കായലിൽ കല്ലുകെട്ടി താഴ്ത്തിയ മൃതദേഹം; നിഗൂഢതകൾ മാത്രം ബാക്കി

കായലിൽ കല്ലുകെട്ടിയ നിലയിൽ ജഡം: കാണാപ്പുറത്തെ വിവരം കാത്തു പൊലീസ്... വല്ലപ്പോഴും മുണ്ടുടുക്കുന്ന ചെറുപ്പക്കാരുടെ എല്ലാ പ്രത്യേകതകളും മൃതദേഹത്തിലെ വസ്ത്രങ്ങൾക്കുണ്ടായിരുന്നു; അരയിൽ മുണ്ടുറപ്പിച്ചു നിർത്താനുള്ള ബെൽറ്റും. കൊല്ലപ്പെട്ട യുവാവിനു ഫൊറൻസിക്  വിദഗ്ധർ കണക്കു കൂട്ടിയത്. 26–30 വയസ്സ്.  ഒരു വർഷം മുൻപു നവംബർ എട്ടിനു പുലർച്ചെ നെട്ടൂരിലെ കായൽ തൊഴിലാളികളാണു പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞു കല്ലുകെട്ടി താഴ്ത്തിയ നിലയിൽ യുവാവിനെ കണ്ടെത്തിയത്. 

മരിച്ചതാര്? കൊന്നതാര്? രണ്ടും ഇതുവരെ നാട്ടുകാർക്കോ പൊലീസിനോ അറിയില്ലെന്നതാണു കേസിന്റെ പ്രത്യേകത. 

അഞ്ചു ദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. കൊല നടന്നതു നവംബർ 1 നും 3 നും ഇടയിലാവാനുള്ള സാധ്യതയാണു കണ്ടെത്തിയത്. കേരളപ്പിറവി ദിനത്തിൽ തട്ടിക്കൊണ്ടു പോയ യുവാവിനെ തടങ്കലിൽ പീഡിപ്പിച്ചു കൊന്നതാവാമെന്നതിന്റെ സൂചനകളുണ്ടായിരുന്നു. ഇങ്ങനെയൊരാൾ ലോകത്തു നിന്ന് അപ്രത്യക്ഷനായി ഒരു വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടു ബന്ധുക്കളോ സുഹൃത്തുക്കളോ അയാളെ അന്വേഷിക്കുന്നില്ല?  ‘മാൻ മിസിങ്’ കേസ് കേരളത്തിൽ ഒരിടത്തും റജിസ്റ്റർ ചെയ്തില്ല? അന്വേഷണ സംഘത്തെ അതിശയിപ്പിക്കുന്ന കാര്യം ഇതാണ്.  

മരിച്ചയാളുടെ വിരലടയാളം ആധാർ രേഖകളുമായി ഒത്തുനോക്കി ആളെ തിരിച്ചറിയാനുള്ള സാങ്കേതിക സൗകര്യം ഇന്നു രാജ്യത്തുണ്ടെങ്കിലും അത്തരം സങ്കേതങ്ങൾ പൊലീസിന് ഫലപ്രദമായി തുറന്നു കിട്ടിയിട്ടില്ല. യുവാവിന്റെ ലക്ഷണങ്ങൾ ഇവയായിരുന്നു: 168 സെന്റിമീറ്റർ ഉയരം, 64 കിലോഗ്രാം ഭാരം, കറുത്ത കട്ടിയുള്ള കോലൻ മുടി വശങ്ങളിൽ പറ്റെ വെട്ടിയ ശേഷം മേൽഭാഗത്ത് 10 സെന്റീ മീറ്റർ നീളത്തിൽ നീട്ടി വളർത്തിയിട്ടുണ്ട്. ശരീരത്തോടു ചേർന്നു കിടക്കുന്ന (ബോഡി ഫിറ്റ്) കരിനീല ഷർട്ട് വെളുത്ത ചെറിയ പൂക്കളോടു കൂടിയത്. കൊല്ലപ്പെടുന്നതിന് ഏതാണ്ട് ഒരാഴ്ച മുൻപു തലയിൽ ചെറിയ മുറിവുണ്ടായതിനു ചികിൽസ തേടിയിട്ടുണ്ട്. രണ്ടു കരകളോടു കൂടിയ വെള്ള ഡബിൾമുണ്ട്. അടിവസ്ത്രമുണ്ടായിരുന്നില്ല.

രണ്ടു മാസവും ഏഴു ദിവസവും പിന്നിട്ടപ്പോൾ ഇതാ കായലിൽ രണ്ടാമത്തെ മൃതദേഹം. വലിയ പ്ലാസ്റ്റിക് വീപ്പയിൽ മൃതദേഹം കുത്തിക്കയറ്റി മേൽഭാഗം ഇഷ്ടികയും കോൺക്രീറ്റും ഇട്ട് അടച്ചിരുന്നു. ഉള്ളിൽ സ്ത്രീയുടെ അസ്ഥികൂടം മാത്രം. കണങ്കാലിലെ എല്ലിനുണ്ടായ പൊട്ടൽ ചികിൽസിക്കാൻ ഇട്ട ലോഹ സ്ക്രൂ ഫൊറൻസിക് സർജൻ കണ്ടെത്തിയതു പിടിവള്ളിയായി. ആശുപത്രികൾ കയറിയിറങ്ങിയ പൊലീസ് ചികിൽസാ രേഖകളിൽ നിന്നു ചോറ്റാനിക്കര സ്വദേശി ശകുന്തളയെ തിരിച്ചറിഞ്ഞു. കൊലയാളിയെന്നു സംശയിക്കുന്ന എരൂർ സ്വദേശി സജിത്ത് ആത്മഹത്യ ചെയ്തു. 

രണ്ടാമത്തെ കേസ് അവിടെ തീർന്നു. പക്ഷേ, കായലിൽ ആദ്യം കണ്ടെത്തിയ യുവാവ്? അതാരെന്ന നിഗൂഢത തുടരുന്നു. വീപ്പയ്ക്കുള്ളിൽ കണ്ടെത്തിയ ശകുന്തളയുടെ കാലുകൾ കെട്ടിയിരുന്നു. ചാക്കിൽ കണ്ടെത്തിയ യുവാവിന്റെ കാലുകളും കെട്ടിയിരുന്നു. രണ്ടു കെട്ടുകളും സമാനം.  

രണ്ടു കൊലപാതകങ്ങളിലും സജിത്തിന്റെ പങ്കു പൊലീസ് സംശയിക്കുന്നുണ്ട്.  ഒരു കൊലപാതകം തെളിഞ്ഞതോടെ രണ്ടാമത്തേതും തെളിയുമെന്ന ആശങ്കയിലാവാം അയാൾ ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നുണ്ട്. ഇതിനിടയിൽ മറ്റൊരു രഹസ്യവിവരം കൂടി പുറത്തു വന്നു. ജന്തുക്ഷേമ സമിതിയിലെ ജീവനക്കാരനായിരുന്ന സജിത്തിനൊപ്പം ഇടയ്ക്കു കണ്ടിരുന്ന ഒരു ചെറുപ്പക്കാരനെ ഒരു വർഷമായി കാണാനില്ല. ഇയാളുടെ പേരും വിലാസവും സജിത്തുമായി അടുപ്പമുള്ള ആർക്കും അറിയില്ല. ഈ ചെറുപ്പക്കാരനെ തിരിച്ചറിഞ്ഞാൽ കേസിലെ നിഗൂഢതകൾ തീർക്കാൻ വഴി തെളിഞ്ഞേക്കും. 

ഒരു വർഷമായി പൊലീസ് ഇരുട്ടിൽ നിൽക്കുന്ന ഈ കേസിൽ കുറ്റാന്വേഷണ തൽപ്പരരായ ആർക്കും മുന്നോട്ടു വരാവുന്ന സാഹചര്യമുണ്ട്. അന്വേഷണ സംഘം ഉള്ളിൽ അതാഗ്രഹിക്കുന്നുമുണ്ടാവും. ഇത്തരം ചില കേസുകളിൽ പൊതുജനങ്ങളുടെ സഹകരണമില്ലാതെ ഒരു കാലത്തും കുരുക്കഴിയില്ല. നെട്ടൂർ കായലിൽ കണ്ടെത്തിയ യുവാവു കൊല്ലപ്പെടാനുളള ചില സാധ്യതകൾ ഇവ: 

∙ മറ്റെന്തോ കാര്യത്തിനായി ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്പ്പെടുത്തുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ച കൊലപാതകം.

(ശരീരത്തിൽ ഗുരുതരമായ മുറിവുകളോ ഒടിവോ ചതവോ കാണുന്നില്ല. യുവാവിനെ നിശബ്ദനാക്കാൻ വായിൽ തുണി തിരുകി വീതികൂടിയ ടേപ്പ് ഒട്ടിച്ചതു മരണത്തിനു കാരണമായിരിക്കാം.) 

∙ സാമ്പത്തിക, സ്ഥല ഇടപാടുകളുടെ ഭാഗമായി യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നതിനിടെ (ചാലക്കുടിയിലെ ഭൂമിയിടപാടുകാരൻ രാജീവ് കൊല്ലപ്പെട്ടതിനു സമാനമായ സാഹചര്യം) യുവാവിനു മരണം സംഭവിച്ചു.

∙ ദുരഭിമാന കൊലപാതകം, കൊല്ലപ്പെട്ട യുവാവിനാൽ മാനഹാനിയോ ധനനഷ്ടമോ ഉണ്ടായ ആരെങ്കിലും ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ നടത്തിയ കുറ്റകൃത്യം. 

∙ കുടുംബവഴക്കിനെ തുടർന്നു യുവാവിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അടുത്ത ബന്ധുക്കൾക്ക് ആർക്കെങ്കിലും പറ്റിയ കയ്യബദ്ധം. (കൊല്ലപ്പെടും മുൻപു യുവാവിനെ പീഡിപ്പിച്ചതിന്റെ തെളിവില്ല. മൃതദേഹത്തെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. യുവാവിനെ കാണാതായതായി പൊലീസിൽ ഇതുവരെ പരാതിപ്പെട്ടിട്ടില്ല.)

∙ ശകുന്തള വധക്കേസുമായി ബന്ധപ്പെട്ട വിലപേശൽ കാരണം കൊലയാളി യുവാവിനെ ഇല്ലാതാക്കി, കൊല്ലപ്പെട്ട യുവാവ് സാക്ഷിയോ കൂട്ടുപ്രതിയോ ആവാം. (ശകുന്തളക്കേസ് പ്രതി സജിത്തിന്റെ മരണത്തോടെ അന്വേഷണത്തിനുള്ള സാധ്യത മങ്ങി).

എന്തായാലും ഒരുകാര്യം പറയാതെ വയ്യ, ഈ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന ആരെങ്കിലും നമുക്കിടയിലുണ്ടാവാം. അവർ മുന്നേ‌ാട്ടു വന്നാലേ ഇനി കേസന്വേഷണം മുന്നോട്ടു പോകൂ.