സ്റ്റീൽ കരുത്തിൽ ചൈനീസ് കുതിപ്പ്; തകർന്ന് ഇന്ത്യൻ കമ്പനികൾ

സ്റ്റീൽ കമ്പനികളാണ് ഇന്ത്യയിലെ ബാങ്കുകൾക്കു ലക്ഷക്കണക്കിനു കോടികളുടെ കിട്ടാക്കടം ഉണ്ടാക്കിവച്ച മേഖലകളിൽ മുൻപിൽ. പല വ്യവസായ ഗ്രൂപ്പുകളും തകർന്നുപോയതിനു പിന്നിൽ സ്റ്റീലിന്റെ വിലയിടിവാണ്. എസ്സാർ ഗ്രൂപ്പ് പൊളിഞ്ഞു. ഭൂഷൺ സ്റ്റീലിനെ ടാറ്റ വാങ്ങുന്നു. ചൈനയാകുന്നു ഈ സ്റ്റീൽ സിനിമയിലെ വില്ലൻ.

ഗ്വാങ്ഷൂ പോലുള്ള ചെറിയ ചൈനീസ് നഗരത്തിൽ ചെന്നാലും അവിടുത്തെ സൗകര്യങ്ങൾ കണ്ട് ഇന്ത്യക്കാർ അന്തംവിടും. കെട്ടിടങ്ങളും പാലങ്ങളും ഫ്ലൈഓവറുകളും റോഡുകളും ബുള്ളറ്റ് ട്രെയിനുകളും...കോൺക്രീറ്റിനെക്കാളും സ്റ്റീലാണ് അവരുടെ പ്രധാന നിർമാണ സാമഗ്രി. പാലങ്ങളും കെട്ടിടങ്ങളും സ്റ്റീലിൽ കണ്ണടച്ചു തുറക്കും മുൻപേ പണിതുയർത്തുന്നു. ചൈനയാണ് ലോകത്തുതന്നെ സ്റ്റീലിൽ നമ്പർ വൺ. 83 കോടി ടൺ ഉത്പാദനം. രണ്ടാമതുള്ള അമേരിക്കയ്ക്കു വെറും 11.6 കോടി ടൺ മാത്രം. ജപ്പാനും ഇന്ത്യയും അടുത്തടുത്തുണ്ട്– 10 കോടി ചില്വാനം ടൺ. റഷ്യയ്ക്ക് 7 കോടി ടൺ മാത്രം.

ചൈനയിലെ സ്റ്റീൽ മിക്കവാറും അവർ തന്നെ ഉപയോഗിച്ചിട്ട് ബാക്കി കയറ്റുമതി ചെയ്തിരുന്നു. 2015 മുതൽ ചൈനീസ് മാന്ദ്യം തുടങ്ങി. സ്റ്റീലിന് ആവശ്യം കുറഞ്ഞതോടെ അവർ ലോകമാകെ കുറഞ്ഞ വിലയ്ക്ക് സ്റ്റീൽ കൊണ്ടിറക്കി. ചന്തയിൽ കേൾക്കുന്നതുപോലുള്ള രൂപയ്ക്കു രണ്ടേ, രൂപയ്ക്കു രണ്ടേ വായ്ത്താരിയോടെ സ്റ്റീൽ വന്നിറങ്ങിയാൽ എല്ലാവരും അതേ വാങ്ങൂ. സകലരാജ്യത്തും സ്റ്റീലിന്റെ കച്ചവടം പൊട്ടി.

സ്റ്റീൽ ഉപയോഗിക്കണമെങ്കിൽ വെൽഡിങ് അറിയണം. വർക്‌ഷോപ്പിലെ ഗ്യാസ് വെൽഡിങ് പോലല്ലിത്. വർഷങ്ങളുടെ പരിചയവും മികവുമുള്ള വെൽഡർമാർക്ക് 60,000 രൂപയ്ക്കു മുകളിൽ ശമ്പളം നൽകുന്ന വൻ കമ്പനികളുണ്ട്. ഗൾഫിലാണെങ്കിൽ പറയേണ്ട കാര്യമില്ല. വെൽഡിങ് പഠിച്ച് പണി അറിയുന്നവരെ കൊത്തിക്കൊണ്ടു പോകാനാളുണ്ട്. സർവ ഷിപ്‌യാഡുകൾക്കും ഗംഭീര വെൽഡർമാരെ വേണം. 

കണ്ണും കയ്യുമാണ് അവിടെ പ്രധാനം. പണി കഴിഞ്ഞാൽ ജോയിന്റ് കിറുകൃത്യമായിരിക്കണം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെൽഡിങ് കൊച്ചിയിൽ പരിശീലനം കൊടുക്കുന്നുണ്ട്.

വെൽഡിങ്ങിന് ഇപ്പോൾ രാജ്യാന്തര മൽസരം പോലുമുണ്ട്. അതും ഈയിടെ ചൈനയിലാണു നടന്നത്. ഇന്ത്യയിൽനിന്നു 2 പേർക്കു ചില്ലറ സമ്മാനങ്ങൾ കിട്ടി. ഏതാണ്ട് ഒളിംപിക്സ് പോലെ വെൽഡിങ് മൽസരങ്ങൾ നടത്തുന്നെ കേട്ടാൽ അത്ഭുതം തോന്നും. 

ഭൂരിപക്ഷം മെഡലുകളും ചൈനക്കാർ തന്നെ കൊണ്ടുപോയി. പുണെയിൽനിന്നു പോയ ആരതി പ്രോൽസാഹന സമ്മാനം വാങ്ങി. രണ്ടു മലയാളികളും പോയി മൽസരിച്ചു വെൽഡ് ചെയ്തെങ്കിലും ജയിക്കുന്നതിലല്ല പങ്കെടുക്കുന്നതിലാണു കാര്യം എന്നോർത്തു സമാധാനിച്ചു തിരികെപ്പോന്നു.

ഒടുവിലാൻ∙സ്റ്റീൽ എന്നു കേൾക്കുമ്പോൾ ഭിലായി എന്നേ മലയാളിക്ക് ഓർമ വരൂ. ഭിലായ് മലയാളി ഉണ്ടായത് എം.കെ.കെ.നായർ പൊതുമേഖലയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് ഭിലായിൽ തുടങ്ങിയപ്പോഴാണ്. ഭിലായിൽ എത്തിപ്പെട്ടാലുടൻ ജോലി എന്ന സ്ഥിതി ഒരു കാലത്ത് ഉണ്ടായിരുന്നു.