ബിസിനസിൽ യൂറോപ്പിലെ വൻ ശക്തിയാണു ജർമനി എങ്കിൽ ആ ജർമനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രം എവിടെയാ?
കേൾക്കുമ്പോൾ അമ്പരപ്പു തോന്നാം. മെട്രോ നഗരങ്ങളിലല്ല, പുണെയിലാണ് ജർമനിയുടെ കളി. 320 ജർമൻ കമ്പനികൾ അവിടെയുണ്ട്. 2000ലേറെ ജർമൻകാർ അവിടെ താമസമുണ്ട്. ജർമനിയിലെ ഒക്ടോബർ ഫെസ്റ്റ് ആഘോഷം ബീയർ കുടിച്ച് പുണെയിൽ അവർ ആഘോഷിച്ചു. മ്യൂണിക്കിൽനിന്നു മ്യൂസിക് ബാൻഡ് എത്തിയിരുന്നു. ലുഫ്താൻസ പുണെയിൽനിന്നു ഫ്രാങ്ക്ഫർട്ടിലേക്കു വിമാനസർവീസ് നടത്തുന്നുമുണ്ട്.
ഇവിടെയൊരു ഫ്ലാഷ്ബാക്ക്. വർഷങ്ങൾക്കു മുമ്പ് ഫോക്സ്‌വാഗൻ കാർ ഫാക്ടറി സ്ഥാപിക്കാൻ സ്ഥലം നോക്കി ജർമൻ സംഘം കൊച്ചിയിലെത്തിയിരുന്നു. വേറൊരു കാർ ഫാക്ടറി ഇല്ലാത്ത നഗരമായിരിക്കണം എന്നതാണു പ്രധാന ഡിമാൻഡ്. തങ്ങളുടേതു പോലെ വേറൊരു ഫാക്ടറി ഇല്ലാത്ത സ്ഥലം വേണമെങ്കിൽ ഏതു കമ്പനിക്കാർക്കും കേരളത്തിലെ ഏതു നഗരവും എടുക്കാം. കാരണം ഇവിടെങ്ങും വേറെ ഫാക്ടറിയുടെ സൂചനപോലുമില്ല. 25 ഏക്കർ വേണം, എയർപോർട്ടിനും തുറമുഖത്തിനും ഒരു മണിക്കൂർ ദൂരത്തിനകത്തായിരിക്കണം എന്നിങ്ങനെ വേറെ 2 വ്യവസ്ഥകളും ഉണ്ടായിരുന്നു.
ഫോക്സ്‌വാഗൻ കിട്ടിപ്പോയി എന്നാണു നമ്മൾ വിചാരിച്ചത്. കളമശേരി കിൻഫ്ര പാർക്കിലേക്കു വരൂ. എല്ലാ വ്യവസ്ഥകളും അച്ചട്ടാണ്. വേണമെങ്കിൽ മുഴുവൻ സ്ഥലവും എടുത്തോ. പക്ഷേ ജർമൻകാർ പല സംസ്ഥാനങ്ങളിലും പോയിട്ട് അവസാനം എടുത്തത് പുണെ! തുറമുഖം പോലുമില്ല. എന്തായിരുന്നു കാരണം? ജർമനിയിൽ ഇന്ത്യൻ നിക്ഷേപം വളർത്താൻ ഉദ്ദേശിച്ച് പുണെയിലുള്ള ഫ്രാങ്ക്ഫർട്ട് റെയിൻമെയിൻ ഡയറക്ടർ ദിഷ ഷായോടു ചോദിച്ചു നോക്കി. കൊച്ചിയിൽ അനുബന്ധ വ്യവസായങ്ങളില്ല, പുണെയിലുണ്ട്. പോരെങ്കിൽ ജർമൻ ഭാഷ സംസാരിക്കുന്ന ജർമൻകാരെയും ഇന്ത്യാക്കാരെയും പുണെയിൽ ഇഷ്ടംപോലെ കിട്ടും. അദ്ദാണു കാര്യം!
പുണെ പ്ലാന്റിൽ ഇതുവരെ മുതൽമുടക്ക് 5720 കോടി. ഏതാണ്ട് 10 ലക്ഷം കാറുകൾ 2007 മുതൽ ഇതുവരെ നിർമ്മിച്ചു. കഴിഞ്ഞ വർഷം മാത്രം ഒന്നരലക്ഷം കാറുകളുണ്ടാക്കി. അതിൽ 93,000 കാർ കയറ്റുമതി ചെയ്തു. 3,500 പേർക്ക് ജോലി. നമുക്ക് ദീ...ർഘനിശ്വാസം വിടാനേ കഴിയൂ.
ജർമൻ നഗരങ്ങളായ ഫ്രാങ്ക്ഫർട്ടിലും മ്യൂണിക്കിലും ഇന്ത്യൻ വ്യവസായികളെ ആകർഷിക്കാൻ അവർ ഇന്ത്യയിൽ ഓഫിസ് നിലനിർത്തുകയും പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്. ഫ്രാങ്ക്ഫർട്ടിൽ 8,500 ഇന്ത്യാക്കാരുണ്ട്, 135 ഇന്ത്യൻ കമ്പനികളും. ഫാർമ, ഐടി, വാഹന അനുബന്ധ വ്യവസായങ്ങൾ, ബാങ്കിങ്, ഫിനാൻസ് തുടങ്ങിയ രംഗങ്ങളിലാണ് ഇന്ത്യൻ കമ്പനികൾ. ഫ്രാങ്ക്ഫർട്ടിനടുത്ത് ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വരെയുണ്ട്.
ഒടുവിലാൻ∙ പുണെയിലെ ജർമൻകാർ ആഴ്ചതോറും ഒരിടത്ത് ഒത്തുകൂടുന്നു. സ്റ്റാംപിഷ് എന്നാണതിനെ വിളിക്കുക. തിരുവനന്തപുരത്ത് വിവിധ രംഗങ്ങളിലെ സായിപ്പും മദാമ്മയും ചില ഇന്ത്യൻ സായിപ്പുമാരും വെള്ളിയാഴ്ചകളിൽ കൂടുന്നുണ്ട്. പേര് ടിജിഐഎഫ്–താങ്ക് ഗോഡ് ഇറ്റ്സ് ഫ്രൈഡെ. 800–ാമത്തെ കൂടൽ ഈ വെള്ളിയാണ്.