ഡാൻ ബ്രൗണിന്റെ ‘ദ് ഒറിജിൻ’ എന്ന നോവലിൽ ടെക്നോളജി വളർന്നുപെരുകി മനുഷ്യകുലത്തെ വിഴുങ്ങുന്നതാണു ഭാവി എന്നു പ്രവചിക്കുന്നുണ്ട്. മനുഷ്യൻ ഇല്ലാതാവില്ല, പക്ഷേ ടെക്നോളജിയും അതിന്റെ ഉപകരണങ്ങളും ഇല്ലാതെ ജീവിക്കാൻ കഴിയാതാവും. ശരീരത്തിനകത്തും ഉപകരണങ്ങൾ കയറിപ്പറ്റും. അതോടെ ഹോമോസേപിയൻ വേറേതോ ജീവിവർഗമായി മാറും. സർവവ്യാപികളായ സ്മാർട് ഫോണുകളെ കാണുമ്പോഴും ഇതു തന്നെയാണ് ഓർമ വരുന്നത്.
ചരിത്രത്തിൽ ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉത്പന്നം ഏതാ? സ്മാർട്ഫോൺ! ലോകത്ത് 550 കോടിയാണ് മുതിർന്ന മനുഷ്യരുടെ എണ്ണം. (ആകെ മനുഷ്യർ 700 കോടിയിലേറെ) അതിൽ 400 കോടിപ്പേർക്കും സ്മാർട് ഫോണുണ്ടുപോൽ. കൊല്ലം തോറും വിൽപ്പനയിൽ വച്ചടി കേറ്റമായിരുന്നു ഇതുവരെ. പക്ഷേ 2018ലെ സ്മാർട് ഫോൺ വിൽപ്പന തലേവർഷത്തെക്കാൾ ഇടിഞ്ഞു. ഐഫോൺ വിൽപ്പനയ്ക്കാണ് ഏറ്റവും ഇടിവ്. ആകെ സ്മാർട് ഫോണുകളുടെ 13% മാത്രമാണ് ഐഫോൺ എങ്കിലും വില കൂടുതലായതിനാൽ ലാഭത്തിൽ അവരാണു മുന്നിൽ. ഏറ്റവും കൂടുതൽ വിൽക്കുന്ന സാംസങ്ങിനും ഇടിവുണ്ട്. ഐ ഫോൺ വിൽപ്പന ഇടിഞ്ഞപ്പോൾ ആപ്പിളിന്റെ ഓഹരി വിലയും താഴോട്ടായി. സാരമില്ല, ലാഭത്തിൽ ചേതം അത്രേയുള്ളൂ.
പേടിക്കേണ്ട, ജനത്തിനു താൽപര്യം കുറഞ്ഞിട്ടൊന്നുമല്ല. വിപണിയിൽ സാച്ചുറേഷനായിപ്പോയത്രെ. ലോകമാകെ സ്മാർട് ഫോൺ വിൽപ്പന പരകോടിയിലെത്തിയിരിക്കുകയാണ്– വർഷം 140 കോടി! മാത്രമല്ല കൂടെക്കൂടെ പഴയതു മാറ്റി പുതിയ മോഡൽ വാങ്ങുന്നതും ജനം കുറയ്ക്കുന്നു. പുതിയ മോഡലുകൾക്ക് പഴയതിൽനിന്നു കാര്യമായ വ്യത്യാസമൊന്നുമില്ലെന്നാണു ചിലരുടെ പരാതി. അപ്ഗ്രേഡുകൾ വല്ലപ്പോഴുമായി. മൂന്നു കൊല്ലത്തിലേറെ ഒരേ ഹാൻഡ്സെറ്റ് ഉപയോഗിക്കുന്ന സ്ഥിതിയായി. സകലരുടെയും കയ്യിലുള്ള സാധനമായതിനാൽ പൊങ്ങച്ചം കാണിച്ച് ആളെ വിരട്ടാൻ പറ്റാതായി.
സ്മാർട് ഫോൺ വന്നതോടെയാണ് പുത്തൻ സാങ്കേതികവിദ്യകളും ആപ്പുകളും ഇറങ്ങിയതെന്നറിയാമല്ലോ. ഈ സാധനമില്ലെങ്കിൽ ഓൺലൈൻ ടാക്സിയില്ല, ഹോട്ടലിൽനിന്നു ‘പകർച്ച’ വരുത്താൻ കഴിയില്ല, യാത്രയ്ക്കിടെ സിനിമ കാണലില്ല, ക്ളിപ് കാണലില്ല, മൊബൈൽ പെയ്മെന്റില്ല, ഗൂഗിളില്ല...ഒന്നുമില്ലൊന്നുമില്ല. ഇനി സ്മാർട്ഫോണില്ലാത്ത യുഗത്തിലേക്കു പോകാനൊക്കാത്ത സ്ഥിതിയാണ്. മനുഷേന്റെ ആപ്പീസ് പൂട്ടിപ്പോകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസുള്ള ഫോണുകളാണിനി വരാൻ പോകുന്നത്. ക്യാമറയിൽ തല്ലിപ്പൊളി പടമെടുക്കുന്നതിനു പകരം ഏതു പ്രഫഷനലും തോറ്റു പോകുന്ന തരം സൂപ്പർ പടമെടുക്കാം, ഒരും കുന്തവും അറിയില്ലെങ്കിലും ഫോണിന്റെ ബുദ്ധി സഹായിക്കും. മടക്കി പോക്കറ്റിലിട്ടിട്ട് പിന്നീട് നിവർത്തിയെടുക്കാവുന്നതും വരും. ഒടുവിൽ ഈ കുന്ത്രാണ്ടം കൊണ്ടുനടക്കാതെ തന്നെ തന്നെ കാര്യങ്ങളൊക്കെ സാധിക്കാവുന്ന കാലവും വരും. ചാടിച്ചാടി അവസാനം വളയമില്ലാതെയും ചാടുമല്ലോ!
ഒടുവിലാൻ∙എവിടെ നിൽക്കുന്നുവെന്നതിനു കള്ളംപറയാനുള്ള സാധനവുമാകുന്നു സ്മാർട് ഫോൺ. ബാറിൽ ഇരിക്കുമ്പോഴും പറയും– മെഡിക്കൽ സ്റ്റോറിലാ, മീറ്റിങ്ങിലാ, ഡ്രൈവിങ്ങിലാ, ഔട്ട് ഓഫ് സ്റ്റേറ്റാ...