Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുകുമാരക്കുറുപ്പിനെ പിടിക്കാൻ എത്തിയ ‘പോൾ സാർ’

ജിജോ ജോൺ പുത്തേഴത്ത്
Interpol-New-president-Kim-Jong-Yang കിം ജോങ് യാങ്

ആരാണീ പോൾ സാർ?  സുകുമാരക്കുറുപ്പിന്റെ കാലത്താണ് അന്വേഷണ ഉദ്യോഗസ്ഥനായി ഏതോ ഒരു ‘പോൾ’ ഇറങ്ങിയ വിവരം നാട്ടിൽപുറത്തെ ചായക്കടകളിൽ ചർച്ചയായത്. സേതുരാമയ്യരൊന്നും അന്നു മലയാള സിനിമയിൽ കുറ്റാന്വേഷണം തുടങ്ങിയിരുന്നില്ല, അതാണാ കാലം. പോൾ... ആരാണാ ജഗജില്ലി? ഇന്റർ‘പോൾ’ എന്ന സകലമാന പൊലീസിനെ കേരളത്തിൽ ഇങ്ങനെ ചർച്ചയാക്കിയതു ഫിലിം കമ്പനി റപ്രസന്റേറ്റീവായിരുന്ന ചാക്കോയെ വധിച്ച കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പിന്റെ തിരോധാനമാണ്. കേരളത്തിലെ ഒരു കൊലക്കേസ് പ്രതി കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്കു കടന്നതായുള്ള വാർത്തകൾക്ക് അന്ന് അങ്ങേയറ്റം പുതുമയുണ്ടായിരുന്നു. 

വിദേശത്തേക്കു കടക്കുന്ന പ്രതികളെ പിടികൂടാൻ അന്നും ഇന്നും നമുക്കുള്ളതു രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോൾ മാത്രം. 

ഇന്ത്യയടക്കം 194 അംഗരാജ്യങ്ങളുള്ള അതിവിപുലമായ രാജ്യാന്തര പൊലീസ് വല. അതിൽ കുടുങ്ങിയാണു പല പ്രതികളും നാട്ടിലേക്കു തിരിച്ചെത്തുന്നത്. 

വിചാരണയും ശിക്ഷയും ഒഴിവാക്കാൻ കുറ്റവാളികൾ രാജ്യം വിട്ടുപോവുന്ന പ്രവണത വർധിച്ചതോടെയാണു ലോകരാജ്യങ്ങളുടെ പൊലീസ് കൂട്ടായ്മയെന്ന ആശയം 1914ൽ രൂപം കൊണ്ടത്. 1949ലാണ് ഇന്ത്യ അതിൽ അംഗമാവുന്നത്. കുറ്റവാളികളെ കണ്ടെത്താൻ ലോകം മുഴുവൻ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു വിവരം ശേഖരിച്ചു കൈമാറുന്ന സേവനദാതാവാണ് ഇന്റർപോൾ. ഫ്രാൻസാണ് ഇപ്പോൾ ആസ്ഥാനം. 

ഇതിനായി 7 തരം തിരച്ചിൽ നോട്ടിസുകൾ പുറപ്പെടുവിക്കാറുണ്ട്. ചുവപ്പ്, മഞ്ഞ, നീല, കറുപ്പ്, പച്ച, ഓറഞ്ഞ്, പർപ്പിൾ... ഇങ്ങനെ നിറങ്ങൾ നൽകിയാണ് അവയെ വേർതിരിക്കുന്നത്.  

എന്താണ് ഇന്റർപോളിന്റെ ‘റെഡ് കോർണർ’ നോട്ടിസ്? പിടികിട്ടാപ്പുള്ളികളായ കൊടും കുറ്റവാളികളെ കണ്ടെത്താനുള്ള തിരച്ചിൽ നോട്ടിസാണത്. ഇന്ത്യാക്കാരായ 160 പിടികിട്ടാപ്പുള്ളികളുടെ വിവരങ്ങൾ നിലവിൽ റെഡ് കോർണർ നോട്ടിസിലുണ്ട്. 

∙ യെലോ നോട്ടിസ്: കുഞ്ഞുങ്ങൾ അടക്കം കാണാതാവുന്നവരെ കണ്ടെത്താനുള്ള മാർഗമാണിത്. 71 ഇന്ത്യക്കാർ ഈ പട്ടികയിലുണ്ട്.  

ഈ രണ്ടു നോട്ടിസുകളും പൊതുജനങ്ങളുടെ അറിവിലേക്കു പ്രസിദ്ധപ്പെടുത്തും. മറ്റു നോട്ടിസുകളുടെ സ്വഭാവം കുറെക്കൂടെ ഔദ്യോഗികമാണ്. രാജ്യാന്തര അന്വേഷണ സംഘങ്ങൾ തമ്മിലാണ് ഇവയുടെ കൈമാറ്റം. ഇന്ത്യയിൽ ഇന്റർപോളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ദേശീയ ഏജൻസി സിബിഐയാണ്. കേരളത്തിൽ സംസ്ഥാന പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണു നോഡൽ ഏജൻസി. 

∙ ബ്ലൂ നോട്ടിസ്: കുറ്റകൃത്യത്തിൽ അകപ്പെട്ട ഒരാൾ അറസ്റ്റിലാണെങ്കിലും അയാളുടെ കൂടുതൽ വിവരങ്ങൾ പൊതുജനങ്ങളിൽ നിന്നു ശേഖരിക്കുന്നതിനാണ് ഇത്തരം നോട്ടിസ് പുറപ്പെടുവിക്കുന്നത്. 

∙ ബ്ലാക്ക് നോട്ടിസ്: അജ്ഞാത മൃതദേഹങ്ങളെ തിരിച്ചറിയാനും മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. 

∙ ഗ്രീൻ നോട്ടിസ്: ഒരുരാജ്യത്തു കൊടുംപാതകം ചെയ്ത ഒരാൾ ഇതേ കുറ്റകൃത്യം മറ്റു രാജ്യങ്ങളിലും ആവർത്തിക്കാൻ സാധ്യതയുള്ള സന്ദർഭങ്ങളിൽ  കുറ്റവാളിയെക്കുറിച്ചു ജനങ്ങൾക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നൽകുന്ന മുന്നറിയിപ്പാണിത്. 

∙ ഓറഞ്ച് നോട്ടിസ്: പൊതുജനങ്ങൾക്കു ഭീഷണിയാവാൻ സാധ്യതയുള്ള ഒരു പരിപാടി, വ്യക്തി, വസ്തു, പ്രവർത്തി എന്നിവ സംബന്ധിച്ചു നൽകുന്ന മുന്നറിയിപ്പാണിത്. 

∙ പർപ്പിൾ നോട്ടിസ്: കുറ്റവാളികൾ പ്രയോഗിക്കുന്ന രീതികൾ, ആയുധങ്ങൾ, വസ്തുക്കൾ, കുറ്റം ഒളിപ്പിക്കുന്ന മാർഗങ്ങൾ എന്നിവ സംബന്ധിച്ചു വിവരം നൽകുന്നതിനും ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതിനും പുറപ്പെടുവിക്കുന്ന നോട്ടിസ്. 

∙ ഇതിനെല്ലാം പുറമെ, ഒരു നോട്ടിസുള്ളത് യുഎൻ സുരക്ഷാ സമിതിയുടേതാണ്. സുരക്ഷാകാരണങ്ങളാൽ യുഎന്റെ നോട്ടത്തിൽ കിടക്കുന്ന പ്രദേശങ്ങളെക്കുറിച്ചുള്ളതാണിത്. 

സംഗതി, ഇന്റർപോൾ വലിയ ഉപകാരിയൊക്കെയാണ്, പക്ഷേ അങ്ങേയറ്റം കിടയറ്റ സംവിധാനമാണെന്ന തെറ്റിദ്ധാരണയും വേണ്ട. 

അത്യാവശ്യം കുഴപ്പങ്ങൾ അവിടെയുമുണ്ട്. ഇന്റർപോൾ മേധാവി മെങ് ഹോങ്‌വെയിയെ (64) ചൈന പിടിച്ചു ജയിലിലടച്ചിട്ടു രണ്ടു മാസം പോലും തികഞ്ഞിട്ടില്ല. അഴിമതിയാരോപണം തന്നെ കാരണം. ചൈനയുടെ സുരക്ഷാ സഹമന്ത്രി കൂടിയായിരുന്നു അദ്ദേഹം.   

പകരക്കാരനായി ദക്ഷിണ കൊറിയൻ സ്വദേശി കിം ജോങ് യാങ്ങിനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്. റഷ്യ വളരെ ആഗ്രഹിച്ച സ്ഥാനമായിരുന്നു അത്. ഇന്റർപോളിൽ കിം ജോങ് യാങ്ങിനൊപ്പം സേവന പരിചയമുള്ള അലക്സാണ്ടർ പ്രൊകോപ്ചക്കായിരുന്നു റഷ്യയുടെ സ്ഥാനാർഥി. പക്ഷേ, 40 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കിം വിജയിച്ചു. ഒരുകാര്യം കൂടി. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനല്ലാതെ ആരെയും നേരിട്ട് അറസ്റ്റ് ചെയ്യാനുള്ള അധികാരം ഇന്റർപോളിനില്ല. അതാതു രാജ്യത്തെ പൊലീസ് സേന അതു ചെയ്യണം.