Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖഷോഗിയുടെ മൃതദേഹം സൾഫ്യൂറിക്ക് ആസിഡിൽ?; വേണം തെളിച്ചമുള്ള തെളിവുകൾ

ജിജോ ജോൺ പുത്തേഴത്ത്
detective-column-investigation-evidences-punishment

രാജൻ കേസ്, ചേകനൂർ മൗലവിക്കേസ്, ഷീന ബോറക്കേസ് ഒടുവിൽ സൗദി അറേബ്യയിലെ ജമാൽ ഖഷോഗി... സമൂഹത്തിന് ഒത്ത നടുവിൽ ജീവിച്ച ചിലരെ ഒരു ദിവസം അങ്ങു കാണാതാവുക. ഓർക്കുമ്പോൾ ഒരുപാടുണ്ട് ഇതുപോലുള്ള തിരോധാനങ്ങൾ. പറന്നു പോവുന്ന പൂവിതൾ പോലെ, ദുർബലമായ മരണത്തെ തെളിവുകൾ കൊണ്ടു കോർത്തിണക്കും മിടുക്കനായ അന്വേഷണ ഉദ്യോഗസ്ഥൻ. സാഹചര്യത്തെളിവുകളെല്ലാം അനുകൂലമാവുമ്പോൾ അന്വേഷണസംഘം പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ്: 302. 

നിയമവ്യവസ്ഥയിൽ പഴയൊരു ലത്തീൻ പ്രയോഗമുണ്ട് ‘ കോർപ്പസ് ഡെലിക്ടെയ്’ മലയാളത്തിൽ ‘കുറ്റശരീര’മെന്നോ ‘തെളിവുശരീര’മെന്നോ പറയാം. അതായതു കൊലപാതകമെന്നു പറഞ്ഞാൽ മൃതദേഹം കാണണം. മോഷണമെന്നു പറഞ്ഞാൽ മോഷണംപോയ വസ്തു കണ്ടെത്തണം, കുറ്റം തീ വയ്പ്പാണെങ്കിൽ തീ, പുക, കരി, ചാരം, അവശിഷ്ടം... എല്ലാം വേണം.

അതില്ലാതെ പണ്ടു കാലത്ത് ഒരു കോടതിയും പ്രതിയെ കുറ്റക്കാരനെന്നു വിധിക്കില്ല. ശാസ്ത്രീയ കുറ്റാന്വേഷണ ശാഖ വളർന്നതോടെ കോർപ്പസ് ഡെലിക്ടെയ്ക്കു മുകളിൽ സാഹചര്യത്തെളിവുകളും ഫൊറൻസിക്ക് തെളിവുകളും സാക്ഷിമൊഴികളും വിലമതിക്കാൻ തുടങ്ങി. 

വാഷിങ്‌ടൻ പോസ്റ്റിൽ പംക്തി എഴുതിയിരുന്ന ജമാൽ ഖഷോഗി സൗദി ഭരണകൂട വിമർശകനായിരുന്നു. ഒക്ടോബർ 2നാണു തുർക്കി ഇസ്തംബുളിലെ സൗദി കോൺസുലേറ്റിനുള്ളിലേക്കു ഖഷോഗി കയറിപ്പോയത്, പിന്നീടിതുവരെ പുറത്തു വന്നിട്ടില്ല. 

പുനർവിവാഹിതനാവാനുള്ള ഔദ്യോഗിക രേഖകൾ കൈപ്പറ്റാനാണ് അദ്ദേഹം അവിടെ എത്തിയത്. തുർക്കിക്കാരിയായ പ്രതിശ്രുത വധു ഹാറ്റിസ് സെൻഗിസ് 10 മണിക്കൂറാണു ഖഷോഗിയെ കാത്തിരുന്നത്.  

തുർക്കി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഏറ്റവും പുതിയ നിഗമനം കൊലയാളികൾ ഖഷോഗിയുടെ മൃതദേഹം സൾഫ്യൂറിക്ക് ആസിഡിൽ ലയിപ്പിച്ചെന്നാണ്. സാന്ദ്രത കൂടിയ ആസിഡിൽ അസ്ഥികൾ അടക്കം അലിഞ്ഞു ചേരാൻ 15 മിനിറ്റ് പോലും വേണ്ടെന്നാണു കണ്ടെത്തൽ.  

കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഇല്ലാതാക്കാൻ ഇത്തരം ചില ക്രിയകൾ പണ്ടു മുതൽ കേട്ടുകേൾവിയുള്ളതാണ്. അടിയന്തരാവസ്ഥക്കാലത്തു പൊലീസ് പിടിച്ചുകൊണ്ടുപോയ എൻജിനീയറിങ് വിദ്യാർഥി രാജന്റെ മൃതദേഹം ഇല്ലാതാക്കാൻ പഞ്ചസാരയും പെട്രോളും ചേർത്തു കത്തിച്ചതായാണ് ഒരു കുറ്റാന്വേഷണ തിയറി. അസ്ഥികൾ ചാരമാവാൻ 1150 ഡിഗ്രി സെൽഷ്യസ് താപം വേണം. പെട്രോൾ–പഞ്ചസാര മിശ്രിതം കത്തുമ്പോൾ ഏകദേശം 2,500–3,000 ഡിഗ്രി സെൽഷ്യസ് താപം പുറത്തു വിടുമെന്നാണു വിദഗ്ധാഭിപ്രായം.  

കൊലപാതകം സ്ഥിരീകരിച്ചിട്ടും സിബിഐയുടെ അന്വേഷണ സംഘത്തിന് ഇതുവരെ ചേകനൂർ മൗലവിയുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

കൊണ്ടോട്ടി അരൂരിലെ ചുവന്ന കുന്നിലാണു മൗലവിയെ കുഴിച്ചു മൂടിയതെന്ന നിഗമനത്തിൽ സിബിഐ കുന്നു തന്നെ ഇടിച്ചു നിരത്തി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പരസ്പരം ബന്ധമില്ലാത്ത അഞ്ചു ക്രിമിനൽ സംഘങ്ങൾ ചേർന്നാണു മൗലവിയെ ഇല്ലാതാക്കിയതെന്നാണു സിബിഐ വാദം. വീട്ടിൽ നിന്നു വിളിച്ചിറക്കിയതും തട്ടിക്കൊണ്ടു പോയതും കൊലപ്പെടുത്തിയതും മൃതദേഹം കടത്തിയതും മറവു ചെയ്തതും വ്യത്യസ്ത സംഘങ്ങൾ. ഇതാണു കേസിന്റെ കുരുക്കഴിക്കാൻ അന്വേഷണ സംഘങ്ങൾക്കു ബുദ്ധിമുട്ടായത്. വിചാരണക്കോടതി ശിക്ഷിച്ച പല പ്രതികളെയും ഹൈക്കോടതി വിട്ടയച്ചു.   

മുംബൈയിൽ 2012 ഏപ്രിൽ 24–നാണു ഷീന ബോറ കൊല്ലപ്പെട്ടത്. സ്റ്റാർ ടിവിയുടെ മുൻ സിഇഒ പീറ്റർ മുഖർജിയുടെ ഭാര്യയായ ഇന്ദ്രാണി തന്റെ ആദ്യ ജീവിത പങ്കാളിയായ സിദ്ധാർഥ് ദാസിലുള്ള മകളായ ഷീന ബോറ (24)യെ രണ്ടാം ഭർത്താവ് സഞ്ജീവ് ഖന്നയുടെയും ഡ്രൈവർ ശ്യാംറായിയുടെയും സഹായത്തോടെ കൊലപ്പെടുത്തി, വനപ്രദേശത്തു കത്തിച്ച ശേഷം മറവു ചെയ്തെന്നാണു കേസ്. ഈ കേസിൽ അന്വേഷണ സംഘത്തിനു കുറച്ചു ഭൗതികാവശിഷ്ടങ്ങൾ ലഭിച്ചു. 

മുംബൈ കലീനയിലെ ഫൊറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ റായ്ഗഡിൽ നിന്നു ലഭിച്ച തലയോട്ടിയും അസ്ഥികളും ഷീനയുടെതാണെന്നു തെളിഞ്ഞിരുന്നു. ഇന്ദ്രാണിയുടെ രക്ത സാമ്പിൾ ഡിഎൻഎ ഷീനയുടെ അസ്ഥിയിലെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടു. റായ്ഗഡിലെ വനപ്രദേശത്താണു ഷീനയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കാണാതായ ഒരാളുടെ മരണം സംബന്ധിച്ചു കേസിൽ തർക്കം വന്നാൽ അന്വേഷണം കുറ്റമറ്റതാക്കാൻ ഇന്ത്യൻ തെളിവു നിയമം മുന്നോട്ടു വയ്ക്കുന്ന രണ്ടു വ്യവസ്ഥകളുണ്ട്. 

∙ കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒരാളെ ആരെങ്കിലും ജീവനോടെ കണ്ടിട്ടുണ്ടെങ്കിൽ അയാൾ മരിച്ചതായി കോടതിയിൽ തെളിയിക്കേണ്ട ബാധ്യത ഇക്കാര്യം ഉന്നയിക്കുന്നവർക്കാണ്. അവർക്ക് അതിനു കഴിഞ്ഞില്ലെങ്കിൽ അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതായി അനുമാനിക്കും.  

∙ ഇനി, കഴിഞ്ഞ ഏഴു വർഷമായി ഒരാളെ കാണ്മാനില്ലെന്നു വയ്ക്കുക. അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതായി കോടതി കണക്കാക്കണമെങ്കിൽ അയാ‍ൾ‌ ജീവിച്ചിരിക്കുന്നതായി വാദിക്കുന്നവർക്കാണ് അതു തെളിയിക്കേണ്ട ബാധ്യത. അല്ലാത്ത പക്ഷം അയാൾ മരിച്ചതായി അനുമാനിക്കും.

എന്തായാലും കൊലക്കേസിലെ ഏറ്റവും സുപ്രധാന തെളിവു മൃതദേഹം തന്നെയാണ്. രണ്ടാമത്തെ തെളിവ് ആയുധവും. ഇതു രണ്ടും കണ്ടെത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥൻ കൊലയാളിയിലേക്ക് ഓടി എത്തും.