റ്റാഫ് കാണണമെന്നില്ല. ഭക്ഷണം വേണേൽ പുറത്തു ഹോട്ടലിൽ നിന്നു വാങ്ങിത്തരാം, ബാക്കിയൊക്കെ സ്വയം സുഖിച്ചോണം എന്നാണു ലൈൻ.
ഇങ്ങനത്തെ സ്ഥലത്ത് ആരാ താമസിക്കാൻ പോവുക എന്നാണോ? താമസക്കാരുണ്ട്. കല്യാണക്കാരാണു മിക്കവരും. പൂരം, പെരുന്നാൾ കാലത്തും ആളുവരും. കേരളത്തിനു പുറത്തു തലമുറകളായി താമസിക്കുന്നവരാകാം. അവർക്ക് നാട്ടിൽ കാല്യാണം നടത്തണം. വീടു മൊത്തമായി എടുക്കുന്നു. കല്യാണവീട്ടുകാർ പുറത്തുനിന്നു പറന്നിറങ്ങി രണ്ടോ മൂന്നോ ദിവസം താമസിക്കുന്നു.
വാടക പലവിധമാണ്. തൃശൂരിലെ ഒരു തറവാടിന് അഞ്ചു മുറികൾക്ക് ദിവസം 18,000 രൂപ. ഹോട്ടൽ താമസത്തേക്കാൾ ലാഭം. ഇവിടുന്ന് ഒരുങ്ങി കല്യാണത്തിനു പോകാം. ദിവസം 30,000–40,000 വാടക വാങ്ങുന്ന തറവാടുകളുമുണ്ട്. കല്യാണത്തിനു വന്നവർക്ക് അപ്പൂപ്പന്റെ കാലത്ത് അവർക്കുണ്ടായിരുന്ന നാട്ടിലെ തറവാടിന്റെ ‘ദെ ജാവു’ നിമിഷങ്ങൾ പങ്കുവയ്ക്കാം. കൂട്ടമായിട്ടിരുന്നു വെടിപറയാം. പുത്തൻ പണത്തിനൊരു ‘റെട്രോസ്പെക്ടീവ് ഇഫക്റ്റ്’ കൊടുക്കലാവാം പുരാതന തറവാട്ടിലെ താൽക്കാലിക താമസം.
കല്യാണമണ്ഡപങ്ങൾ ബുക്കു ചെയ്യാനെത്തുമ്പോഴാണ് ഇങ്ങനെ വീടുകളുള്ളതിന്റെ ‘രഹസ്യം’ കല്യാണക്കാരുടെ കാതിലെത്തുക. രഹസ്യം പറഞ്ഞു കൊടുത്തതിന് കമ്മിഷൻ കാണുമായിരിക്കും. ഓൺലൈൻ പ്രചാരണവും ബുക്കിങ്ങും നടത്തുന്നതിനാൽ ഗൂഗിളിൽ നിന്നറിഞ്ഞു വരുന്നവരുമുണ്ട്.
കല്യാണത്തിന് പുറത്തുപോകാൻ വയ്യെങ്കിൽ അതും നടത്തിക്കൊടുക്കുന്ന വീടുകളുമുണ്ട്. പാലക്കാട്ട് അത്തരമൊരു വീട്ടിലെ ഹാളിൽ കല്യാണം നടത്താം. ആറു മുറികളാണ്. വാടക 45,000. സദ്യയ്ക്ക് ആളാംപ്രതി 750 രൂപ.
ടൂറിസമെന്നാൽ ഹോട്ടൽമുറിയും കാഴ്ചകാണലുമല്ലല്ലോ, അനുഭവം ആണെന്നല്ലേ പറയുന്നത്. ഇതും അനുഭവം. അനുഭവിച്ചോട്ടെ. നമ്മുടെ നാട്ടുകാരായ നാടത്തിപ്പുകാരും ദേഹണ്ഡിച്ച് അനുഭവിക്കുന്നു. ഇതൊക്കെയല്ലേ ചേട്ടാ ടൂറിസം എന്നു ചോദിച്ചാൽ തിര്വോന്തരം ഭാഷയിലാണെങ്കിൽ ‘ഓ തന്നെ തന്നെ’ എന്നേ പറഞ്ഞുകൂടൂ. നന്നായിക്കണ്ടാൽ മതി.
അതിനാൽ ഈ ലൈനിനു പറ്റിയ പഴയ വീടുകളുണ്ടെങ്കിൽ പൊളിച്ചുകളയാതെ മിനുക്കിയെടുക്കുക. പുത്തൻ ശുചിമുറികൾ വേണം.
ഒടുവിലാൻ∙അവിടെ താമസിച്ചു കല്യാണം നടത്തിയാൽ ഐശ്വര്യം എന്നൊരു ശ്രുതി പരത്തിയാൽ പിന്നെ കോളാണ്. അങ്ങനെ ചില വീടുകളുണ്ട്. പക്ഷേ അവിടെ നടന്ന എത്ര കല്യാണത്തിലെ ദമ്പതികൾ അടിച്ചു പിരിഞ്ചു എന്നതു മാത്രം മിണ്ടരുത്.